ഗംഗാ ശുചീകരണം ; മോദിയുടെ കണ്ണ് തുറപ്പിക്കാൻ 109 ദിവസമായി നിരാഹാരമനുഷ്ഠിച്ച പരിസ്ഥിതി പ്രവർത്തകൻ അന്തരിച്ചു




ഗംഗാ ശുചീകരണത്തിന്  വേണ്ടി 109 ദിവസമായി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ ജി.ഡി അഗർവാൾ അന്തരിച്ചു. ഗംഗാശുചീകരണത്തിന് വേണ്ടി സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ജൂൺ 22 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്ന അദ്ദേഹം വെള്ളത്തിൽ തേൻ ചേർത്ത് കഴിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്. രണ്ട് ദിവസം മുമ്പ് വെള്ളവും ഉപേക്ഷിച്ചതോടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ ബലം പ്രയോഗിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം. 87 വയസായിരുന്നു. 

 

ഗംഗാനദിയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരാഖണ്ഡിലെ  ഗംഗോത്രിക്കും ഉത്തരകാശിക്കും ഇടയിൽ തടസമില്ലാതെ നദി ഒഴുകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വാമി ജ്ഞാൻ സ്വരൂപാനന്ദ സാനന്ദ് എന്നറിയപ്പെടുന്ന ജി.ഡി അഗർവാളിന്റെ സമരം. കാൺപൂർ ഐഐടിയിലെ പ്രൊഫസറായിരുന്ന അഗർവാൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ വാരണാസിയിൽ വെച്ച് ഗംഗയെ ശുചീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നിരവധി കത്തുകൾ അയച്ചെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് ഐ.ഐ.ടിയൻസ് ഫോർ ഗംഗ എന്ന കൂട്ടായ്മ പറയുന്നു. അഗർവാളിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

 

2009 ൽ അഗർവാൾ നടത്തിയ സമരത്തിന്റെ ഭാഗമായി ഭാഗീരഥി നദിയിൽ ഡാം നിർമ്മിക്കാനുള്ള നടപടികൾ നിർത്തിവെച്ചിരുന്നു. ഗംഗാ ശുചീകരണം എന്ന അഗർവാളിന്റെ ആവശ്യം മോദിയുടെ ബധിരകർണ്ണങ്ങളിലാണ് പതിച്ചതെന്ന് പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment