ആലപ്പാടിന്റെ വ്യാകുലതകളിൽ അണിചേരലാണ് ജനാധിപത്യത്തിന്റെ ഉത്തമ ധർമം




ആലപ്പാട് ഗ്രാമീണര്‍ നടത്തി വരുന്ന നിരാഹാര സമരം  100 ദിവസം പിന്നിട്ടിരിക്കുന്നു. കേരള വികസനത്തിന്‍റെ ഭാഗമായി ഒരു ഗ്രാമം കടലില്‍ മുങ്ങിക്കൊണ്ടിരിക്കെ അവരുടെ വ്യാകുലതകളില്‍ അണിചേരലാണ് ജനാധിപത്യത്തിന്‍റെ ഉത്തമ ധര്‍മ്മം

 

അറബിക്കടലിന്‍റെയും പശ്ചിമഘട്ടത്തിന്‍റെയും തലോടലിലും തണലിലും കഴിഞ്ഞു വരുന്ന കേരളക്കരയുടെ നിലനില്‍പ്പില്‍ ആലപ്പാടുപോലെയുള്ള  ഗ്രാമങ്ങളുടെ സംഭാവനകള്‍ അളന്നു തിട്ടപെടുത്തുവാന്‍ കഴിയുന്നതല്ല. പ്രകൃതി പ്രതിഭാസങ്ങളിലൂടെ  കേരളത്തിനു ലഭിച്ച കരിമണല്‍ എന്ന അപൂര്‍വ്വ വസ്തുവിന് കേരളത്തിന്‍റെ സാമ്പത്തിക പ്രതിച്ഛായയെ അടിമുടി മാറ്റി മറിക്കുവാന്‍ കഴിവുണ്ട്.അതിന്‍റെ കാവല്‍ക്കാരും കൈവശാവ കാശക്കാരുമായ ആലപ്പാട്ടെയും ആറാട്ടുപുഴപോലെയുള്ള ഗ്രാമങ്ങളിലേയും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തി കൊണ്ടായിരിക്കണം അവരുടെ കാല്‍കീഴിലെ മണ്ണിനെ പറ്റി മറ്റുള്ളവര്‍ സംസാരിക്കേണ്ടത്.

 

കേരളത്തിന്‍റെ കാലാതീതമായി നിലനില്‍ക്കുവാനുള്ള അവകാശത്തെ മാനിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടു പോകുവാന്‍ കഴിയുകയുള്ളൂ. അവയുടെ സുരക്ഷ നിയമങ്ങള്‍ അനുസരിച്ചെങ്കിലും  ഉറപ്പുവരുത്തണം.നാടിന്‍റെ ഉല്‍ക്കണ്ഠകള്‍ പരിഹരിക്കപ്പടെണം.ജനങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കണം . കടലാക്രമണങ്ങളെ ഒഴിവാക്കികൊണ്ട്, ഉത്തരവാദിത്തത്തോടെ കരിമണലില്‍ നിന്നും വേണ്ട വിഭവങ്ങള്‍ വേര്‍തിരിച്ച ശേഷം മണല്‍ ശാസ്ത്രീയമായി തിരിച്ചെത്തിക്കുകയാണ് ജനാധിപത്യ സര്‍ക്കാര്‍ കൈകൊള്ളേണ്ട സമീപനം (നെതര്‍ലന്‍ഡില്‍ കടലാക്രമണം ഒഴിവാക്കുവാന്‍ മണ്‍ത്തിട്ട (Sand dunes)കളെ തന്നെ ഉപയോഗിക്കുന്നു.ജപ്പാൻ മരങ്ങളേയും).

 

 ചവറക്ക് തെക്കും വടക്കുമായി പാച്ചല്ലൂര്‍ മുതല്‍ വടക്കോട്ട്‌ ആലപ്പുഴവരെയുള്ള തീരങ്ങളിലെ കരിമണലില്‍ അടങ്ങിയിരിക്കുന്ന  ഘടകങ്ങൾ ഇല്‍മനിറ്റ്, റൂട്ടെട്ട്, സിര്‍ക്കോണ്‍,മോണോസൈറ്റ്, സിലിമനേറ്റ് എന്നിവയാണ്. ചവറ ഡിവിഷനിലെ 22 കി.മീ.നീളത്തിലെ മണ്ണില്‍ ഇല്‍മനിറ്റ് 7.9 കോടി ടൺ വരും (കേരളത്തിൽ മൊത്തം  10 കോടി ടൺ) റൂട്ടെറ്റ് അരക്കോടി ടണ്ണും ഉണ്ട്. 10 ലക്ഷം ടണ്ണിലധികമുള്ള മോണോസൈറ്റ്ല്‍ തോറിയം എന്ന ആണവ ശക്തിയുള്ള മൂലകം അടങ്ങിയിരിക്കുന്നു. ഒരു ടണ്ണ്‍ ഇല്‍മനിറ്റ്ല്‍ സാധാരണയായി 40 % ലധികം ടൈറ്റാനിയം ഉണ്ട് ചവറയില്‍ നിന്നുമുള്ള ഇൽമനൈറ്റിൽ  ടൈറ്റാനിയത്തിന്‍റെ തോത് 75%ത്തിലധികമാണ്. ചുരുക്കത്തില്‍  കേരളത്തിന്റെ സ്വത്തായ 10 കോടി ടണ്ണ്‍ ഇല്‍മനൈറ്റും 10 ലക്ഷം മോണോസൈറ്റും അത്ഭുതകരമായ സാമ്പത്തിക ശ്രോതസ്സുകളാണ്. മോണോസൈറ്റിൽ തോറിയവും സീറിയം ഗ്രൂപ്പില്‍ പെട്ട മൂലകങ്ങളും അടങ്ങിയിരിക്കുന്നു .ഒരു ടൺ ടൈറ്റാനിയത്തിന് ഇന്ന് 15  ലക്ഷമാണ് ശരാശരി വില. കേരളത്തിലെ കരിമണലില്‍ അടങ്ങിയിരിക്കുന്ന ഏറെ കരുത്ത് ഉള്ളതും ഭാരം കുറഞ്ഞതുമായ 7 കോടി ടണ്ണ്‍ ടൺ വരുന്ന വെള്ള ലോഹത്തിന്റെ (വിമാന നിര്‍മ്മിതി മുതല്‍ മരുന്ന് നിര്‍മ്മാണത്തില്‍ വരെ പങ്കാളിത്തമുള്ള) ആകെ മതിപ്പു വില 15 ലക്ഷം ഗുണം 7 കോടി എന്ന ഭീമാകാരമായ തുകയാണ് ( 105 ലക്ഷം കോടി).  ഇന്നാണെങ്കില്‍ സംസ്ഥാനത്തിന്റെ  സാമ്പത്തിക രംഗത്ത് കരിമണല്‍  വളരെ ചെറിയ സംഭാവന മാത്രമെ നല്‍കുന്നുള്ളൂ.

     

ഒരു നൂറ്റാണ്ടിന്റെ മൊത്തം കേരള  ബജറ്റു തുകകളിൽ ഒട്ടും കുറവല്ലാത്ത പണം തന്ന് സംസ്ഥാനത്തെ സാമ്പത്തികമായി രക്ഷിക്കുവാൻ കഴിയുന്ന  കരിമണൽ ശേഖരത്തിന്റെ നീക്കം  ഒരു ഗ്രാമത്തെ മുഴുവനായി കടലിൽ മുക്കി കൊണ്ടിരിക്കെ, അവ വരുത്തിവെക്കാവുന്ന പ്രതിസന്ധികൾ ആലപ്പാട് ഗ്രാമത്തിൽ ഒതുങ്ങി നിൽക്കുന്നില്ല. കഴിഞ്ഞ നാളുകളിൽ കടലിൽ നഷ്ടപ്പെട്ട 20000 ഏക്കർ ഭൂമിയിൽ രണ്ടു വലിയ നെൽപ്പാട ങ്ങളുണ്ടായിരുന്നു.  ലോകോത്തരമായിരുന്ന  ആലപ്പാട് കയർ  കേട്ടുകേഴ് വി മാത്രമായി. മത്സ്യ ബന്ധനം അവരുടെ ഉപജീവന മാർഗ്ഗമല്ലാതെയായി. വിശാലമായ കടൽ തീരം ഇന്ന് ഓർമ്മയിൽ മാത്രം  .സമൃദ്ധമായിരുന്ന തെങ്ങുകൾ ഇന്നവിടെയില്ല. കുടിവെള്ളം മുട്ടിക്കഴിഞ്ഞു. ചവറ മുതൽ  പ്രശ്നങ്ങൾ  രൂക്ഷമാണ്. കടലാമ്മയും കടൽ ഞണ്ടും മിന്നാമിനുങ്ങും നാടിനന്യമായി. 5000 കുടുംബങ്ങൾ പലായനം ചെയ്യേണ്ടി വന്നു. ഇന്നവിടെ അശേഷിക്കുന്നത് 2600O ആളുകൾ മാത്രം .TS കനാൽ മുറിഞ്ഞ് കടൽ കയറുവാൻ ഇനി കൂടുതൽ സമയം വേണ്ടതില്ല. അങ്ങനെ സംഭവിച്ചാൽ കരുനാഗപ്പള്ളി മുതൽ കായംകുളം (ഓണാട്ടുകര) വരെ ഉപ്പുവെള്ളം  ഇരുമ്പിക്കയറും.(സുന്ദർ ബന്ദിലും സോളമൻ ദ്വീപുകളിലും മറ്റും  സംഭവിച്ച പോലെ ) ആലപ്പാട്ടെ ജനങ്ങളുടെ സമരം ആലപ്പാടിനെ രക്ഷിക്കുവാൻ മാത്രമായിട്ടല്ല എന്നർത്ഥം.

 

ആലപ്പാട് ഗ്രാമത്തിന് ഖനനത്തിലൂടെ എന്തു സാമ്പത്തിക ലാഭം ഉണ്ടാകുന്നു?

 

 പഞ്ചായത്തിന്റെ ശുപാർശയോടെ (ഫീ 250 രൂപ) ജിയോളജി വകുപ്പ് 1.50 മീറ്റർ കുഴി വരെ മാത്രമേ മണ്ണെടുക്കൽ അനുവദിച്ചിട്ടുള്ളു. ആലപ്പാട് പോലെ സമ്പൂർണ്ണ  തീരദേശ സംരക്ഷണം ആവശ്യപ്പെടുന്ന നാട്ടിൽ 9 മീറ്റർ ആഴത്തിൽ മണലെടുക്കുന്നു. പ്രതിദിനം 100 മുതൽ 200 ലോറി മണൽ IRE ശേഖരിക്കുന്നുണ്ട് (1000 മുതൽ 2000 ടൺ) വൻ തോതിൽ തൂത്തുകുടിയിലേക്ക് (പ്രതിവർഷം) 5 ലക്ഷം ടണ്ണിനു മുകളിൽ അനധികൃത മണ്ണുകടത്തൽ നടന്നിരുന്നു. പ്രതിദിനം നിരവധി  sൺതിട്ടകൾ തട്ടിക്കയറ്റി ആലപ്പാടിനെ കടൽ വിഴുങ്ങുമ്പോൾ പഞ്ചായത്തിനു ലഭിക്കുന്നതാകട്ടെ പ്രതിവർഷം 2 ലക്ഷം രൂപയും. പ്രദേശങ്ങളിലെ 9 സ്ക്കൂളുകൾ കടലെടുത്തു. അത്രയും തന്നെ വായനശാലകൾ നിരവധി ദേവാലയങ്ങൾ. റോഡുകൾ എല്ലാം നഷ്ടപ്പെട്ടു.

 

അത്യപൂർവ്വമായ  പ്രകൃതിദുരന്തങ്ങൾ ഏറ്റുവാങ്ങിയ കേരളത്തിന്റെ കടൽ തീരങ്ങൾ തകരുകയാണ്.പശ്ചിമഘട്ട മല നിരകൾ അടർന്നു വീഴുന്നു.  നദികൾ വരളുകയും വൻ കുത്തൊഴുക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. നെൽപ്പാടങ്ങൾ,മറ്റു തണ്ണീർതടങ്ങൾ കരഭൂമിയായി.കായലുകൾ  തോടുകളെ ഓർമ്മിപ്പിക്കും വിധം ചുരുങ്ങിക്കഴിഞ്ഞു. കടൽക്ഷോഭം വർദ്ധിച്ചു.

 

കേരളത്തിന്റെ പ്രകൃതിസംരക്ഷണം സാധ്യമാകാത്ത എല്ലാ പദ്ധതികളും നാടിനെ നിഷ്പ്രഭമാക്കും. മലനിരകളിലെ അനിയന്ത്രിത ഖനനം ഉണ്ടാക്കുന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലും തടയുവാൻ ഒരു ശാസ്ത്ര സംവിധാനത്തിനും കഴിയില്ല. വറ്റിവരണ്ട നദിയും ഇല്ലാതാകുന്ന തണ്ണീർ തടങ്ങളും  മരുഭൂമിയാക്കി മാറ്റുന്ന മണ്ണിൽ കൃഷിയും ജീവിതവും അസാധ്യമാണ്. വർദ്ധിച്ച കടൽക്ഷോഭം കരകളെ വിഴുമ്പോൾ ഏതു വികസനവും ദുരന്തമായി പര്യവസാനിക്കും.

 

നശിച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ  ഇരകളിലൊന്നാണ്  അലപ്പാട് ഗ്രാമം .നാടിന്റെ സാമ്പത്തിക രക്ഷകനാകേണ്ട കരിമണൽ  കേരളത്തിന്റെ ശിക്ഷകനാകുന്ന അവസ്ഥ ജനാധിപത്യത്തിന്റെ വിശ്വാസിയതയെ ചോദ്യം ചെയ്യലായി കരുതാം.

 

#Save Alappadu is to Save Kerala itself

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment