ഗ്രേറ്റ് ബാരിയർ റീഫിന് സമീപം മലിനജലം ഒഴുക്കിയ അദാനി കമ്പനിക്കെതിരെ ആസ്‌ട്രേലിയയിൽ കേസ്




ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫിന് സമീപം ഖനിയിൽ നിന്നുള്ള മലിനജലം തുറന്ന് വിട്ട അദാനി ഗ്രൂപ്പിനെതിരെ ആസ്ട്രേലിയൻ ഗവണ്മെന്റ് നിയമനടപടിക്ക് ഒരുങ്ങുന്നു. ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ പ്രവർത്തിക്കുന്ന  അബ്ബോട്ട് പോയിന്റ് ബൾക്ക് കോൾ എന്ന  അദാനിയുടെ കൽക്കരി ഖനിയിൽ നിന്ന് അനുവദനീയമായ അളവിൽ കൂടുതൽ മലിനജലം കടലിലേക്ക് ഒഴുക്കി എന്നാണ് കേസ്.  2017 ൽ ഡെബി സൈക്ളോണിന്റെ സമയത്ത് നിയന്ത്രിത അളവിൽ മലിനജലം പുറത്ത് വിടാൻ ലഭിച്ച താൽക്കാലിക അനുമതിയുടെ മറവിലാണ് അദാനി കമ്പനി 800 മടങ്ങ് അധികം മാലിന്യം കലർന്ന ജലം തുറന്ന് വിട്ടത്. താൽക്കാലിക അനുമതിയിലെ വ്യവസ്ഥകൾ ലംഘിച്ചതായി തെളിഞ്ഞാൽ കമ്പനി 2.7 ദശലക്ഷം ഡോളർ പിഴ ഒടുക്കേണ്ടി വരും. 

 

മാസങ്ങൾ നീണ്ട നിയമ ശാസ്ത്രീയ കൂടിയാലോചനകൾക്ക് ഒടുവിലാണ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ക്വീൻസ് ലാൻഡ് പരിസ്ഥിതി വകുപ്പ് മന്ത്രി ലീൻ ഇനോച് പറഞ്ഞു. ലോകത്തിലെ തന്നെ പാരിസ്ഥിതിക അത്ഭുതങ്ങളിൽ ഒന്നായ ഗ്രേറ്റ് ബാരിയർ റീഫിന് സമീപം മലിനജലം തുറന്ന് വിട്ട കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആസ്ട്രേലിയൻ പാർലമെന്റിൽ അടക്കം പ്രതിഷേധം ഉയർന്നിരുന്നു. അദാനിയുടെ തകർച്ചയുടെ അവസാന പടിയാണിതെന്ന് ഗ്രീൻസ് എം.പി മൈക്കൽ ബെർക്ക്മാൻ പറഞ്ഞു. വർഷങ്ങളായി അദാനിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഈ കമ്പനി ഇനിയും പ്രവർത്തിക്കാൻ ഇവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതിന് ഞങ്ങൾ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. അദാനി ഗ്രൂപ്പിനെ വിശ്വസിക്കാനാവില്ല, മറ്റു രാജ്യങ്ങളിലുള്ള അവരുടെ ട്രാക്ക് റെക്കോർഡ് അത്ര മോശമാണ്. ബെർക്ക്മാൻ പറഞ്ഞു. 

 

അനധികൃത ഭൂഗർഭ ജലചൂഷണം നടത്തിയതിന്  അദാനി ഗ്രൂപ്പിനെതിരെ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.  അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ക്വീൻസ് ലാൻഡിലെ കാർമിഷേലിലുള്ള ഖനിയിലാണ് അനധികൃത കുഴൽക്കിണറുകൾ വഴി ഭൂഗർഭജലം ഊറ്റുന്നത്. ഖനിയിൽ അനധികൃതമായി കുഴൽക്കിണറുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതിസംഘടനയായ കോസ്റ്റ് ആൻഡ് കൺട്രി ആകാശ ദൃശ്യങ്ങൾ സഹിതം ആരോപിച്ചിരുന്നു. ഈ  പരാതിയിന്മേലാണ് അന്വേഷണം. എവിടെയാണ് കുഴൽക്കിണറുകൾ കുഴിച്ചിരിക്കുന്നതെന്നും എന്താണ് ഇവയുടെ ഉദ്ദേശമെന്നും പരിശോധിച്ച് വരികയാണെന്ന് ക്വീൻസ് ലാൻഡ് ഗവണ്മെന്റ് അറിയിച്ചു. 

 

Read Also : അനധികൃത ഭൂഗർഭ ജലചൂഷണം ; അദാനിക്കെതിരെ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment