ആതിരപ്പള്ളി പദ്ധതിക്കെതിരെ ഊരുകൂട്ടങ്ങൾ വീണ്ടും രംഗത്ത്




ആതിരപ്പള്ളി  ജലവൈദ്യുതി നടപ്പിലാക്കുവാൻ അനുവദിക്കില്ല എന്ന് വാഴച്ചാലിലെ 9 ഊരുകൂട്ടങ്ങൾ സംയുക്തമായി ചേർന്ന യോഗത്തിൽ ഒരിക്കൽ കൂടി  തീരുമാനിച്ചു. ആദിമ വാസികൾ താമസിച്ചു വരുന്ന പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള നിർമ്മാണങ്ങൾ നടത്തേണ്ടി വന്നാൽ അതിന് ആദ്യമായി അനുവാദം വാങ്ങിഎടുക്കേണ്ടത് ഊരു കൂട്ടങ്ങളിൽ നിന്നായിരിക്കണമെന്ന് വന അവകാശ നിയമം, 2006 നിർബന്ധിക്കുന്നു. 


2006 ലെ ST and other Traditional Forest Dwellers (Recognition of Forest Rights) Act പ്രകാരം Community Forest Resource കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ചാലക്കുടി പുഴയുടെ തീരങ്ങളിൽ (കാടർ സമുദായം ) എന്തു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനും അനുവാദം നൽകേണ്ട ആദി വാസി ഊരു കൂട്ടത്തെ പരിഗണിക്കാതെയാണ് ജലവൈദ്യുതി പദ്ധതിയുടെ NOC നീട്ടി നൽകുവാൻ 2020 ജൂൺ 4 ന് സർക്കാർ തീരുമാനിച്ചത്.


ആനമല-പറമ്പിക്കുളം മല നിരകളില്‍ നിന്നാരംഭിച്ച് പെരിയാറില്‍ ചെന്ന് ചേരുന്ന ചാലക്കുടിപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളിലെ വനങ്ങളിലാണ് കേരളത്തിലെ കാടര്‍ ഊരുകള്‍ സ്ഥിതി ചെയ്യുന്നത്. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി കൈയ്യേറ്റങ്ങൾ തുടങ്ങിയിരുന്നു.ആദ്യം മരം മുറി. പിന്നീട് അവയുടെ  കടത്ത്.അതിനായി പറമ്പിക്കുളത്ത് നിന്നും ചാലക്കുടിയിലേക്ക് 82 കിലോമീറ്റര്‍ നീളമുള്ള ട്രാംവേ 1901 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചു. 1942 ല്‍ ചാലക്കുടി ആനമല റോഡ് വന്നതോടുകൂടി തടികള്‍ കടത്തുന്നതിന് സുഗമമായ പാത ലഭിച്ചു. നഷ്ടത്തിലായ ട്രാംവേ 1963ല്‍ പൊളിച്ചു മാറ്റി.പറമ്പിക്കുളം-കുരിയാര്‍കുട്ടി മേഖലകളില്‍ പതിറ്റാണ്ടുകളോളം ജീവിച്ച കാടര്‍, 1902 മുതൽ നേരിടേണ്ടി വന്ന കുടിയൊഴിപ്പിക്കലിലൂടെ മലക്കപ്പാറ, ഷോളയാര്‍, വാഴച്ചാല്‍, ആതിരപ്പിള്ളി മേഖലകളിലെത്തി. പറമ്പിക്കുളം-ആളിയാര്‍ ഇന്റര്‍ബേസിന്‍ റിവര്‍ലിങ്ക് പ്രൊജക്ട് (പി.എ.പി) പദ്ധതിയുടെ പല ഘട്ടങ്ങളിലായിട്ടായിരുന്നു  കുടിയൊഴിപ്പിക്കലുകള്‍.


പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ ഡാമുകളുടെ നിര്‍മ്മാണത്തോടു കൂടി 2466.66 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലായി. പറമ്പിക്കുളം ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അന്ന് കാടര്‍ കൂട്ടമായി താമസിച്ചിരുന്നത്.1958ല്‍ പറമ്പിക്കുളം ഡാമിൻ്റെ പണിയെ തുടര്‍ന്ന് റിസര്‍വോയറിലെ ജല നിരപ്പുയര്‍ന്നതോടുകൂടി കാടരുടെ വന വിഭവ മേഖലകൾ വെള്ളത്തിനടിയിലായി. കേരള ഷോളയാര്‍ ഡാമിന്റെ നിര്‍മ്മാണത്തോടുകൂടി വീണ്ടും കുടിയൊഴിപ്പിക്കപ്പെട്ടു. ആനക്കയം, പെരിങ്ങല്‍ക്കുത്ത്, വാച്ച്മരം എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. പെരിങ്ങല്‍ ക്കുത്ത് ജല വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തോടുകൂടി വീണ്ടും കുടി ഒഴിയേണ്ടി വന്നു. അങ്ങനെ പൊകലപ്പാറ, വാഴച്ചാല്‍ എന്നിവിടങ്ങളിലേക്ക് കാടർ സമുദായം എത്തി ചേർന്നു. അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ ഇവിടെ നിന്നും ഞങ്ങൾ  ഒഴിപ്പിക്കപ്പെടാന്‍ പോവുകയാണ് എന്ന ആധി കാടർ വിഭാഗത്തെ അലട്ടികൊണ്ടിരിക്കുന്നു.


ചാലക്കുടിപ്പുഴയിലെ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിൽ നിന്നും  400 മീറ്റര്‍ മുകളിൽ, 23 മീറ്റര്‍ ഉയരത്തിലും 311 മീറ്റര്‍ നീളത്തിലും അണകെട്ടി, 163 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്നതാണ് അതിരപ്പിള്ളി പദ്ധതി. വാഴച്ചാല്‍, പൊകലപ്പാറ  ഊരുകളിലെ 60 കുടുംബങ്ങളാണ് പദ്ധതി വരുന്ന തോടുകൂടി പുറത്താകാൻ പോകുന്നത്. ഈ അറുപത് കുടുംബങ്ങളിലെ 320 ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഡാം വേണ്ട എന്ന് 316, 2015ൽ തന്നെ  ഉത്തരം നൽകിയിരിന്നു.  


അഞ്ച് ഡാമുകളുടെയും രണ്ട് കനാല്‍ പദ്ധതികളുടെയും നിര്‍മ്മാണം ചാലക്കുടിപ്പുഴയുടെ വനമേഖലയില്‍ നടന്നു കഴിഞ്ഞു. ഇവയെല്ലാം ബാധിച്ചതും ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുന്നതും കാടര്‍ ആദിവാസികളെയാണ്.ഏറെ വിവാദങ്ങളുയര്‍ന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും ചെറുകിട ജലവൈദ്യുത പദ്ധതിയായ ആനക്കയം പദ്ധതിയും ഇടമലയാര്‍ കനാല്‍ നിര്‍മ്മാണവുമാണ് വീണ്ടുമിവരെ ബാധിക്കാന്‍ പോകുന്നത്.


ഊരുകൂട്ടങ്ങളുടെ അവകാശങ്ങളെ അംഗീകരിക്കുവാൻ തയ്യാറല്ലാത്ത സർക്കാർ, വന അവകാശ നിയമ നിയമ പ്രകാരം ആദിവാസികൾക്കു നൽകേണ്ട വന ഭൂമി റവന്യൂ ഭൂമിയാക്കി മാറ്റിയ ശേഷം വിതരണം ചെയ്യുവാനുള്ള ശ്രമങ്ങൾ നടത്തുന്നത്  വന ഭൂമിയിലുള്ള സർക്കാരിൻ്റെ ഏകപക്ഷീയമായ കൈകടത്തലാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി 20000 ഏക്കർ വന ഭൂമി വിവിധ ആദിവാസി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സാഹചര്യത്തെ അട്ടിമറിക്കുവാൻ സർക്കാർ ശ്രമം തുരുന്നു.ചാലക്കുടി പുഴയിലെ പുതിയ ഡാമിനെതിരെയുള്ള ശക്തമായ പ്രതിഷേധം ഊരുകൂട്ടങ്ങൾ തുടരുകയാണെന്ന് ഊരുമൂപ്പത്തി ശ്രീമതി K. ഗീത വ്യക്തമാക്കുകയുണ്ടായി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment