തിരുവനന്തപുരം മൃഗശാലയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ചത്തത് രണ്ട് അനാക്കോണ്ടകള്‍




തിരുവനന്തപുരം മൃഗശാലയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ചത്തത് രണ്ട് അനാക്കോണ്ടകള്‍. ചാവാൻ ഉണ്ടായ കാരണം വ്യക്തമല്ല. ഒരു കൂട്ടില്‍ കഴിഞ്ഞിരുന്ന മൂന്ന് അനാക്കോണ്ടകളില്‍ രണ്ടെണ്ണമാണ് 15 ദിവസത്തിനുള്ളില്‍ ചത്തത്. അടുത്തടുത്ത ദിവസങ്ങളില്‍ തീര്‍ത്തും അപ്രതീക്ഷിതമായി രണ്ടെണ്ണം ചത്ത സാഹചര്യത്തില്‍ മൂന്നാമത്തേതിനെ കൂട്ടില്‍ നിന്ന് ഒഴിപ്പിച്ചു. കൂട്ടിലെ വെള്ളം മാറ്റി അണുവിമുക്തമാക്കിയ ശേഷം മാത്രമെ ഇനി അനാക്കോണ്ടയെ കൂട്ടിലാക്കു എന്നാണ് അധികൃതര്‍ പറയുന്നത്.


ശ്രീലങ്കയില്‍ നിന്നും എത്തിച്ച ഏഴ് അനാക്കോണ്ടകളിലെ താരമായിരുന്ന ഏയ്ഞ്ചല എന്ന അനാക്കോണ്ടയാണ് ചത്തത്. 2014ലാണ് ശ്രീലങ്കയിലെ മൃഗശാലയില്‍ നിന്ന് ഏഴ് അനാക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വളര്‍ച്ചയും ശാരീരിക ഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും ഒരുക്കിയായിരുന്നു ഇവയുടെ സംരക്ഷണം. ഏയ്ഞ്ചല എന്ന അനാക്കോണ്ടയ്ക്ക് ഒമ്പത് വയസ്സുണ്ട്, മൂന്നര മീറ്ററാണ് നീളം.


ഇന്നലെ മൂന്ന് മണിയോടെ വെള്ളത്തില്‍ നിന്ന് കരയ്ക്കു കയറി കിടന്ന ഏയ്ഞ്ചല പിന്നീട് കെയര്‍ടേക്കര്‍ വന്ന് നോക്കിയപ്പോഴേക്കും ചത്ത നിലയിലായിരുന്നു എന്നാണ് മൃഗശാല അധികൃതര്‍ വ്യക്തമാക്കുന്നത്. രണ്ടാമത്തെ അനാക്കോണ്ടയും ചത്തതോടെ മൃതശരീരം പാലോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസില്‍ എത്തിച്ച്‌ വിശദമായ പരിശോധന നടത്തിയിരുന്നു. വന്‍കുടലില്‍ ക്യാന്‍സറിന് സമാനമായ വളര്‍ച്ചയും അണുബാധയും ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍


നേരത്തെ, ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്ന രേണുക എന്ന അനാക്കോണ്ടയും ചത്തിരുന്നു. എന്നാൽ അതിന്റെ കാരണം ഇപ്പോൾ ചത്ത ഏയ്ഞ്ചല ഞെക്കിക്കൊല്ലുകയായിരുന്നു. അതിന് ശേഷം മൃഗശാല അധികൃതര്‍ പാമ്ബിന്‍ കൂട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഏയ്ഞ്ചലയുടെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നാണ് ഡോക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. 


അതേസമയം, ആന്തരികാവയവങ്ങള്‍ മാറ്റിയ ശേഷം സ്റ്റഫ് ചെയ്ത് സൂക്ഷിക്കാവുന്ന വിധത്തില്‍ ഏയ്ഞ്ചലയുടെ മൃതശരീരം നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment