പുഴകളെയും പൂക്കളെയും അന്വേഷിച്ച് കൊടുമുടികളിലേക്കൊരു യാത്ര
ഹിമകിരീടം ചൂടിയ നൂറുകണക്കിന് പർവ്വതങ്ങളുടെ കടലാണ് ഉത്തർഖണ്ഡ്. അവിടേക്കെത്തുന്ന ഓരോ യാത്രികനൊപ്പവും വന്യമായ ശബ്ദത്തിൽ ഇരമ്പിപായുന്ന ഏതെങ്കിലും ഒരു പുഴ ആദ്യാവസാനം കൂടെതന്നെ പിരിയാതെ ഉണ്ടാകും എന്നതാണ് ഒരു പ്രത്യേകത. പർവ്വതങ്ങളുടെയും ഹിമാവരണത്താൽ സുന്ദരമായ കൊടുമുടികളുടെയും നിബിഢതയാൽ സമ്പന്നമായ ഉത്തർഖണ്ഡിനെ മുഴുവനായി കാണാൻ ഏതു യാത്രികനുമാവില്ല ഒരു ബഹിരാകാശ സഞ്ചാരിക്കല്ലാതെ. അതിനാൽ ഞങ്ങളുടെ ലക്ഷ്യം രണ്ടേ രണ്ടിടങ്ങളായിരുന്നു. ഉത്തർകാശിയിലെ ഗോമുഖ് എന്ന ഗംഗയുടെ പ്രധാന ഉറവിടവും ചമോലി ജില്ലയിലെ നന്ദാദേവി കൊടുമുടികളുടെ ഭാഗമായ പൂക്കളുടെ താഴ്വരയും മാത്രം.


ട്രെയിനിറങ്ങിയത് ഹരിദ്വാറിൽ. മുകുന്ദനിലൂടെ ഓരോ മലയാളിയുടെയും മനസിൽ പതിഞ്ഞ അതേ ഉത്തരേന്ത്യൻ സ്ഥലനാമം. നോവൽ വരച്ചിട്ട ഗല്ലികൾ ലഹരി ഗംഗ ആരാധന എല്ലാമുണ്ടവിടെ അതേപോലെ ഒരു മാറ്റവുമില്ലാതെതന്നെ. യാത്രയുടെ തുടക്കം അവിടെ നിന്നാണ്.


എല്ലാ യാത്രകളും വലിയ അനുഭവങ്ങളാണ് മനുഷ്യർക്ക് സമ്മാനിക്കാറുള്ളത്. തത്വചിന്ത, മതം, കൊളോണിയലിസം, സാഹിത്യം, കാഴ്ച, വിനോദം, രുചി, യുദ്ധം, പ്രണയം, കച്ചവടം അങ്ങനെയെന്തെല്ലാം മനുഷ്യർ തന്റെ യാത്രയിലൂടെ ഈ ഭൗമോപരിതലത്തിൽ വ്യാപിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തിരിക്കുന്നു.


പക്ഷെ, ഞങ്ങൾ യാത്ര തുടങ്ങിയത് പുഴയെയും പൂക്കളെയും അന്വേഷിച്ചു തന്നെയായിരുന്നു. തീവണ്ടിയിലിരുന്ന് സഹ്യപർവ്വതത്തിന്റെ അരക്കെട്ടിലൂടെ കുന്നുകളും താഴ്‌വരകളും കൃഷിയിടങ്ങളും അരുവികളും താണ്ടി മുംബൈ മഹാനഗരത്തെ തൊടാതെ രാജസ്ഥാനിലൂടെ ഡൽഹിയിലെത്തി വീണ്ടും  യാത്ര ചെയ്തത് ഞങ്ങൾ ഹരിദ്വാർ ഇറങ്ങുമ്പോൾ അവിടത്തെ പാതകളിലാകെ കാവട് ഉത്സവത്തിന്റെ അനിതരസാധാരണമായ മനുഷ്യസാന്നിധ്യമുണ്ടായിരുന്നു.


ഗംഗയോടൊപ്പം ഭക്തിയും പതഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞങ്ങൾ ടെഹ്രി റിസർവോയറിന്റെ വൃഷ്ടിപ്രദേശത്തുകൂടെയാണ് ഗംഗോത്രിയിലേക്ക് യാത്രയായത്. വഴി നീളെ മണ്ണിടിച്ചിലും തടസ്സങ്ങളും മണ്ണുമാന്തികളും പൊടിയും കുഴികളും നിറഞ്ഞ ദുരിതയാത്ര. അന്നുതന്നെ 300 കിലോമീറ്റർ ദൂരമുള്ള ഗംഗോത്രിയെത്താൻ സാധ്യമല്ലാത്തതിനാൽ ഉത്തർകാശിയിൽ തങ്ങി പിറ്റേദിവസം യാത്ര തുടർന്നു. ഗംഗോത്രിയെത്താൻ വീണ്ടും 100 കിലോമീറ്റർ യാത്ര ചെയ്യണം. ഗംഗോത്രിയെത്തുമ്പോൾ ഉച്ചക്ക് 12 മണിയായി. ഗോമുഖിലേക്കുള്ള പ്രവേശനം ഇനി നാളെയേ സാധ്യമാകൂ.


പിറ്റേ ദിവസം രാവിലെ 6 നു തന്നെ ഗോമുഖിലേക്ക് ഞങ്ങൾ നടന്നു തുടങ്ങി. കുതിച്ചും കോപിച്ചും പാറക്കെട്ടുകളിൽ തലതല്ലി പായുന്ന ഭഗീരഥിയുടെ ഓരത്തുകൂടെ ഗോമുഖ് ലക്ഷ്യമാക്കി നടക്കാൻ ഒട്ടേറെ ആളുകളുണ്ടായിരുന്നു. ബഹുഭൂരിപക്ഷവും ഗംഗയുടെ ഉറവിടത്തിൽ നിന്ന് തീർത്ഥജലം ശേഖരിക്കാനെത്തിയ ഹരിയാന, പഞ്ചാബ്, ഡൽഹി, യു പി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കാവട് വിശ്വാസികൾ. 18 കിലോമീറ്റർ നടന്നെങ്കിലേ ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കൂ. കാലൊന്ന് തെറ്റിയാൽ ഭഗീരഥിയിൽ വിലയിക്കാം. ഉച്ചക്ക് ഒരു മണിയോടെ ഗോമുഖിന് അടുത്തെത്തി. കല്ലും മണ്ണും കുമിഞ്ഞുകിടക്കുന്ന ഒരിടം. കലങ്ങി മറിഞ്ഞ് ചാരനിറത്തിലാണ് ഭഗീരഥി അവിടെയും ഒഴുകുന്നത്. ഇനിയും 3 കിലോമീറ്റർ നടന്നെങ്കിലേ ഗോമുഖ് മഞ്ഞുമലയുടെ കീഴിലെത്തു. പക്ഷെ അവിടേക്കു പ്രവേശനമില്ല. അതിനുമപ്പുറം ഇന്ത്യൻ അതിർത്തിയാണ് ടിബറ്റാണ്, ചൈനയാണ്.


തിരിച്ച് ഗംഗോത്രിയെത്തുമ്പോൾ രാത്രി 8 മണി. ക്ഷീണിച്ചവശരായിക്കഴിഞ്ഞു ഞങ്ങൾ. പിറ്റേന്ന് ലക്ഷ്യസ്ഥാനം പൂക്കളുടെ താഴ്വരയാണ്. ഗംഗോത്രിയിൽ നിന്നും ഏകദേശം 300 കിലോമീറ്ററകലെയാണത്. ഒരു പകൽ കൊണ്ട് ഓടിയെത്തില്ല. എല്ലാ വഴികളും ഏതു സമയവും ഇടിഞ്ഞു വീഴാം. അതിനാലാവണം മണ്ണുമാന്തികളെ തലങ്ങും വിലങ്ങുമായി എവിടെയും വിന്യസിച്ചിരിക്കുന്നത് കാണാം. അവ നിരന്തരം കുന്നുകളുടെ ഓരങ്ങളെ തുരന്നു കൊണ്ടേയിരിക്കുന്നു.പാതകളെ വികസിപ്പിക്കുന്നു. പുതിയ പാതകൾ നിർമ്മിക്കുന്നു. പതിനാലോളം ദേശീയ പാതകളാണ് ഉത്തർഖണ്ഡിന്റെ പർവ്വതങ്ങളെ മുറിപ്പെടുത്തി സഞ്ചാരങ്ങളുണ്ടാക്കുന്നത്. ഇത്തരം പാതകൾ അതീവ ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങളാണ് ദിനംപ്രതി സൃഷ്ടിക്കുന്നത്.


നമ്മുടെ സഹ്യപർവ്വതത്തെക്കാൾ വയസ്സിളപ്പമുള്ള ഹിമാലയത്തിന്റെ അടരുകൾക്കൊക്കെ ദുർബലമായ മേദസാണുള്ളത്. അതിനാൽ തന്നെ പൊട്ടിയും പൊടിഞ്ഞും സദാസമയവും ഹിമാലയൻ കുന്നുകൾ അതിന്റെ ബലഹീനത തെളിയിച്ചു കൊണ്ടേയിരിക്കും.
ശാസ്ത്രീയമായ യാതൊരു ബദൽ മാർഗ്ഗവും അന്വേഷിക്കാതെ ഇന്നും ഇത്രയും പാരിസ്ഥിതിക ദുർബല പ്രദേശമായ പർവ്വതങ്ങളുടെ താഴ് വരകളിലൂടെ പരമ്പരാഗത രീതിയിൽ റോഡ് നിർമ്മിക്കുന്നത് അതിഗുരുതരമായ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്താൻ മാത്രമേ സഹായിക്കൂ. മാത്രമല്ല നദിയിലേക്കിറക്കി പണിത എത്രയോ കെട്ടിടങ്ങൾ ഇന്നുമുണ്ട്.


2013 ൽ ഉത്തർഖണ്ഡിനെ തകർത്തു കളഞ്ഞ വെള്ളപ്പൊക്കത്തിന്റെ സ്മരണകൾ ഇന്നും പലയിടത്തും മാഞ്ഞു പോകാതെ അവശേഷിക്കുന്നുണ്ടെങ്കിലും അശാസ്ത്രീയ നിർമ്മാണങ്ങൾക്ക് ഒരു കുറവുമില്ല. ഞങ്ങൾ അവിടെ നിന്നും പോന്നശേഷം ഉണ്ടായ മലയിടിച്ചിലും വെള്ളപ്പൊക്കവും മരണവും ദുരന്തങ്ങളും ഒന്നും ഞങ്ങൾക്ക് കാണേണ്ടി വന്നില്ലെന്നത് ഭാഗ്യം മാത്രമാണ്.
അയ്യായിരത്തോളം ഗ്രാമങ്ങൾ തകർക്കപ്പെടുകയും അത്രയും തന്നെ മനുഷ്യർ മരിക്കുകയും ചെയ്ത 2013 ലെ ഭീകരമായ മനുഷ്യനിർമ്മിത പാരിസ്ഥിതിക ദുരന്തത്തോളമില്ലെങ്കിലും ഇക്കഴിഞ്ഞ ആഗസ്റ്റിൽ വീണ്ടും മഴയും ഒട്ടനവധി മരണങ്ങളും മണ്ണിടിച്ചിലും കെട്ടിടങ്ങൾ തകർന്നു പോകുകയും ഒക്കെ ഉണ്ടായല്ലോ അവിടെ.


നീണ്ട യാത്രയിൽ ചമോലി പട്ടണത്തിനടുത്ത് രാത്രിയിൽ തങ്ങുകയും പിറ്റേന്ന് അതിരാവിലെ ഗോവിന്ദ് ഘട്ടിലേക്ക് യാത്രയാവുകയും ചെയ്തു. ഞങ്ങൾ ഗോവിന്ദ് ഘട്ടിലെത്തി നടത്തം തുടങ്ങുന്നത് ഉച്ചയ്ക്കാണ്. 20 കിലോമീറ്റർ കുത്തനെയുള്ള മലകയറ്റം. വഴിക്കിരുവശവും സ്വാതന്ത്ര്യത്തോടെ വളരുന്ന കഞ്ചാവിനെ കണ്ട് നടന്ന് 4 മണിക്ക് മലമുകളിലെത്തുമ്പോൾ നനുത്ത മഴയും തണുപ്പുമുണ്ടായിരുന്നു.


പൂക്കൾ താഴ് വര കാണാൻ പിറ്റേന്ന് രാവിലെയാണ് നടന്നു തുടങ്ങിയത്. വിദേശികളും സ്വദേശികളുമായ ഒട്ടനവധി സഞ്ചാരികളുണ്ടായിരുന്നു. മനസ് നിറയെ പൂത്തു നിൽക്കുന്ന പുഷ്പങ്ങൾ. സ്വപ്നതുല്യമായൊരിടം പ്രതീക്ഷിച്ച് പതഞ്ഞൊഴുകുന്ന പുഷ്പാവതി നദീതീരത്തുകൂടെ ഗർഹ്വാൾ പർവ്വതങ്ങളുടെ ഭാഗമായ താഴ് വരയിലേക്ക് നടന്നു. ജൈവവൈവിധ്യത്താൽ പേരുകേട്ട ബോട്ടണി വിദ്യാർത്ഥികൾക്കെന്നും പ്രിയപ്പെട്ട ഇടമെത്തിയപ്പോൾ ഞാൻ നിരാശനായി. ചുറ്റും ഹിമമണിഞ്ഞ കുന്നുകൾക്ക് നടുവിൽ അതിവിശാലമായ താഴ് വര സസ്യങ്ങളാൽ സമൃദ്ധമെങ്കിലും പുഷ്പങ്ങൾ വിരിയാനുള്ള സമയമായിരുന്നില്ല. 1931 ൽ ഫ്രാങ്ക് സ്മിത്ത് എന്ന ബ്രിട്ടീഷ് പർവ്വതാരോഹകൻ കണ്ടെത്തിയ ഇടമിന്ന് ദേശീയോദ്യാനമാണ്.
ഞങ്ങളുടെ യാത്ര തീരുകയാണ്.


തിരിച്ച് ഹരിദ്വാറിലേക്കുള്ള യാത്രയിൽ ഞാൻ ഓർത്തത് എന്റെ യാത്രാരസത്തെപ്പറ്റിയായിരുന്നില്ല മറിച്ച് ഉത്തർഖണ്ഡിലെ എല്ലാ പർവ്വതങ്ങളും പുഴകളും എങ്ങനെയാണ് മതവുമായി ഇണങ്ങിയതെന്നും സ്ഥലനാമങ്ങൾ എങ്ങനെയാണ് ഒരു ജനതയെ മുച്ചൂടും ഭക്തിയുടെ ലഹരിയിലേക്ക് കൊണ്ടു പോകുന്നതെന്നുമാണ്. ഹൈന്ദവവൽക്കരിക്കപ്പെട്ട നാമസമൃദ്ധിയാൽ അലംകൃതവും ഹൈന്ദവ വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രങ്ങളുമാണ് ഉത്തർഖണ്ഡിലെ എല്ലായിടങ്ങളും.


എല്ലാ പാതകളും ഹൈന്ദവ വിശ്വാസികളുടെ വാഹനങ്ങളാലും കാതടപ്പിക്കുന്ന ഭക്തിഗാനങ്ങളാലും മുഖരിതമാണ്‌. ജൂലൈ / ആഗസ്റ്റ് മാസങ്ങൾ യാത്രക്ക് തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഇത്തരം ഭക്തി മതാധിനിവേശങ്ങൾ നാം സഹിക്കണം. അതല്ലെങ്കിൽ യാത്ര എന്നത് അതുകൂടി കാണലാണ് അറിയലാണ്. അത്തരം ഭക്തി മത സമൃദ്ധികൾക്കിടയിലൂടെയല്ലാതെ ഒരു യാത്രികനും ഇന്ത്യയിലെ ഒരിടവും കാണാനാവില്ലെന്നത് മറ്റൊരു കാര്യം.


മതത്തിൽ നിന്ന് ഹിമാലയത്തെ മോചിപ്പിക്കുക അതല്ലെങ്കിൽ ഹിമാലയത്തെ സെക്കുലർ ആക്കുകയെങ്കിലും ചെയ്യുക എന്നത് നിസ്സാരമായ കാര്യമല്ലെന്നറിയാമെങ്കിലും നടക്കാത്ത കാര്യമൊന്നുമല്ല. അതെന്തായാലും ഒരു സെക്കുലർ യാത്രികനെ സംബന്ധിച്ച് പ്രകൃതിയുടെ ഹിമാലയൻ വശ്യമനോഹാരിതയെ റദ്ദുചെയ്യുന്ന മതത്തിന്റെ അധിനിവേശത്തെപ്പറ്റിയുള്ള ആശങ്കകൾ മാത്രമാണ് ഉത്തർഖണ്ഡ് യാത്രാനന്തരം എന്റെ മനസിനെ കനൽ നിറച്ച് പൊള്ളിക്കുന്നത് നിരന്തരം എന്ന സത്യം പറയുന്നതിൽ മടി കാണിക്കേണ്ട കാര്യവുമില്ലല്ലോ.


വിവരണം: ബാലകൃഷ്ണൻ ആർ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment