അഗസ്ത്യ മലയിലെ ആരോഗ്യ പച്ചയും അഗസ്ത്യ വാർഡിലെ അഗസ്ത്യ മരവും 




പശ്ചിമഘട്ട വന മേഖലയിൽ കാണപ്പെടുന്ന ഔഷധ സസ്യമായ ആരോഗ്യപ്പച്ച, Trichopus zeylanicus എന്ന ശാസ്ത്ര നാമത്താൽ അറിയപ്പെടുന്നു.  സംസ്കൃത നാമം ഋഷി ഭോജ്യം,ജീവനി എന്നിങ്ങനെയാണ്‌. ഏകദേശം 30 cm പൊക്കത്തിൽ വളരുന്ന വള്ളിച്ചെടിയാണ്‌ ഇത് ഇലകൾ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്‌. വളരെ ചെറിയ പൂക്കൾ.കായ്കൾ ചെറുതുമാണ്. 


വിഷ ചെടിയായി കാണി സമുദായം കണ്ടു വന്ന ചാത്താൻ കിഴങ്ങിനെ പിൽക്കാലത്ത് ആരോഗ്യ ദായകമായ ചെടിയായി അവർ തന്നെ തിരിച്ച റിഞ്ഞു. അഗസ്ത്യ മല നിരകളിലെ കോട്ടൂർ ചോനം പാറ കോളനിയിലെ കാണിക്കാരായ കുട്ടി മാത്തൻ കാണിയും മല്ലൻ കാണിയുമാണ് 1987 ൽ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർക്ക് കാണിച്ചു കൊടുത്തത്. കാട്ടിലെ പഠനത്തിനു വന്ന ശാസ്ത്രജ്ഞർ ഇടയ്ക്ക് വിശ്രമിക്കാ നായി ഇരുന്നപ്പോഴാണ് കാണിക്കാർ അവിടെ കാണപ്പെടുന്ന ചെടിയുടെ ഇലയും കായും കഴിക്കുന്നത് കണ്ടത്. എട്ടു വർഷത്തെ പരീക്ഷണത്തിനു ശേഷം അതിൽ നിന്ന് ‘ജീവനി’ എന്ന ഔഷധം നിർമിച്ചു.പ്രതിരോധ ശക്തി വർദ്ധനക്കും രക്ത അളവ് കൂട്ടാനും ‘ജീവനി’ ആയുർ വേദത്തിൽ ഉപയോഗിക്കുന്നു.


അഗസ്ത്യ മരവും അഗസ്ത്യ വാർഡും


Sesbania grandiflora എന്ന അഗസ്ത്യ മരത്തിൻ്റെ പേരിൽ അറിയപ്പെടുന്ന അഗസ്ത്യ വാർഡിലെ (മുക്കം ,കോഴിക്കോട്) 326 വീടുകളിലും പ്രസ്തുത മരം വെച്ചു പിടിപ്പിച്ചിരിക്കുന്നു. ലോക് ഡൗണി‍ൻ്റെ തുടക്ക കാലത്താണ്​ മരം വെച്ചു പിടിപ്പിക്കുവാൻ തുടങ്ങിയത്. വിറ്റാമിനും മറ്റ് പോഷകാംശങ്ങളും അടങ്ങിയ മരത്തിൻ്റെ ഇലയും പൂവും ഭക്ഷ്യ യോഗ്യമാണ്. അഗസ്ത്യ മുനി തിരിച്ചറിഞ്ഞ ഈ ചെടിക്ക്  അഗസ്ത്യ മരം എന്ന പേർ അതു കൊണ്ടു ലഭിച്ചു എന്നാണ് കരുതുന്നത്. തമിഴിൽ അഗത്തി ചീരയെന്നും മലയാളത്തിൽ അഗസ്തി എന്നുമാണ് പറയപ്പെടുന്നത്. രണ്ടു തരത്തിലുള്ള അഗസ്ത്യ വൃക്ഷങ്ങളാണുള്ളത്. ചുവന്ന പൂവുള്ളതും വെളുത്ത പൂവുള്ളതും. വെളുത്ത പൂവുള്ള ഇനമാണ് അഗസ്ത്യ മുഴി വാർഡിൽ കൃഷി ചെയ്തത്. ശ്രീ. KBR കണ്ണൻ എന്ന ജൈവകർഷകനാണ് വാർഡുമെമ്പറുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കിയത്. അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയിലൂടെ നടപ്പിലാക്കിയ പരിപാടി പ്രാദേശികമായ സസ്യങ്ങളെ സംരക്ഷിക്കുവാൻ സഹായകരമാണ്.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment