നമ്മൾ പുറത്ത് ചെയ്യുന്ന അത്ര അപകടകരമായ കാര്യങ്ങളുടെ പ്രതിഫലനമാണ് വനത്തിനുള്ളിൽ കണ്ടത്




പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. കേരള പുനർനിർമ്മാണം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനം നമ്മുടെ ജനപ്രതിനിധികളുടെ പാരിസ്ഥിതിക സാക്ഷരതയുടെ ദയനീയ സ്ഥിതി വെളിവാക്കുന്നതിനും കേരളം സാക്ഷിയായി. പരിസ്ഥിതിയെയും തദ്ദേശ ജനസമൂഹങ്ങളെയും കൂടി പരിഗണിച്ചുള്ള പുനർനിർമ്മാണമാണ് കേരളത്തിന്റെ മുന്നിലുള്ള മാർഗമെന്ന് പരിസ്ഥിതിയെ കുറിച്ചും മനുഷ്യ നിലനിൽപ്പിനെ കുറിച്ചും ചിന്തിക്കുന്ന മുഴുവൻ മനുഷ്യരും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഈ ഘട്ടത്തിൽ കേരളത്തിന്റെ പുനർനിർമ്മാണത്തെ കുറിച്ചും, വനത്തിനുള്ളിൽ ഉരുൾ പൊട്ടുന്നില്ലേ  എന്ന് തുടങ്ങുന്ന ചോദ്യങ്ങളെക്കുറിച്ചും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്ടിട്യൂട്ടിലെ ഗവേഷകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ.ടി.വി സജീവ് ഗ്രീൻ റിപ്പോർട്ടറോട് സംസാരിക്കുന്നു. 

 

കേരളം ഒരു മഹാപ്രളയത്തിന് ശേഷം പുനർനിർമ്മാണത്തിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തിൽ കേരളത്തിന്റെ വർത്തമാനത്തിലേക്ക് കടന്നു വന്നിട്ടുള്ള പ്രധാനപ്പെട്ട ചില ചോദ്യങ്ങളുണ്ട്. അതിലൊരു ചോദ്യം, പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കാത്ത വനത്തിനകത്ത്  ഉരുൾ പൊട്ടലുകൾ ഉണ്ടായത് എങ്ങനെയാണ്, അത് ഉണ്ടായത് നമ്മുടെ ഇടപെടലുകൾ കൊണ്ടല്ലല്ലോ എന്നാണ് . ഉത്തരം വളരെ ലളിതമാണ്. കാട്ടിനകത്ത് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പോലും നാട്ടിൽ നാം  പ്രശ്നങ്ങളുടെ പരിണിത ഫലമാണ്. ഉദാഹരണത്തിന് കാട്ടിൽ നിന്ന് ഒരു പാറമട പ്രവർത്തിക്കുന്നതിനുള്ള ദൂരം നമ്മൾ പടിപടിയായി കുറച്ച്  കൊണ്ട് വന്ന് അൻപത് മീറ്റർ അടുത്തുവരെ ക്വാറികൾ ആവാം എന്ന നിലപാട് സ്വീകരിച്ച് കഴിഞ്ഞു. അതിന്റെ അർത്ഥം അവിടെ ഉണ്ടാകുന്ന ഓരോ സ്ഫോടനത്തിന്റെയും ആഘാതം ആ വനഭൂമിയിലേക്ക് മുഴുവൻ വ്യാപിക്കും എന്നുള്ളതാണ്. അങ്ങനെ നിരന്തരമായ സ്ഫോടനങ്ങളിലൂടെ അനങ്ങി അനങ്ങി ഇരിക്കുന്ന മലനിരകളിൽ വലിയ തോതിൽ മഴ പെയ്യുമ്പോൾ മണ്ണ് കുതിർന്ന് ഭാരം കൂടി അത് ഒഴുകി പോകുന്ന സ്ഥിതിയാണ് നമ്മൾ കണ്ടത്. അത് കൊണ്ട് നമ്മൾ കടന്നു ചെല്ലാത്ത കാട്ടിൽ പോലും പ്രശ്നങ്ങൾ ഉണ്ടായി എന്ന് പറയുന്നത് ഒരു ന്യായമല്ല, മറിച്ച് നാട്ടിൽ നമ്മൾ പുറത്ത് ചെയ്യുന്ന അത്ര അപകടകരമായ കാര്യങ്ങളുടെ പ്രതിഫലനമാണ് വനത്തിനുള്ളിൽ കണ്ടത്. 

 

മറ്റൊന്ന്, പുനർനിർമ്മാണത്തെ കുറിച്ച് ആലോചിക്കുന്ന സമയത്ത് പ്രധാനമായും നമ്മൾ മുന്നിൽ കാണേണ്ട ചില മനുഷ്യരുണ്ട്. ആ മനുഷ്യരെ കുറിച്ചൊന്നും തന്നെ ഇന്ന് നടക്കുന്ന ചർച്ചകൾ കാണാൻ കഴിയുന്നില്ല. അത് മനസ്സിലാക്കണമെങ്കിൽ തിരിച്ചറിയേണ്ടത് കേരളത്തിൽ രണ്ടു തരം മനുഷ്യർ ജീവിക്കുന്നു എന്നാണ്. ഒന്ന് എന്നെപ്പോലെയും നിങ്ങളെപ്പോലെയും ഉള്ള കേരളത്തിൽ എവിടെ വേണമെങ്കിലും ജീവിക്കാവുന്ന മനുഷ്യരാണ്. എന്റെ വീട് ഒരു സ്ഥലത്താണ്, ജോലി മറ്റൊരു സ്ഥലത്താണ്, അങ്ങോട്ട് മാറി താമസിക്കുന്ന സമയത്ത് എന്റെ ബാഗും, വസ്ത്രങ്ങളും, പേഴ്‌സും, എ.ടി.എം കാർഡും എടുത്താൽ എനിക്ക് എവിടെ വേണമെങ്കിലും താമസിക്കാം, ഒരു വ്യത്യാസവും അതുണ്ടാക്കുന്നില്ല, അതേ സമയം, ജീവിക്കുന്ന സ്ഥലത്ത് നിന്ന് മാറിത്താമസിച്ചാൽ തകർന്ന് പോകുന്ന മനുഷ്യരുണ്ട് കേരളത്തിൽ. അവർക്ക് ചുറ്റുമുള്ള പ്രകൃതിയുമായി അത്രമാത്രം ഇണങ്ങി ജീവിക്കുന്നതിനാൽ, അവിടുന്ന് അവരെ അടർത്തി മാറ്റുന്നത് നിലനിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അവരെ മാറ്റിത്തീർക്കും. ഏറ്റവും നല്ല ഉദാഹരണം, നമ്മുടെ കാടുകളിൽ ജീവിക്കുന്ന ആദിമനിവാസികളാണ്, തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളാണ്, അവർക്ക് അവിടെ മാത്രമേ ജീവിക്കാൻ സാധിക്കൂ. അത്തരം മനുഷ്യരുടെ അവസ്ഥ അതിദാരുണമായി തുടരുകയാണ്, അവരെ സംബന്ധിക്കുന്ന വാർത്തകൾ പോലും വരുന്നില്ല. അത് കൂടി കണക്കിലെടുത്ത്, അവരുടെ അറിവിനെ, അവരുടെ ചിന്തയെ, അവരുടെ താൽപ്പര്യങ്ങളെ, അവരുടെ പ്രതീക്ഷകളെ കൂടി പരിഗണിച്ച് കൊണ്ട് പുനർനിർമ്മാണം തുടങ്ങാൻ കേരളം ശ്രദ്ധിക്കേണ്ടതുണ്ട്. 

 

പുഴയോരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല എന്ന് പറയുമ്പോൾ, ഇപ്പോൾ തന്നെ അവിടങ്ങളിൽ ധാരാളം പേർ താമസിക്കുന്നുണ്ട്. അത് പോലെ ഇടുക്കിയിൽ നിയന്ത്രണങ്ങൾ വേണമെന്ന് പറയുമ്പോൾ, അവിടുള്ള മനുഷ്യരെ മുഴുവൻ കുടിയൊഴിപ്പിക്കുമോ  എന്നാണ് നിയമസഭയിൽ മുൻമന്ത്രി കെ.എം മാണി ചോദിച്ചത്. എങ്ങനെയാണ് ശാസ്ത്രീയമായി പുനർനിർമാണവും പുനരധിവാസവും ചെയ്യാൻ സാധിക്കുക? 

 

ധാരാളം മാതൃകകൾ നമ്മുടെ ചുറ്റുമുണ്ട്. നമ്മുടെ തൊട്ട് അയൽരാജ്യമാണ് മാലിദ്വീപ്. മാലിദ്വീപിൽ, സമുദ്രനിരപ്പിൽ നിന്നുള്ള ഏറ്റവും കൂടിയ ഉയരം നാല് മീറ്ററാണ്. കേരളത്തിൽ സഹ്യപർവ്വത നിരകൾ  2000 മീറ്ററിന് മുകളിലാണ് ഉയർന്നു നില്കുന്നത്. നാല് മീറ്ററിനേക്കാൾ ഉയരമുള്ള ഒരു തിരമാലയടിച്ചാൽ, മുഴുവൻ കരയും മുങ്ങും. അവിടെ മനുഷ്യർ ജീവിക്കുന്നുണ്ട്. അവിടെ ജീവിക്കുന്നവർ അവിടെ ജീവിക്കാവുന്ന രീതിയിലാണ് ജീവിക്കുന്നത്. മറ്റൊരു അയൽരാജ്യമാണ് നേപ്പാൾ, ഉയർന്നു കൊണ്ടിരിക്കുന്ന ഹിമാലയത്തിന്റെ ഭാഗമാണ്. ഇങ്ങനെ ഉയരുന്ന സമയത്ത് വലിയ പ്രകമ്പനങ്ങളാണ് ഉണ്ടാകുന്നത്. അവിടെയും മനുഷ്യർ ജീവിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ ആസാം, എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലമാണ്, കേരളത്തിലേക്ക് വന്നാൽ കുട്ടനാട്ടിൽ എത്രയോ നാളുകളായി മനുഷ്യർ താമസിക്കുന്നുണ്ട്. എല്ലാ കൊല്ലവും വെള്ളം പൊങ്ങുകയും ആളുകൾ മാറിത്താമസിക്കുകയും ചെയ്യുന്ന ശീലങ്ങൾ ഉണ്ട്. 

 

പ്രശ്നം എവിടെയാണെന്ന് വെച്ചാൽ, അതാത് സ്ഥലത്തിന്റെ രീതികൾ അനുസരിച്ച്, അവിടുത്തെ പ്രത്യേകതകൾ അനുസരിച്ച് ജീവിക്കാൻ അറിയുന്ന ഒരു സമൂഹത്തിന്റെ ചിന്തയെ, അവരുടെ അനുഭവങ്ങളെ, അവരുടെ പെരുമാറ്റരീതികളെ, അവരുടെ തൊഴിൽ അനുഭവങ്ങളെ, ഇതൊന്നും തന്നെ സ്വാംശീകരിക്കാൻ കേരളത്തിന്റെ വികസനമാതൃകയ്ക്ക് സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ നമ്മൾ ചിന്തിക്കുന്നത്, ഒരു മധ്യവർഗ്ഗ മനുഷ്യന്റെ സ്വപ്നങ്ങളാണ് എല്ലാവരുടെയും സ്വപ്‌നങ്ങൾ എന്ന നിലക്കാണ്. കേരളത്തിൽ ഉണ്ടാക്കേണ്ട വീടുകളെ കുറിച്ച് ആലോചിക്കുമ്പോൾ, ഈ അടുത്ത നടന്ന ചർച്ചകളിൽ സിമന്റാണോ വേണ്ടത്? സ്റ്റീൽ ആണോ വേണ്ടത് തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. കേരളം വളരെ വൈവിധ്യമുള്ള സ്ഥലമാണ്. ഓരോ സ്ഥലത്തും താമസിക്കുന്ന ആൾക്കാർക്ക് വളരെ വ്യത്യസ്തമായ താല്പര്യങ്ങളാണ് ഉള്ളത്. ആ വൈവിധ്യത്തെ അഡ്രസ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഗൃഹനിർമ്മാണ രീതികളാണ് വേണ്ടത്. അല്ലാതെ ഒരു പ്രദേശത്ത് ഉള്ള മുഴുവൻ ആളുകളും ഒഴിഞ്ഞു പോകുക എന്നല്ല. ആ സ്ഥലത്ത് ഉണ്ടാകാനിടയുള്ള അപകടങ്ങൾ മനസിലാക്കി ഒരു ആർക്കിടെക്ച്ചറൽ ഇടപെടൽ ഉണ്ടാകണം. ശാസ്ത്രം തദ്ദേശീയമായ അറിവുകളുമായി കൈകോർത്ത് കൊണ്ട് , ഏറ്റവും നല്ല മോഡലുകൾ, അതാത് പ്രദേശത്തേക്ക് വേണ്ടി തന്നെ, വളരെ വികേന്ദ്രീകൃതമായി, പറ്റുമെങ്കിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ തന്നെ അതിനെക്കുറിച്ചുള്ള ആലോചനകളും ചിന്തകളും ഉണ്ടായി വരേണ്ടതായിട്ടുണ്ട്. 

 

ഡാമുകൾ ഡീകമ്മീഷൻ ചെയ്യുന്നതിനെ കുറിച്ചും ഡാമുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ചർച്ചകൾ ഉണ്ടാകുന്നു. ഡാമുകൾ മുഴുവൻ പൊളിച്ച് കളയണമെന്നാണ് പരിസ്ഥിതിവാദികൾ പറയുന്നത് എന്ന രീതിയിലാണ് പി.സി ജോർജ്ജിനെ പോലുള്ള ആളുകൾ പറയുന്നത് ?

 

ഈ കഴിഞ്ഞ ആഴ്ച നമ്മുടെ തൊട്ട് അയൽരാജ്യമായ മ്യാന്മറിൽ ഒരു ഡാം തകർന്നു. വെള്ളം പാഞ്ഞൊഴുകി, 85 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ആ ഡാമിനെ കുറിച്ച് സർക്കാർ പറഞ്ഞിരുന്നത് ആ ഡാം സേഫ് ആണെന്നാണ്. ഈ അപകടത്തിന് ശേഷവും, അവർ പറയുന്നത് ഇത് ചെറിയൊരു തകരാറാണ്, വളരെ പെട്ടെന്ന് ശരിയാക്കാൻ സാധിക്കും എന്നാണ്. നമ്മൾ മനസിലാക്കേണ്ടത് ഭൂമിയിൽ എല്ലായിടത്തും മനുഷ്യന്റെ വില ഒരു പോലെയല്ല. ചിലയിടത്ത് ഒരുപാട് പേര് മരിച്ചാൽ പോലും അതൊരു വാർത്ത ആവാറില്ല, അതേ സമയം മറ്റു ചിലയിടങ്ങളിൽ ഒരാളുടെ മരണം വലിയ വാർത്തയാണ്. അത് കൊണ്ടാണ് ഇത്ര വലിയ ഊരും പ്രളയത്തിന് ശേഷവും ഇതൊരു ചെറിയ പ്രശ്നമാണെന്ന് മ്യാന്മാർ സർക്കാർ പറയുന്നത്. അതേ സമയം അമേരിക്കയിലോ, യൂറോപ്പിലോ അങ്ങനെയല്ല കാര്യങ്ങൾ. അവർ ചെയ്യുന്നത്, ഡാമിന്റെ ആരോഗ്യം കൃത്യമായി വിലയിരുത്തുകയും, അതിനെ ഡീക്കമ്മീഷൻ ചെയ്യുകയും ചെയ്യുന്ന ഒരു പ്രോസസ്സ് തുടങ്ങിക്കഴിഞ്ഞു. അമേരിക്ക വലിയ തോതിൽ അത് ഏറ്റെടുത്ത് കഴിഞ്ഞു. പല ഡാമുകളും ഇന്ന് നിലവിലില്ല. പുഴ ഒഴുകണം എന്ന നിലപാടിലേക്ക് അവർ മാറിക്കഴിഞ്ഞു. ഡീ കമ്മീഷനിങ് എന്ന് പറഞ്ഞാൽ ഒറ്റയടിക്ക് പോയി ഡാമുകൾ പൊട്ടിച്ച് കളയുക എന്നതല്ല. അത് ഒരു ദീർഘകാലത്തേക്ക് നിലനിൽക്കുന്ന പ്രോസസാണ്, പടിപടിയായി ചെയ്യുന്നതാണ്. ഒരു ഡീ കമീഷനിങ് പ്രോസസ് 20 - 25 വർഷം കൊണ്ടാണ് പൂർത്തിയാവുന്നത്.  അങ്ങനെ ഒരു ഡീ കമ്മീഷനിങ് പ്രോസസ് തുടങ്ങുമ്പോൾ, ഉള്ള ഒരു കാര്യം ആ ഡാമിനെ ഇനി പേടിക്കണ്ട എന്ന ആശ്വാസം ആ ജനതയ്ക്ക് കിട്ടുന്നു എന്നുള്ളതാണ്. അതിന് സമാന്തരമായി മറ്റു വഴികൾ അന്വേഷിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു പ്രോസസാണ് ഡീ കമ്മീഷനിംഗ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment