ഉംപുൻ ചുഴലിക്കാറ്റ് തീരം തൊട്ടു; കനത്ത നാശം വിതയ്ക്കുന്നു




കൊല്‍ക്കത്ത: ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കേറുന്നത്. ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അട‌ുത്ത നാല് മണിക്കൂറില്‍ ചുഴലിക്കാറ്റ് പൂ‍ര്‍ണമായും കരയിലേക്ക് കേറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളില്‍ 265 കീമീ വേ​ഗത്തില്‍ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ ദു‍‍ര്‍ബലമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കര തൊടുമ്പോഴും കാറ്റിന് 185 കീമീ വരെ വേ​ഗതയുണ്ടാവും എന്നാണ് പ്രവചനം ഈ സാഹചര്യത്തില്‍ പശ്ചിമബം​ഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കടുത്ത ജാ​ഗ്രതയാണ് നിലനില്‍ക്കുന്നത്


ദേശീയദുരന്തനിവാരണ സേനയുടെ വന്‍സംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്. ചുഴലിക്കാറ്റിന്റെ ഭാ​ഗമായി കൊല്‍ക്കത്ത നഗരം അതീവ ജാ​ഗ്രതയിലാണ്. മേല്‍പ്പാലങ്ങള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയില്‍ വന്‍നാശമാണ് റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി. വീടു തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു.


ബംഗാളില്‍ മൂന്നു ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങള്‍ ഇരു സംസ്ഥാനളിലുമായുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment