വായുമലിനീകരണമൂലം 50 കോടി ഇന്ത്യക്കാരുടെ ആയുസ്സിൽ നിന്ന് ഏഴ് വർഷം കുറയും




ഇന്ത്യക്കാരുടെ ജീവന് വായുമലിനീകരണം ഭീഷണിയാകുന്നു. വായുമലിനീകരണംമൂലം 50 കോടി ഇന്ത്യക്കാര്‍ ഏഴുവര്‍ഷം തങ്ങളുടെ ആയുസ്സിൽ നിന്ന് കുറയും. അതായത് രാജ്യ ജനസംഖ്യയുടെ അമ്പത് ശതമാനത്തോളം പേർ യഥാർത്ഥത്തിൽ മരിക്കേണ്ടതിനേക്കാൾ ഏഴ് വര്ഷം മുൻപ് മരിക്കും. ഏഷ്യയിലെ ഏറ്റവും മലിനീകരമുണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം.


രാജ്യത്ത് ഏറ്റവും കൂടുതൽ മലിനീകരണത്തിന് ഇരയാകുന്നത് ഉത്തരേന്ത്യയിൽ ഉള്ളവരാണ്. പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, യുപി, ചാണ്ഡിഗഢ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയിടങ്ങളിലാണ് ഏറ്റവും കൂടുതൽ മലിനീകരണം. 480 മില്യണ്‍ പേരാണ് ഇവിടങ്ങളിൽ വായുമലിനീകരണത്തിന്റെ ഇരകള്‍.


വായുമലിനീകരണം ഗുരുതരമായതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. വായുനിലവാര സൂചികയില്‍ മലിനീകരണത്തോത് 200 എന്ന അളവുകോല്‍ കടന്നാല്‍ അന്തരീക്ഷനില സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ സൂചികയില്‍ 459 രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഇത് 410ആയിരുന്നു.


ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിച്ചതിന്റെ വിഷപ്പുകയ്ക്കുപുറമെ, ഹരിയാണയിലും പഞ്ചാബിലും യുപിയിലും വിളവെടുപ്പിനുശേഷം കൃഷിയിടങ്ങളില്‍ തീയിട്ടതും ഡല്‍ഹിയിലെ അന്തരീക്ഷത്തെ മലിനമാക്കി. ഓരോ 22 മൈക്രോഗ്രാം പ്രതി ക്യൂബിക് മീറ്റര്‍ മലിനവായുശ്വസിച്ചാല്‍ ഒരു സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തല്‍.


ഏഷ്യയിലെ ഏറ്റവും വായുമലിനീകരണമുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കൊപ്പം ചൈനയുമുണ്ട്. ലോകത്തെ 36 ശതമാനം ജനങ്ങളും വസിക്കുന്നത് ഈ രാജ്യങ്ങളിലാണ്. നേപ്പാളിലാണ് ഏറ്റവുംകൂടുതല്‍ മലിനീകരണം. തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്. ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍ എന്നിവയാണ് പട്ടികയില്‍ തുടര്‍ന്നുവരുന്ന രാജ്യങ്ങള്‍.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment