ഇന്ത്യയുടെ സുഗന്ധ വൃക്ഷം അതീവ വംശനാശ ഭീഷണിയിൽ




ഇന്ത്യയുടെ സുഗന്ധ വൃക്ഷം വംശ നാശത്തിന്റെ ഭീഷണിയിലാണെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ മുന്നറിപ്പ്. അഗര്‍വുഡ് അല്ലെങ്കില്‍ ഗാരു വുഡ് എന്നറിയപ്പെടുന്ന വൃക്ഷങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. വിദേശ സുഗന്ധ ദ്രവ്യങ്ങൾ ഇന്ത്യയിൽ സ്ഥാനം പിടിക്കുന്നതിന് മുൻപ് അഗർവുഡ് ആയിരുന്നു ഇന്ത്യയിലെ താരം. വൃക്ഷങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് വംശനാശ പട്ടികയിൽ പെടാൻ കാരണം.


അഗർവുഡ് വംശനാശം സംഭവിക്കുന്ന സസ്യജന്തുജാലങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു. നേരത്തെ റെഡ്‌ലിസ്റ്റിന്റെ സാധ്യതാ പട്ടികയിലായിരുന്ന അഗർവുഡിനെ അതീവ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലേക്കു ഇപ്പോൾ മാറ്റി. ജാര്‍ഖണ്ഡും ബംഗാളും മുതല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളിലും ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് ഇവ സാധാരണയായി കണ്ടുവരാറുള്ളത്. നിത്യ ഹരിത വൃക്ഷമായ ഇവ ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ശ്രീലങ്കയിലും അപൂര്‍വമായി കണ്ടെത്തിയിട്ടുണ്ട്.


ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരങ്ങളിലൊന്നാണ് അഗർവുഡ്. 2010 ല്‍ ഉയര്‍ന്ന നിലവാരമുള്ള അഗര്‍വുഡ് തടിക്ക് കിലോയിക്ക് 1000 യുഎസ് ഡോളറായിരുന്നു വില. അതായത് ഏകദേശം 70,000 ഇന്ത്യൻ രൂപയോളം വിലവരും ഒരു കിലോ തടിക്ക്. ഈ മോഹവില തന്നെയാണ് അഗർവുഡിന്റെ നാശത്തിന് കാരണമായതും.  കഴിഞ്ഞ 150 വര്‍ഷത്തിനിടെ നടന്ന വനത്തില്‍ നിന്നുള്ള വ്യാപകമായ കൊള്ള മൂലം അഗര്‍വുഡ് വൃക്ഷങ്ങളിലെ 80 ശതമാനവും ഇല്ലാതായി. അവശേഷിക്കുന്ന 20 ശതമാനവും പ്രത്യേക സംരക്ഷണമില്ലാതെ നശിച്ച് പോകാവുന്നതോ കൊള്ള ചെയ്യാവുന്നതോ ആയ അവസ്ഥയിലാണുള്ളത്.


ഇന്ത്യയില്‍ ഏറ്റവുമധികം വനം കൊള്ള നടക്കുന്ന അസമിലെ വനമേഖലകളില്‍ ഈ വൃക്ഷം പൂര്‍ണമായും ഇല്ലാതായെന്നാണു കണക്കാക്കുന്നത്. അഗര്‍വുഡ് വൃക്ഷങ്ങളുടെ സുഗന്ധത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അറിവില്ലായ്മയും മരകൊള്ളക്ക് കാരണമായിട്ടുണ്ട്. അക്വലേറിയ മലാസെന്‍സിസ് എന്ന ശാസ്ത്രനാമമുള്ള ഈ വൃക്ഷം പ്രത്യേക ഇനത്തില്‍ പെട്ട പൂപ്പല്‍ ബാധിക്കുമ്പോള്‍ മാത്രമാണ് സുഗന്ധം ഉണ്ടാക്കുന്നത്. ഇതാകട്ടെ 100 മരത്തിൽ 10 എണ്ണത്തിന് മാത്രമേ ഉണ്ടാകൂ. ഇതറിയാതെ എല്ലാം വെട്ടി വിറ്റത് നാശത്തിലേക്കുള്ള വഴി എളുപ്പമാക്കി. സുഗന്ധം പൊഴിക്കാത്തവയ്ക്ക് വിലയും ലഭിക്കില്ല.


പ്രത്യേക സംരക്ഷിത ഇനമായി കണ്ട് സംരക്ഷണം നൽകി ഈ സുഗന്ധ മരത്തെ നിലനിർത്തേണ്ടതുണ്ട് . മലേഷ്യയും ശ്രീലങ്കയുമെല്ലാം ഈ മരങ്ങളെ പ്ലാന്റേഷൻ മാതൃകയിൽ വച്ച് പിടിപ്പിക്കുന്നുണ്ട്. ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും അനുകൂല സാഹചര്യമുള്ള വടക്ക് - കിഴക്കൻ ഇന്ത്യയിലും ഈ മാതൃകയിൽ മരം വച്ച് പിടിപ്പിച്ച് അഗർവുഡിന്റെ വംശ നാശ ഭീഷണിയെ തടയാവുന്നതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment