ദുർബലമായ കീടനാശിനി നിയമങ്ങൾ 




കീടനാശിനി ഉപയോഗത്തിനിടെ കർഷകർ മരണമടഞ്ഞു എന്ന വാർത്ത മാധ്യമങ്ങളിൽ നിറയുമ്പോൾ കൃത്യം അറുപത് വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു അത്യാഹിതമാണ് കീടനാശിനി നിയമം തന്നെ ഉണ്ടാകുന്നതിന് കാരണമായത്. ആ അത്യാഹിതവും നടന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് എന്നത് യാദൃശ്ചികം. കൃത്യമായി പറഞ്ഞാൽ 1958 ഏപ്രിൽ - മെയ് ആണ് ആ അത്യാഹിതം സംഭവിച്ചത്. ഓർഗാനോ ഫോസ്‌ഫറസ്‌ പാർത്തിയെൺ എന്ന കീടനാശിനി ഭക്ഷ്യവസ്തുക്കളിൽ കലരുകയും അങ്ങിനെ അനേകം പേർ മരിക്കുകയുയുണ്ടായി. സമാനമായ അത്യാഹിതം മദ്രാസിലും നടന്നു. അന്ന് ബോംബെ ഹൈക്കോടതി ജഡ്‌ജി ആയിരുന്ന ജസ്റ്റിസ് ജെ സി ഷായെ ചെയർമാനാക്കി കേരളാ - മദ്രാസ് ഫുഡ് പോയിസൺ എൻക്വയറി കമ്മീഷൻ നിയമിക്കുകയും ചെയ്‌തിരുന്നു. ഈ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 1968 ൽ കീടനാശിനി നിയമം നിലവിൽ വന്നത്.


നിയമം നിലവിൽ വന്നതോടെ കീടനാശിനികളുടെ ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും നിയമ വിധയേമായി. എന്നാൽ നിയമവിധേയമാക്കിയെങ്കിലും  കീടനാശിനികളുടെ ഉപയോഗം മൂലം മനുഷ്യനുണ്ടാകുന്ന കെടുതികൾ ലഘൂകരിക്കുന്നതിന് 1972 ലും 1977 ലും 2000 ത്തിലും ഭേദഗതികൾ കൊണ്ടുവരേണ്ടതായിരുന്നു. ഇതെല്ലാം ചെയ്തിരുന്നെങ്കിലും കീടനാശിനികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും നിയമ ചട്ടക്കൂട്ടിൽ വന്നു എന്നല്ലാതെ ഇന്ത്യൻ കർഷകരുടെ തനതായ സവിശേഷതകൾക്കനുയോജ്യമായ നിയമ നിർമാണത്തിലൂടെ കീടനാശിനികളുടെ കെടുതികളിൽ നിന്ന് കർഷക രക്ഷ ഉറപ്പാക്കുന്ന ഒരു സമഗ്ര നിയമ വ്യവസ്ഥ ഉണ്ടായിരുന്നില്ല. 


കൂടുതൽ കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ കർഷകർ തനതായ പ്രകൃതിക്കനുയോജ്യമായ കൃഷി രീതികളിൽ പ്രാവിണ്യമുള്ളവരാണെങ്കിലും രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തിൽ വേണ്ടത്ര ബോധവത്‌കരിക്കപ്പെട്ടിട്ടില്ല. അത്‌കൊണ്ട് കീടനാശിനികൾ ഉപയോഗിക്കുമ്പോൾ അവയുടെ പാർശ്വ ഫലങ്ങളെ കുറിച്ച് കർഷകർ വലിയ ബോധവാന്മാരല്ല. അതുകൊണ്ടാണ് കേരളത്തിൽ കഴിഞ്ഞ ദിവസം നടന്നതുപോലുള്ള അപകടമരണങ്ങൾ രാജ്യം മുഴുവൻ പതിവാകുന്നത്.


ഈ നിയമപ്രകാരം വേണ്ടത്ര മാനദണ്ഡങ്ങൾ പാലിച്ചാണോ കീടനാശിനി നിർമാണം, വേണ്ടത്ര നിയമനടപടികൾ പൂർത്തിയാക്കിയാണോ ഇറക്കുമതിയും വിതരണവും എന്നിവ പരിശോധിക്കാനുള്ള നിഷ്‌കർഷകളെ വ്യവസ്ഥ ചെയ്യുന്നുള്ളു. എന്നാൽ ഇത് എന്തുമാത്രം ഇന്ത്യൻ പരിസ്ഥിതിയ്ക്കും ജനങ്ങൾക്കും ഹാനികരമാണെന്ന് പരിശോധിക്കാനോ അതനുസരിച്ചുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാനോ ഈ നിയമം വ്യവസ്ഥ ചെയ്യുന്നില്ല. ഈ പോരായ്‌മകളുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് എൻഡോസൾഫാൻ ദുരന്തം. എൻഡോസൾഫാനാണ് കാസർഗോഡ് ജനതയുടെ ദുരന്തത്തിന് കാരണമായതെന്ന് ആരോപണമുയർന്നപ്പോൾ അത് താൽകാലികമായി കേരളത്തിൽ നിരോധിച്ച് കൊണ്ട് 2006 ലെ താൽകാലിക ഉത്തരവും ഇറക്കേണ്ടി വന്നത് ഈ നിയയമത്തിന്റെ പരിമിതി എടുത്ത് കാട്ടുന്നതാണ്. 


ഇന്ത്യൻ സാഹചര്യത്തിൽ പരിസ്ഥിതിയ്ക്കും മനുഷ്യർക്കും പരമാവധി ദോഷം ചെയ്യാത്ത കീടനാശിനി ഉപയോഗത്തിന് ഉതകുന്ന മാനദണ്ഡങ്ങൾ ഉൾപ്പെടുന്ന നിയമമാണ് ഇന്ത്യയിൽ വരേണ്ടത്. അത് സുശക്തമായ പഠന വിധേയമാക്കേണ്ട സംവിധാനങ്ങൾ തദേശീയാടിസ്ഥാനത്തിൽ ഉണ്ടാകേണ്ടതും ഇന്ത്യൻ സാഹചര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുത്തേണ്ടതും വളരെ അതാവശ്യമാണ്. അല്ലെങ്കിൽ ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് നിസംശയം പറയാവുന്നതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment