പള്ളിക്കൽ ഇനി എത്രനാൾ? കുന്നിടിക്കലിനും വയൽ നികത്തലിനും നിയന്ത്രണമില്ല 




അടൂർ: കാർഷികഗ്രാമമായ പള്ളിക്കലിലെ മലനിരകൾ സർക്കാർ സംവിധാനങ്ങളെ വിലയ്ക്കെടുത്ത് വൻ മാഫിയ സംഘത്തിന്റെ നേതൃത്വത്തിൽ നിയന്ത്രണമില്ലാതെ കുന്നുകൾ ഇടിച്ചുനിരത്തി കടത്തുന്നത് വൻപാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. മണ്ണ് മാഫിയ നിയമത്തിന്റെ ഇളവിനായി വീടുവയ്ക്കുവാനെന്ന വ്യാജേന ഉദ്യോഗസ്ഥരേയും പഞ്ചായത്തിനെയും സ്വാധീനിച്ച് അനുമതിവാങ്ങി മണ്ണ് കടത്തുന്നത്. വർഷങ്ങളായി ഇത്തരത്തിൽ അനുമതി വാങ്ങി മണ്ണ് എടുത്തു മാറ്റിയ സ്ഥലങ്ങളിൽ ഇതുവരെ വീടുകൾ ഉയർന്നിട്ടില്ലയെന്ന് ഉദ്യേഗസ്ഥർതന്നെ സമ്മതിക്കുന്നുണ്ട്.


തെങ്ങമം, തോട്ടംമുക്ക്, മുണ്ടപ്പളളി, തോട്ടുവ, പഴകുളം, ഇളംപള്ളിക്കൽ, ചക്കൻചിറമല പെരിങ്ങനാട് എന്നിവിടങ്ങളിലാണ് വ്യാപകമായ മണ്ണെടുപ്പ് നടക്കുന്നത്. വീടുകൾ നിർമിക്കാനെന്ന രീതിയിൽ അനുമതി വാങ്ങിച്ച് മണ്ണെടുക്കുന്നത് മറ്റു ആവശ്യങ്ങൾക്കാണെന്ന് അറിഞ്ഞിട്ടും ഇതുവരെയും അധികൃതരുടെ ഭാഗത്ത് നിന്നും ഇത് തടയുന്നതിനോ ഇതിനെതിരെ നടപടിയെടുക്കുന്നതിനോ പൊലീസോ ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. 


കടുത്ത വേനലിനെ തുടർന്ന് നാടെങ്ങും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴാണ് മണ്ണെടുക്കാൻ ഉദ്യോഗസ്ഥർ വീണ്ടും വീണ്ടും അനുമതി കൊടുത്തു കൊണ്ടിരിക്കുന്നത്. മാഫിയയുടെ സൽക്കാരങ്ങൾ സ്വീകരിച്ചാണ് ഉദ്യോഗസ്ഥർ മാഫിയക്ക് വേണ്ടി കൂട്ടുനിൽക്കുന്നതെന്ന് എൻ.എ.പി.എം ജില്ലാ കൺവീനർ അനിൽ സി. പള്ളിക്കൽ പറഞ്ഞു.


മണ്ണെടുപ്പിന് ഇടനിലക്കാരെ ഏർപ്പാടാക്കി കൊടുക്കുന്ന വൻസംഘം അടൂരിലും പരിസരപ്രദേശങ്ങളിലും ശക്തമാണ് ഇവർ പോലീസിന്റെ സ്വന്തക്കാരാണെന്ന ആക്ഷേപവുമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തുന്നത് ഏജന്റുമാരെ അറിയിക്കുന്ന ചില പോലീസുകാരും അടൂരിലുണ്ട്.


യന്ത്രകൈകളുടെ മുരൾച്ചയും മണ്ണുമായി ചീറിപ്പായുന്ന ടിപ്പർലോറികളും ജനങ്ങളുടെ ഉറക്കം കെടുത്തിയിട്ട് നാളുകളേറയായി. തെങ്ങമം, തോട്ടംമുക്ക്, മുണ്ടപ്പളളി, തോട്ടുവ, പഴകുളം, ഇളംപള്ളിക്കൽ, ചക്കൻചിറമല പെരിങ്ങനാട് എന്നിവിടങ്ങളിൽ നടന്ന് വരുന്ന മണ്ണെടുപ്പ്  തടയണമെന്നും മാഫിയക്കും കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment