ആലുവയിൽ അനധികൃത വയൽ നികത്തൽ; വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു




എറണാകുളം: ആലുവയിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ വയൽ നികത്തൽ. വെളിയത്തുനാട് തടിക്കക്കടവ് ജുമാ മസ്ജിദിനു മുന്നിലാണ് നിയമവിരുദ്ധ പ്രവർത്തനം. പരാതിയെത്തുടർന്ന് മണ്ണടിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മഠത്തിപ്പറമ്പിൽ ഹബീബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വയലാണ് നികത്തിയത്. 


വെള്ളിയാഴ്ച രാത്രി മുതലാണ് വെളിയത്തുനാട് തടിക്കക്കടവ് ജുമാ മസ്ജിദിനു മുന്നിൽ സ്വകാര്യ വ്യക്തി വയൽ നികത്തൽ ആരംഭിച്ചത്. ടോറസിൽ മണ്ണടിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതോടെ ആലങ്ങാട് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെയും പ്രവൃത്തികൾ തുടരുകയാണ് ഉണ്ടായത്. പൈലിംഗ് വേസ്റ്റ് കൊണ്ട് വന്നാണ് നികത്തൽ.


അതേസമയം, പ്രദേശത്ത് മുൻപും നെൽവയലും തണ്ണീർതടങ്ങളും വ്യാപകമായി നികത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നെൽകൃഷി നടന്നിരുന്ന മേഖല കൂടിയായിരുന്ന ഇവിടെ റിയൽ എസ്റ്റേറ്റ് ലോബി സജീവമാണ്. വയൽ നികത്തി മറിച്ചു വിൽക്കുന്ന സംഘങ്ങളും ധാരാളമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വയൽ നികത്തൽ മൂലം പല സ്ഥലങ്ങളിലും വെള്ളത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പരാതിപ്പെട്ടാൽ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് പ്രശ്‌നം ഒതുക്കി തീർക്കാറാണ് പതിവ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment