ആ വികസനശൈലി ഈ മലമടക്കിൽ പറ്റില്ല ; വയനാടൻ പാരിസ്ഥിതിക ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും




ഭരണകൂടങ്ങളുടെയും അതിനൊപ്പം ചുവടുവെയ്ക്കുന്ന മനുഷ്യരുടെയും ഇടപെടൽ മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഴവും വ്യാപ്തിയും നേരിട്ടറിയണമെങ്കിൽ വയനാട്ടിലൂടെ മാത്രം ഒന്ന് കണ്ണോടിച്ചാൽ മതി.  2113ച കി.മി മാത്രമാണതിന്റെ വിസ്തൃതി.  1947 മുതൽ 1980 ൽ ജില്ല രൂപപ്പെടും വരെ അത് കണ്ണൂരിന്റെയും കോഴിക്കോടിന്റെയും ഭാഗമായിരുന്നു. നാഥനില്ലാത്ത കോളണി. കാലാവസ്ഥ കൊണ്ടും കാർഷിക വിഭവങ്ങൾ കൊണ്ടും ലോക പ്രശസ്തി നേടിയ ദേശം.വയനാടിന്റെ ഈ സവിശേഷതയ്ക്ക് മുഖ്യപങ്ക് വഹിച്ചത് കർണ്ണാടകയ്ക്കു തമിഴ്നാട്ടിനും വയനാടിനും ഇടയ്ക്കുള്ള നിബിഡവനമായിരുന്നു .

 

1960 കളിൽ 35000 ഏക്കറിലധികം വരുന്ന വനത്തിലെ മുളകൾ പൂർണ്ണമായും വെട്ടിയെടുക്കാൻ ഗ്യാളിയാർ റയൺസിന് -ബിർളയ്ക്ക് - അനുമതി നൽകി. ടണ്ണിന്2 രൂപ വില! 7500 ഹെക്ടർ വനത്തിലെ നൂറ്റാണ്ടുകൾ പ്രായമുള്ള മരങ്ങൾ വെട്ടി വിറ്റു. അവിടെ തേക്ക് നട്ടു.ഡക്കാൻ പീഠഭൂമിയിൽ നിന്നുള്ള ഉഷ്ണപ്രവാഹത്തെ തടഞ്ഞു നിർത്തിയ വനമതിൽ അങ്ങനെ ഇല്ലാതായി. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ ഇല്ലാതായി. വനത്തെ ആശ്രയിച്ചു കഴിഞ്ഞ ആദിമ ഗോത്ര സമൂഹങ്ങൾ അനാഥമായി.

 

ഈ കൊച്ചു ജില്ലയിൽ കഴിഞ്ഞ 25 വർഷമായി 400ലധികം ക്വാറികളാണ് രേഖകളില്ലാതെ പ്രവത്തിച്ചത്. സർക്കാറിന് ഒരു ലോഡ് കല്ലിന് കിട്ടിയത് 100 രൂപ ! 2015 ആയപ്പോൾ കബനിയടക്കം വററി വരണ്ടു. 63% മഴ കുറഞ്ഞ ജില്ലയായി.വയനാടിന്റെ കാലുകളായ മലഞ്ചെരുവുകൾ കോഴിക്കോട് കണ്ണൂർ മലപ്പുറം ജില്ലകളിലായതിനാൽ നൂറുകണക്കായ ക്വാറികൾ  ഇപ്പോഴും രേഖകളില്ലാതെ പ്രവർത്തിക്കുന്നു.വയനാടിനെ വിറപ്പിച്ചു കൊണ്ടിരിക്കുകയാണത്‌. ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന പ്രകൃതി വിഭവ കൊള്ള നിരവധിയാണ്. ഇന്ന് നട്ടാൽ കിളിർക്കാത്ത ഒരിത്തിരി മണ്ണ് മാത്രമാണ് വയനാട് .വയനാടിന്റെ പകുതിയും ഭൂമി വൻ എസ്റ്റേറ്റ് ഉടമകളുടെ കൈയ്യിലാണ്. വൻതോതിൽ ഇവിടങ്ങളിൻ പ്രയോഗിക്കുന്ന കളനാശിനികൾ അടിക്കാട് നശിപ്പിക്കുകയും മഴക്കാലത്ത് വൻതോതിൽ മണ്ണൊലിപ്പിനും  ഉരുൾപൊട്ടലിനും കാരണമാവുകയും ചെയ്യുന്നു. ഭരിക്കുന്നവർ മനഷ്യരാണെന്നതു കൊണ്ട് പ്രകൃതി ദുരന്തങ്ങൾക്ക് കാരണവും തെറ്റായ ഇടപെടൽ തന്നെയാണ്.

 

പാരിസ്ഥിതിക സംരക്ഷണത്തിന് കാർബൺ ന്യൂട്രൈസേഷൻ അനിവാര്യമാണെന്നിരിക്കെ ഈഗവണ്മെന്റ് 500 വർഷം വരെ സേവനം നടത്തിയ 14,000 വീട്ടിമരങ്ങളാണ് വയനാട്ടിലെ മൂന്ന് വില്ലേജുകളിൽ  നിന്ന് മുറിക്കാൻ ഉത്തരവിട്ടത്. ഭൂപരിഷ്ക്കരണ നിയമപ്രകാരം 15 ഏക്കർ ഭൂമിയാണ് ഒരു കുടുoബത്തിന് അവകാശപ്പെട്ടത്. എന്നാൽ അതോടൊപ്പം ശേഷിക്കുന്ന അവരുടെ കൈവശമുള്ള ആയിരക്കണക്കിന് ഏക്കർ ഭൂമിയും അവരിൽ തന്നെ ഉറപ്പിക്കാൻ, ട്രസ്റ്റ്, കാപ്പി, ഏലം, റബ്ബർ പ്ലാന്റേഷൻ തുടങ്ങി വിവിധ നിയമങ്ങളാണ് പടച്ചത്. ഇത് വൻ തോതിൽ തരം മാറ്റലിനും മരം കൊള്ളയ്ക്കും ഇടയാക്കി.

 

2 ലക്ഷത്തോളം വരുന്ന ആദിമ ഗോത്ര സമൂഹങ്ങൾക്ക് ഒരു തരിമണ്ണ് നൽകാൻ ഭൂപരിഷ്ക്കരണ നിയമത്തിൽ രേഖപ്പെടുത്തിയുമില്ല. ഭരണമുന്നണിയുടെ ഫോട്ടോസ്റ്റാറ്റായി ഗ്രാമപഞ്ചായത്തുകൾ തകർന്നു. ഒരു സ്റ്റോപ്പ് മെമ്മൊ കൊണ്ട് നിർത്തലാക്കാമായിരുന്ന കരിങ്കൽ ഖനനങ്ങൾ, മണലൂറ്റൽ പുഴകൾ കൈയേറൽ, വയൽ നികത്തൽ അങ്ങനെ പലതും. പക്ഷെ എല്ലാ പാരിസ്ഥിതിക കടന്നാക്രമണത്തിനും ഗ്രാമ പഞ്ചായത്തുകൾ സമ്മതം നൽകുകയാണ് ചെയ്തത്. എല്ലാ നിയമവിരുദ്ധ നിർമ്മാണങ്ങളും നടക്കുന്നത് പഞ്ചായത്തുകളുടെ അനുമതിയോടെയാണ്. ഗ്രാമപഞ്ചായത്തുകൾ മുതൽ സ്റ്റേറ്റ് വരെയുള്ള ഭരണസംവിധാനങ്ങൾ മാത്രമാണ് പ്രതികൂലമായ പാരിസ്ഥിതികാവസ്ഥയ്ക്ക് കാരണമെന്ന് വ്യക്തമാണ്.

 

ദശാബ്ദങ്ങൾക്കു മുമ്പ്  ആയിരകണക്കായ ഏക്കർ കൃഷിഭൂമി ഏറ്റെടുത്ത് കൊണ്ടാണ് കാരാപുഴയും ബാണാസുര സാഗർ പദ്ധതിയും ആരംഭിച്ചത്. രണ്ടും കൃഷി വികസിപ്പിക്കുന്നതിനും. 45 വഷത്തിനുള്ളിൽ ഒരു മണി നെല്ലു പോലും അതിലെ വെള്ളം കൊണ്ട് വിളയിച്ചില്ല. പതിനായിരം ഏക്കറിലെ കൃഷി നഷ്ടം.  കൂടാതെ 2,000 കോടിയിലധികം പൊതു ഖജനാവിന് നഷ്ടം വേറെ .പ്രളയ ദുരന്തത്തിന് കണക്കില്ല. 3000 അടി ഉയരത്തിലുള്ള വയനാടിന് ഈ ഡാമുകളെ താങ്ങാനാവില്ല. ഉരുൾപൊട്ടലിന് അതും ഒരു കാരണമാണ്. തിരുവനന്തപുരത്തിന്റെ ആജ്ഞാനുവർത്തികളായ മുഖ്യധാരാ പാർട്ടി നേതാക്കളും ഗ്രാമ പഞ്ചായത്തുകളും ജനപ്രതിനിധികളും വയനാടിനെ മനസിലാക്കിയില്ല. ഒന്നുറപ്പാണ്, തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടുമല്ല വയനാട്.  ആ വികസന ശൈലി ഈ മലമടക്കിൽ പറ്റില്ല.

 


പ്രൊഫ. മാധവ് ഗാഡ്ഗിൽ ഗ്രാമപഞ്ചായത്തുകളോട് പറയാൻ ശ്രമിച്ചത് വേണ്ടാത്തതോ പിടികിട്ടാത്തതോ ആയ ഒരു തത്വശാസ്ത്രമല്ല. ഒരു പുത്തൻ ജനാധിപത്യ സംസ്ക്കാരം നട്ടുവളർത്തുന്നതിനെക്കുറിച്ചാണ്.മുകളിൽ നിന്നിറങ്ങി വന്ന രക്ഷക ബിംബങ്ങളും അവർ പാകിയ വികസന വിത്തുകളും ഒരു പ്രളയത്തിൽ ഒലിച്ചുപോകാവുന്നതേയുണ്ടായിരുന്നുള്ളു. ഭരണഘടനാപരമായി സ്വയംഭരണാവകാശമുള്ള സംവിധാനമാണ് ഗ്രാമപഞ്ചായത്ത്.  എന്ത്, എങ്ങനെയെന്ന് അത് തീരുമാനിച്ചാൽ ഇന്ത്യയിലെ ഒരു കോടതിയും അതിനെ നിഷേധിക്കില്ല. തങ്ങളുടെ ഗ്രാമത്തിലെ ഒരു മലയും വിഴിഞ്ഞത്തിനായി ബലികൊടുക്കാൻ തയ്യാറല്ലെന്ന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചാൽ അത് പറ്റില്ലെന്ന് പറയാൻ കോടതികൾക്കും ആവില്ല. ആ തീരുമാനം എടുക്കാനുള്ള ആർജ്ജവമാണ് ഗാഡ്ഗിൽ നട്ടുപിടിപ്പിക്കാൻ ആവശ്യപ്പെട്ടത്. മുകളിൽ നിന്ന് ചെങ്കോലുമായി എത്തുന്നവരല്ല, ജനപ്രിതിനിധിയാകേണ്ടത്. അറിവും വിവേകവുo യോഗ്യതയും ഉള്ളവരെ ഒരോ ഗ്രാമീണർക്കും തിരിച്ചറിയാം. അങ്ങനെ ആയിരം വർഷം എങ്കിലും ആയുസും സേവനവും നൽകുന്ന ഒരു ജനാധിപത്യ സംസ്കാരത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞുവെച്ചത്.


ഈ മഹാപ്രളയം, ഉരുൾപ്പൊട്ടൽ ദുരന്തങ്ങൾ എല്ലാം പ്രകൃതി നിയമങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്ന അടയാളങ്ങളാണ്. മനുഷ്യന് പുനഃസൃഷ്ടിക്കാൻ കഴിയാത്ത മലകൾ നടത്തുന്ന സേവനം, കോൺക്രീറ്റ് മലകൾക്ക് ചെയ്യാനാവില്ല. ഒഴുകുന്ന പുഴകൾ ജീവന്റെ താളമാണ്. അത് എന്തിന്റെ പേരിലായാലും തടയാൻ പാടില്ല. ഏതു ഭരണകൂടവും ആദ്യം അറിയേണ്ടതു പ്രകൃതി നിയമങ്ങളാണ്. മനഷ്യ പ്രകൃതിയുടെ  നിയമങ്ങൾപ്രകൃതിക്ക് മേൽ അടിച്ചേൽ പ്പിക്കുകയല്ല വേണ്ടത് . ഇപ്പോഴെങ്കിലും പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രസക്തി തിരിച്ചറിയുക. ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ പഠിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള മാർഗ്ഗം. 

Green Reporter

Varghese vattekkattil, Environmental Activist

Visit our Facebook page...

Responses

0 Comments

Leave your comment