ആഫ്രിക്കൻ ചീറ്റ പുലിയെ ഇന്ത്യയിലെത്തിക്കാൻ സുപ്രീം കോടതി അനുമതി




ന്യൂഡൽഹി:  ഇന്ത്യയില്‍ വംശനാശം സംഭവിച്ച ആഫ്രിക്കന്‍ ചീറ്റ പുലിയെ രാജ്യത്തിലേക്ക് കൊണ്ട് വരാന്‍ സുപ്രീംകോടതി അനുമതി. ആഫ്രിക്കന്‍ ചീറ്റകളെ ഉടന്‍ തന്നെ ഇന്ത്യയിലെ വിവിധ സൈറ്റുകളില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആണ് ആഫ്രിക്കന്‍ ചെമ്ബുലിയെ കൊണ്ട് വരാന്‍ അനുമതി നല്‍കിയത്.


ദേശിയ കടുവ സംരക്ഷണ അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് കോടതിയുടെ ഉത്തരവ്. ആഫ്രിക്കന്‍ ചീറ്റ പുലിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പടുത്തി 2013 ല്‍ പുറപ്പെടുവിച്ച ഉത്തരവാണു സുപ്രീംകോടതി നീക്കിയത്.


വന്യ ജീവി വിദഗ്ദ്ധര്‍ ആയ രഞ്ജിത്ത് സിംഗ്, ധനജയ് മോഹന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഉള്ള സമിതി ആണ് ചീറ്റ പുലിയെ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത്. തെരെഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ആകണം ആഫ്രിക്കന്‍ ചീറ്റ പുലിയെ ആദ്യം പാര്‍പ്പിക്കേണ്ടത്. ഈ പ്രദേശങ്ങള്‍ പുലിക്ക് അനുയോജ്യമല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് അവയെ മാറ്റണം. അതിന് വിദഗ്ദ്ധ സമിതി മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


"അനുയോജ്യമായ സ്ഥലത്ത്" ചീറ്റയെ മോചിപ്പിക്കുക. ചീറ്റകളെ വിടേണ്ട സൈറ്റുകള്‍ തിരിച്ചറിയുന്നത് മുതല്‍ അതിനെ മോചിപ്പിക്കുന്നത് വരെയുള്ള പ്രക്രിയ സമിതി നിരീക്ഷിക്കും. ഓരോ നാല് മാസത്തിലും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


അപൂര്‍വമായ ഇന്ത്യന്‍ ചീറ്റ രാജ്യത്ത് ഏറെക്കുറെ വംശനാശം സംഭവിച്ചതായി ചൂണ്ടിക്കാട്ടി നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍‌ടി‌സി‌എ) നമീബിയയില്‍ നിന്ന് ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് അനുമതി തേടി അപേക്ഷ നൽകിയിരുന്നത്. ശരിയായ പഠനം നടത്തിയിട്ടില്ലെന്ന് പറഞ്ഞ് ആഫ്രിക്കന്‍ ചീറ്റയെ കൊണ്ടു വരാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. 


ശരിയായ പഠനത്തിന് ശേഷം മാത്രമേ മൃഗത്തെ കൊണ്ടുവരുകയുള്ളു എന്ന് മന്ത്രാലയം പുതിയ ഹർജിയിൽ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാൽ, ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കുന്നതിനായി ആഫ്രിക്കന്‍ ചീറ്റകളെ ഇറക്കുമതി ചെയ്യുന്നത് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ പുനഃപ്രവേശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യയിലെ ദേശീയ വന്യജീവി ബോര്‍ഡില്‍ നിന്ന് അനുമതി തേടിയിട്ടില്ലെന്നും ചില പരിസ്ഥിതി സംരക്ഷകര്‍ വാദിച്ചതിനെ തുടര്‍ന്ന് നേരത്തെ സുപ്രീം കോടതി ഈ പദ്ധതി നിരസിച്ചിരുന്നു. ആഫ്രിക്കന്‍ ചീറ്റകളും ഏഷ്യന്‍ ചീറ്റകളും ജനിതകമായും മറ്റ് തരത്തിലും തികച്ചും വ്യത്യസ്തമാണെന്ന് വാദിക്കാന്‍ ചില വിദഗ്ധര്‍ ശാസ്ത്രീയ പഠനങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തു. 


അതേസമയം, ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുമോയെന്നറിയാന്‍ ആഫ്രിക്കന്‍ ചീറ്റകളെ ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന ഉറപ്പിന്മേലാണ് ഇപ്പോൾ ആഫ്രിക്കൻ ചീറ്റ പുലിയെ ഇന്ത്യയിലെത്തിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment