ശംഖു മുഖം ബീച്ച് ഉൾപ്പെടെ തീരദേശ ഗ്രാമങ്ങളെ കടൽ വിഴുങ്ങാൻ ഇനി ഏറെ നാളുകൾ വേണ്ടിവരില്ല




തിരുവനന്തപുരത്തെ പ്രശസ്തമായ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ശംഖു മുഖം ബീച്ച്. ടൂറിസത്തെ പറ്റി പ്രാധാന്യത്തോടെ സംസാരിക്കുന്ന കേരള സർക്കാർ ശംഖുമുഖം, കോവളം ബീച്ചുകൾ അദാനി പാേർട്ടിനായി കൈ ഒഴിയുകയാണ്. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന ഈ കടൽത്തീരം ഇന്ന് വെറും ഓർമ്മ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. വീശിയടിക്കുന്ന തിരകൾ മുമ്പില്ലാത്ത വിധം ശക്തമാണ്. അടുത്തുള്ള തീരദേശ ഗ്രാമങ്ങളെ കടൽ വിഴുങ്ങാൻ ഇനി ഏറെ നാളുകൾ വേണ്ടിവരില്ല.


വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആകെ ചെലവ് 7,525 കോടി രൂപയാണ്. അതിൽ 2454 കോടി രൂപ അദാനി ഗ്രൂപ്പിന്റെ ഫണ്ടാണ്. 1635 കോടി രൂപ കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായി നൽകുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതം 3436 കോടി രൂപയാണ്. സമുദ്രത്തിൽ നിന്ന് 130 ഏക്കർ നികത്തിയെടുക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയതിനു പുറമേ 360 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈ മാറും. 60 വർഷം വരെ പദ്ധതിയെ അദാനി ഗ്രൂപ്പ് നിയന്ത്രിക്കും. 15 വർഷത്തിന് ശേഷം സംസ്ഥാന സർക്കാരിന് തുറ മുഖത്തു നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും (1%). അ‍ഞ്ചു വർഷം മുൻപ് പദ്ധതി അനുവദിക്കുമ്പോൾ 2019 ‍‍‍‍ഡിസംബർ 3ന് ആദ്യഘട്ടം പൂർത്തിയ പൂർത്തിയാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിർദേശം. എന്നാൽ കാല താമസം പദ്ധതി മന്ദഗതിയിലാക്കി. പ്രതിദിനം 12 ലക്ഷം രൂപ സർക്കാരിനു നഷ്ട്ടപരിഹാരം നൽകണമെന്ന കരാറിൽ നിന്നും അദാനി പിന്നോക്കം പോയതിൽ പിണറായി സർക്കാർ നല്ല പങ്കു വഹിച്ചു.


പ്രദേശ വാസികളായ മത്സ്യത്തൊഴിലാളികളും ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും അഭിപ്രായപ്പടുന്നതനുസരിച്ച് തീരം കടലെടുക്കുന്നതിനു പിറകിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങളാണ്. കോവളം, വിഴിഞ്ഞം, വേളി, കല്ലു മൂടു, മുട്ടത്തറ, ബീമാ പള്ളി തുടങ്ങിയ പ്രദേശങ്ങളെല്ലാം അപ്രത്യക്ഷമാകാൻ  അധിക നാൾ വേണ്ടി വരില്ല. ഈ വാദങ്ങളെയെല്ലാം ശക്തമായി നിഷേധിച്ചാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. പദ്ധതിയുടെ ഭാഗമായ നിർമ്മാണങ്ങൾ തീരദേശത്ത് നാശ നഷ്ടങ്ങളുമില്ല എന്ന് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് എവിപിപിഎൽ പുറത്തിറക്കിയ 2019 ഒക്ടോബർ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലെ കംപ്ലയിൻസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.


തീര പ്രദേശത്ത് ചുരുങ്ങിയത് 172 കുടുംബങ്ങൾക്കെങ്കിലും താമസ സ്ഥലം ഇല്ലാതാക്കും. സമുദ്ര ഗതാഗതവും തീര ദേശ മലിനീകരണവുമായി ബന്ധപ്പെട്ട അപകട സാധ്യതകളും ഏറെയാണ്. ഡ്രെഡ്ജിംഗ് ജോലികൾ തുടരുന്നതു മൂലം നിരവധി ജീവികളുടെ ആവാസ വ്യവസ്ഥ തകരും. 200-ഓളം ഇനം മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമാണ് വെഡ്ജ് ബാങ്ക്. ഇന്ത്യൻ മഹാ സമുദ്രത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റാണ് ഇത്. 60-ലധികം ഇനം അലങ്കാര മത്സ്യങ്ങളും മറ്റ് സമുദ്ര ജന്തുക്കളും ഇവിടെയുണ്ട്. വാണിജ്യ പരമായി പ്രധാനപ്പെട്ട മത്സ്യങ്ങൾ സ്ക്വിഡ്സ്, കട്ടിൽ ഫിഷ്, കാരാങ്കിഡുകൾ, ട്യൂണ, ആങ്കോവീസ്, ലോബ്സ്റ്റർ എന്നിവ ധാരാളമായിരുന്നു.


1970 കളിൽ വിഴിഞ്ഞം ഫിഷിംഗ് ഹാർബറിനായി ചെറിയ പുലിമുട്ട് നിർമ്മിച്ചപ്പോൾ തന്നെ ഈ പ്രദേശം കടലെടുക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചതിനുശേഷം അത് ഇരട്ടിയായിരിക്കുന്നു. തലസ്ഥാനത്തെ സമുദ്ര മേഖലയിലെ ജൈവ വൈവിധ്യത്തിന്  നിർമ്മാണ പ്രവർത്തനങ്ങൾ ഭീഷണിയാണ്. മത്സ്യ പ്രജനന മേഖലകൾ നശിപ്പിക്കുക, മത്സ്യ ബന്ധനം കുറക്കുക, ബീച്ചുകൾ നഷ്ടപ്പെടുക, മത്സ്യ ബന്ധന മൈതാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ പ്രവേശനം നഷ്ടപ്പെടുക, പുറമേ ഷിപ്പിംഗ് കപ്പലുകളുമായുള്ള സംഘർഷം തുടങ്ങി  പ്രതിസന്ധികൾ എണ്ണിയാൽ തീരില്ല. 50,000 ത്തിലധികം മത്സ്യത്തൊഴിലാളികളെയാണ് പദ്ധതി നേരിട്ട് ബാധിക്കുക.


കടൽ ക്ഷോഭ സാധ്യതയേറിയ പ്രദേശങ്ങളിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. മേഖലകളിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളേക്കുറിച്ച് പൂർണമായ വിലയിരുത്തൽ പോലും ഇതുവരെ നടത്തിയിട്ടില്ല എന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. നിലവിലെ പഠനങ്ങൾ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിലൂടെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ പ്രതിരോധിക്കാനാകില്ലെന്നു വിലയിരുത്തുന്നു . വിഴിഞ്ഞത്തിന് സമീപം സ്ഥിതി ചെയ്യുന്ന 33 പാറകളിൽ 15 എണ്ണം ഇതിനോടകം പൂർണമായും നശിപ്പിക്കപ്പെട്ടിരിക്കുന്നു. 17 എണ്ണത്തോളം അപകടകരമായ അവസ്ഥയിലുമാണ്. 


നിർമ്മാണത്തിനായി ഇതിനോടകം നിരവധി ലക്ഷം ടൺ ഗ്രാനൈറ്റ് കടലിൽ നിക്ഷേപിച്ചു. ഇതിൽ ഭൂരി ഭാഗവും പശ്ചിമഘട്ടത്തിലെ നിർണ്ണായ ഇടങ്ങളിൽ നിന്ന് പൊട്ടിച്ചു കടത്തി. പുലി മുട്ടിൻ്റെ 3.1Km നീളത്തിൽ 600 മീറ്റർ മാത്രമാണ് ഇതുവരെ നിർമ്മിക്കപ്പെട്ടത്. വിഴിഞ്ഞം പദ്ധതി ഒരേ സമയം പശ്ചിമ ഘട്ടത്തിനും തീരത്തിനും മത്സ്യ തൊഴിലാളി ഗ്രാമത്തിനും നാശം വിതയ്ക്കുന്നു. അത് കേരളത്തിന് മൊത്തത്തിൽ ദുരന്ത പദ്ധതിയായി തീരുമ്പോൾ, അദാനി മുതലാളിക്കു മാത്രം വിഴിഞ്ഞം ഒരു സ്വപ്ന പദ്ധതിയും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment