അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ന്യൂനമർദ്ദം




അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിപ്രാപിക്കുന്നു. ഇത് 'ഗതി' ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദവും ശക്തി പ്രാപിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ തമിഴ്‌നാട് തീരത്ത് ആഞ്ഞടിക്കും.


നവംബര്‍ 19 നാണ് തെക്കന്‍ അറബികടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. സോമാലിയ ഭാഗത്തേക്ക്‌ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഇന്ത്യ നിര്‍ദ്ദേശിച്ച 'ഗതി 'എന്ന പേരിലാകും ഈ ചുഴലിക്കാറ്റ് അറിയപ്പെടുക. നാളെ രാവിലെയോടെ 'ഗതി' സോമാലിയന്‍ തീരത്തു പ്രവേശിക്കാന്‍ സാധ്യതയേറി.


അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറും. തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ച്‌ ബുധനാഴ്ച രാവിലെ തമിഴ്നാട് -പുതുച്ചേരി തീരത്ത് കര തൊടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് ചുഴലിക്കാറ്റാകാനുള്ള സാധ്യത ചില കാലാവസ്ഥ മോഡലുകള്‍ പ്രവചിക്കുന്നുണ്ട്. അങ്ങനെ എങ്കില്‍ ഇറാന്‍ നിര്‍ദ്ദേശിച്ച 'നിവാര്‍' എന്ന പേരില്‍ അറിയപ്പെടും.


തമിഴ്നാട്,ആന്ധ്രാ സംസ്ഥാനങ്ങള്‍ക്കാണ് നിവാർ ഭീഷണിയാകുന്നത്. കേരളത്തില്‍ ഇതുവരെയുള്ള നിഗമന പ്രകാരം സാധാരണ മഴക്ക് മാത്രമാണ് സാധ്യത.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment