തിരുവോണം നാളിൽ കൂട്ട നിരാഹാരവുമായി ആലപ്പാട് നിവാസികൾ 




ആലപ്പാട് കരിമണൽ ഖനന വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനശ്ചിത കാല നിരാഹാരത്തിന്റെ ഭാഗമായി തിരുവോണ നാളിൽ ആലപ്പാട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ നിരാഹാരം അനുഷ്ഠിക്കുന്നു. സമരം മുന്നൂറ്റി പതിനാല് ദിവസം എത്തിയിട്ടും ജനത്തിന്റെ ആവശ്യങ്ങളെ അനുഭാവപൂർവം പരിഗണിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ടും, സീ വാഷിങ് വീണ്ടും തുടങ്ങുമെന്നുളള മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കൊണ്ടുമാണ് കൂട്ട നിരാഹാര സമരം തിരുവോണ നാളിൽ സംഘടിപ്പിക്കുന്നതെന്ന് സമര സമിതി അറിയിച്ചു.


സർക്കാർ ഖനന വിഷയം പഠിക്കാൻ നിയോഗിച്ച സമിതി പഠന റിപ്പോർട്ട് നൽകി എന്നാണ് വിവരം. എന്നാൽ അവർ സമര സമിതിയോടോ, ഏതെങ്കിലും അംഗങ്ങളോടോ നാട്ടുകാരോടോ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. അത്തരം ഒരു റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ല എന്ന് സമര സമിതി അറിയിച്ചു. 2017 ൽ നിയമ സഭാപരിസ്‌ഥിതി കമ്മിറ്റി നിയമ സഭാ മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൻ മേൽ അന്നൊന്നും നടപടി എടുക്കാതെ കമ്പനിക്ക് അനുകൂലമായ ചില നിർദേശങ്ങൾ ഇപ്പോൾ ചൂണ്ടി കാണിച്ച് കൊണ്ട് അവർക്കനുകൂലമായി ഉള്ള കാര്യങ്ങൾ മാത്രം നടപ്പിലാക്കുന്നത് ആലപ്പാട്ടെ ജനതയോടുള്ള വെല്ലുവിളിയാണെന്നും സമര സമിതി ആരോപിച്ചു. 


പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമര പന്തലിൽ പരിപാടി നടത്തുമെന്നും സമര സമിതി അറിയിച്ചു. ആലപ്പാട് കരിമണൽ ഖനന വിരുദ്ധ സമര സമിതിക്ക് വേണ്ടി ജനറൽ കൺവീനർ ശ്രീകല, ചെയർമാൻ കെ.ചന്ദ്രദാസ്  എന്നിവർ അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment