ആലപ്പാട് കരിമണല്‍ ഖനനം: സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉൾപ്പെടുത്തണം




കരിമണൽ ഖനനം ആലപ്പാട് ഗ്രാമത്തെ കാർന്ന് തിന്നുന്നതിനെതിരെ ആലപ്പാട് നിവാസികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 150 ദിവസങ്ങളിലേക്ക് കടക്കുകയാണ്. ഖനനം നിർത്താതെ പുറകോട്ടില്ലെന്ന നിലപാടിലാണ് സമരം നടത്തുന്ന ആലപ്പാട് ജനത. അതേസമയം, ഖനനം നിർത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പകരം ഖനനത്തിന് ആഘാതങ്ങളെ കുറിച്ച് പഠനം നടത്താൻ സമിതിയെ നിയമിച്ചിരിക്കുകയാണ്.


എന്നാൽ സർക്കാർ നിശ്ചയിച്ച സമിതിയിൽ ആലപ്പാട് തീരദേശ വാസികൾ ആരുമില്ല. പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം സമരസമിതി ഉയർത്തുന്നുണ്ട്. പഠനവും റിപ്പോര്‍ട്ടും വൈകുന്നതിന് പിന്നില്‍ കെഎംഎംഎല്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.


ഖനനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പഠന സംഘത്തില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെയും സ്ഥലവാസിയെയും കൂടി ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാനമായിട്ടും സമര സമിതി മുന്നോട്ട് വെക്കുന്ന ആവശ്യം. പഠനം സംബന്ധിച്ച ഒരു അറിയിപ്പും സമരസമിതിക്ക് ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. 


മേഖലയിലെ കാലാവസ്ഥാ വ്യതിയാനം മുതല്‍ ജലസ്രോതസ്സുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വരെ പഠന വിഷയമാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ ഒരു പഠനത്തിന്റെ പോലും ആവശ്യമില്ലാതെ ഖനനം ആലപ്പാട് വില്ലേജിൽ ഉണ്ടാക്കിയ ആഘാതങ്ങൾ ആലപ്പാട് സന്ദർശിക്കുന്ന ഏതൊരാൾക്കും മനസിലാക്കാവുന്നതാണ്. എന്നിട്ടും പഠനത്തിന്റെ പേരിൽ സർക്കാർ തീരുമാനം വൈകുകയാണ്.


പഠന സമിതിയുടെ ആഘാത പഠന റിപ്പോർട്ട് കിട്ടാതെ ആലപ്പാട് വിഷയത്തിൽ സർക്കാർ നടപടി എടുക്കില്ല. ഇതറിയാവുന്ന പഠന സമിതി കെഎംഎംഎലിനു വേണ്ടി ഒത്തുകളിക്കുകയാണെന്ന വാദവും ഉയരുന്നുണ്ട്. ആലപ്പാടിന്റെ കാര്യത്തിൽ സർക്കാർ ഇടപെട്ടു എത്രയും വേഗം നടപടിയെടുക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം കേരളത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലെങ്കിലും സർക്കാർ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment