വായു മലിനീകരണം: പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുന്നു




ന്യൂഡല്‍ഹി: വായുമലിനീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി. കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറക്കുക.


അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നടപ്പായിത്തുടങ്ങാനും റോഡ് ടാക്സിന്റെ പത്ത് മുതല്‍ 25 ശതമാനം വരെ തുകയാവും ഗ്രീന്‍ ടാക്സായി ഈടാക്കുന്നതിനും തീരുമാനം ആയിട്ടുണ്ട്. ഫിറ്റ്‌നസ് പുതുക്കുന്ന സമയത്ത് വാഹനം എട്ട് വര്‍ഷത്തിലധികം പഴക്കമുളളതാണെന്ന് കണ്ടെത്തിയാല്‍ നികുതി ഈടാക്കും.


ഉയര്‍ന്ന വായുമലിനീകരണമുളള സ്ഥലങ്ങളില്‍ റീ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 50 ശതമാനം വരെ നികുതിയും ഈടാക്കിയേക്കും. കാലപ്പഴക്കം ചെന്ന, വായുമലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് പ്രത്യേക നികുതിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുളള സര്‍ക്കാര്‍ വാഹനങ്ങള്‍ പിന്‍വലിച്ച്‌ നശിപ്പിക്കും.


ഉപയോഗിക്കുന്ന ഇന്ധനവും വാഹനവും പരിഗണിച്ച്‌ നികുതി വ്യത്യാസപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യും. എല്‍ പി ജി, എതനോള്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളും ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും നികുതിയില്‍ നിന്ന് ഒഴിവായേക്കും. കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കും. യാത്രാ ബസുകള്‍ക്ക് കുറഞ്ഞ ഗ്രീന്‍ ടാക്സ് ചുമത്തുമെന്നും സൂചനയുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment