വായു മലിനീകരണം: ഇന്ത്യയിൽ ഒരു വർഷം കൊല്ലപ്പെട്ടത് പന്ത്രണ്ട് ലക്ഷം പേരെന്ന് ഞെട്ടിപ്പിക്കുന്ന കണക്ക് 




ഇന്ത്യയിലെ മലിനീകരണം കൊണ്ട് മരണപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ മരിക്കുന്നത് വായു മലിനീകരണം കൊണ്ടാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ വായു മലിനീകരണം കൊണ്ട് മരിക്കുന്നതിന് ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യ. 2017 ൽ മാത്രം 12 ലക്ഷം പേരാണ് വായു മലിനീകരണം കാരണമായി രാജ്യത്ത് മരിച്ച് വീണത്. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് എഫ്ഫക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് (HEI) പുറത്ത് വിട്ട ഗ്ലോബൽ എയർ 2019 എന്ന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകൾ ഉള്ളത്.


ഇന്ത്യ തുടർന്ന് വരുന്ന വികലമായ വികസന നയങ്ങൾ തന്നെയാണ് ഇന്ത്യയുടെ വായു മണ്ഡലത്തെ ഇത്രയധികം വിഷമയമാക്കിയതിന് പിന്നിൽ. പരിസ്ഥിതി സൗഹൃദമാണോ എന്ന് പോയിട്ട് പരിസ്ഥിതിക്ക് എത്രത്തോളം ദോഷം ഉണ്ടാക്കും എന്ന് പോലും നോക്കാതെയാണ് നമ്മൾ പല വികസന നയങ്ങളും കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്നത്. 


അനിയന്ത്രിതമായി ഉയരുന്ന വാഹനപ്പെരുപ്പവും വായുവാലിനീകരണത്തിന്റെ മുഖ്യ കാരണമാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ഒരാൾക്ക് എത്ര വാഹനങ്ങളും വാങ്ങാമെന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. ഇതുകൊണ്ട് തന്നെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ഇരുചക്രമായും കാറായും നിരവധി വാഹനങ്ങൾ ഇപ്പോൾ ഉപയോഗിച്ച് വരുന്നു. പൊതു വാഹനങ്ങളെ ആശ്രയിക്കുന്നത് ഏറെ പാവപ്പെട്ട ആളുകളോ ദീർഘദൂര യാത്രക്കാരോ ആണ്. അൽപം സ്ഥിതിയുള്ള ഓരോ ആളുകളുടെ വീട്ടിലും ഒരു മോട്ടോർ വാഹനമെങ്കിലും നിലവിലുണ്ട്. ഒരേ ദിശയിൽ പോകുന്ന ഒരേ വീട്ടിലെ ആളുകൾ തന്നെ പല വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഈ വാഹനങ്ങൾ പുറംതള്ളുന്ന പുകപടലങ്ങൾ വായു മലിനമാക്കുന്നതിൽ മുന്നിലാണ്.


ഹെൽത്ത് എഫ്ഫക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രകാരം 2017 ൽ ലോകത്താകെ അമ്പത് ലക്ഷം ആളുകൾ വായുമലിനീകരണം മൂലം മരിച്ചു എന്നാണ് റിപ്പോർട്ട് തെളിയിക്കുന്നത്. ഇന്ത്യയിലും ചൈനയിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഈ രണ്ട് രാജ്യങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം കൂട്ടിയാൽ ആഗോള തലത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ പകുതിയിലേറെ വരും. ഇതിൽ 12 ലക്ഷം ഇന്ത്യയിൽ നിന്നും മാത്രമാണ്.


ഇന്ത്യയിൽ മറ്റ് ആരോഗ്യപ്രശ്ങ്ങളെക്കാളൊക്കെ വലിയ പ്രശ്‌നമാണ് വായുമലിനീകരണം എന്നാണ് പഠനം കണ്ടെത്തുന്നത്. പുകവലിയേക്കാൾ കൂടുതൽ ആളുകളെ കൊല്ലുന്നത് നഗരത്തിലെ വായുമലിനീകരണമാണ്. ശ്വാസകോശാർബുദം, ഹൃദയാഘാതം, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുടെയെല്ലാം മുഖ്യകാരണം വായുമലിനീകരമാണെന്നും പഠനം സ്ഥാപിക്കുന്നുണ്ട്. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന വായുമലിനീകരണം മൂലം ആയുർദൈർഖ്യം ആഗോളതലത്തിൽ 20 മാസം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. 


ഇന്ത്യയിലെ അവസ്ഥ കുറച്ച് കൂടി രൂക്ഷമാണ്. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ ആയുർദൈർഖ്യംഏകദേശം രണ്ടര വർഷത്തോളം കുറഞ്ഞേക്കും. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന, എൽ പി ജി പ്രോഗ്രാം, സ്വച്ച് ഭാരത് മുതലായവയൊക്കെ ഇപ്പോഴത്തെ അവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യാശിക്കുന്നുണ്ട്. എന്നാൽ സ്വച്ച് ഭാരത് പോലുള്ള കൊട്ടിഘോഷിക്കപ്പെട്ട പദ്ധതൈകളുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് നമുക്കറിയാം. അത്‌കൊണ്ട് തന്നെ റിപ്പോർട്ടിൽ പങ്ക്‌വെക്കുന്ന പ്രത്യാശ കൊണ്ട് നമുക്ക് ആശ്വസിക്കാനാവില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment