അന്തരീക്ഷ മലിനീകരണം കൂടുന്നു; ഡൽഹിയിൽ വീണ്ടും ഒറ്റ-ഇരട്ട അക്ക ഗതാഗതനിയന്ത്രണം




ന്യൂഡല്‍ഹി: ദിവസങ്ങള്‍ കഴിയുന്തോറും കൂടികൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റ-ഇരട്ട അക്ക ഗതാഗതനിയന്ത്രണം വീണ്ടും കൊണ്ടുവരുന്നു. നവംബര്‍ 4 മുതല്‍ 15 വരെ പരിഷ്​കാരം നടപ്പാക്കാനാണ്​ അരവിന്ദ്​ കെജ്​രിവാള്‍ സര്‍ക്കാറിന്റെ തീരുമാനം. ശൈത്യകാലത്ത്​ ഉണ്ടാവുന്ന മലിനീകരണം കുറക്കുകയാണ്​ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്​.


പന്ത്രണ്ട് ദിവസത്തേയ്ക്ക് കൊണ്ടുവരുന്ന ഈ നിയന്ത്രണം നടപ്പിലാക്കുന്നത് ദീപാവലിക്ക് ശേഷമായിരിക്കും. ഒറ്റ-ഇരട്ട അക്ക നമ്ബറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് നിരത്തില്‍ ഇറക്കേണ്ടത്. സംസ്ഥാനത്തെ മലിനീകരണം നിയന്ത്രിക്കാന്‍ വേണ്ടിയാണ് വീണ്ടും പദ്ധതി നടപ്പില്‍ വരുത്തുന്നതെന്നും ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. വിദഗ്​ധരുമായി കൂടിക്കാഴ്​ച നടത്തിയതിന്​ ശേഷമാണ്​ കെജ്​രിവാള്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം മലിനീകരണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ മാസ്കുകളും വിതരണം ചെയ്യും. മാത്രമല്ല മലിനീകരണ പരാതികള്‍ക്കായി ഒരു വാര്‍റൂമും സൃഷ്ടിക്കും.


ഈ പദ്ധതിയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിന്നപ്പോള്‍ തന്നെ പടക്കങ്ങള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും ഡല്‍ഹി മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടുതന്നെ ഡല്‍ഹി നിവാസികള്‍ പടക്കം പൊട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഛോട്ടി ദീപാവലിയ്ക്ക് ഡല്‍ഹിയില്‍ മുഴുവന്‍ ലേസര്‍ ഷോ സംഘടിപ്പിക്കുമെന്നും, അതില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി അതുകണ്ടശേഷം ജനങ്ങള്‍ പടക്കം പൊട്ടിക്കില്ലയെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.


2016 ല്‍ രണ്ട് തവണയായി ഗതാഗത നിയന്ത്രണം കേജ്‌രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. നിയന്ത്രണം വന്നാല്‍ ഒറ്റ തീയതികളില്‍ ഒറ്റ അക്ക രജിസ്ട്രേഷന്‍ നമ്ബരുള്ള വാഹനങ്ങള്‍ക്കും ഇരട്ട തീയതികളില്‍ ഇരട്ട അക്ക രജിസ്ട്രേഷന്‍ നമ്ബരുള്ള വാഹനങ്ങള്‍ക്കും മാത്രം സര്‍വീസ് നടത്താം.


എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ ഈ നിയന്ത്രണം ആവശ്യമില്ലാത്തതാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. മാത്രമല്ല കേന്ദ്രസര്‍ക്കാരിന്‍റെ ആസൂത്രിത പദ്ധതികള്‍ കാരണം റിംഗ് റോഡിലെ മലിനീകരണം ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഞങ്ങളുടെ ഈ ആസൂത്രിത പദ്ധതികള്‍കൊണ്ട് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഡല്‍ഹിയെ മലിനീകരണത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment