സേതുവിൻറെ പരാതി ; ക്വാറി ഉടമയെയും ഗുണ്ടകളെയും അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി കമ്മീഷൻ




ക്വാറി മാഫിയക്കെതിരെ സേതു നൽകിയ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി കമ്മീഷൻ. വീടാക്രമിച്ച ക്വാറി ഉടമയ്ക്കും ഗുണ്ടകൾക്കും എതിരെ നടപടി ആവശ്യപ്പെട്ട് സേതു 500 ദിവസത്തിലധികമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്. പരാതിയെ തുടർന്ന് പട്ടികജാതി കമ്മീഷൻ കിളിമാനൂർ തോപ്പിൽ പ്രവർത്തിക്കുന്ന ക്വാറി സന്ദർശിച്ചിരുന്നു. ഇതിന് ശേഷം ഇന്ന് നടന്ന സിറ്റിങ്ങിലാണ് പ്രതികൾക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം എന്ത് നടപടി സ്വീകരിച്ചു എന്ന് കമ്മീഷൻ ചോദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ക്വാറി ലൈസൻസ് ഉടമയുടെ പേരിൽ കേസെടുത്തിട്ടില്ലെന്നും പോലീസ് കമ്മീഷനെ അറിയിച്ചു. അടിയന്തിരമായി ക്വാറി ഉടമ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും കമ്മീഷൻ നിർദ്ദേശിച്ചു. അല്ലാത്ത പക്ഷം ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ പറഞ്ഞതായി സേതു പറയുന്നു. 

 

ക്വാറിയുടെ 100 മീറ്റർ പരിധിക്കുള്ളിൽ വീടുകൾ ഇല്ലെന്ന റവന്യൂ വകുപ്പ് റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചില്ല. കമ്മീഷൻ സ്ഥലം സന്ദർശിച്ചതാണെന്നും സത്യസന്ധമായ റിപ്പോർട്ടാണ് ആവശ്യമെന്നും കമ്മീഷൻ പറഞ്ഞു. കോളനിയിൽ രൂക്ഷമായ കുടിവെള്ള പ്രശ്നമുണ്ടെന്നും ഇത് അടിയന്തിരമായി പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സേതുവിൻറെ വീടിന് മുകളിൽ ക്വാറിയിൽ നിന്ന് പാറ തെറിച്ച് വീണതായി കളക്ടറുടെ പ്രതിനിധി സമ്മതിച്ചതായും ഇത് റവന്യൂ വകുപ്പ് തന്നെ മുൻപ് നൽകിയ റിപ്പോർട്ടിനെതിരാണെന്നും സേതു പറഞ്ഞു. ഇതിൽ നിന്ന് തന്നെ ഉദ്യോഗസ്ഥർ ക്വാറിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്ന് വ്യക്തമാണെന്നും സേതു പറയുന്നു. 

 

കിളിമാനൂർ തോപ്പിൽ പട്ടികജാതി  കോളനിക്ക് ഉള്ളിൽ  പ്രവർത്തിക്കുന്ന എ.കെ.ആർ എന്ന ക്വാറിയിൽ നിന്നാണ് സേതുവിൻറെ വീടിന് മുകളിലേക്ക് പാറ തെറിച്ച് വീണത്. ഇത് എടുക്കാനെത്തിയ ക്വാറി ഗുണ്ടകളെ തടഞ്ഞ സേതുവിൻറെ ഭാര്യയെയും മക്കളെയും ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സേതു പരാതി നൽകിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. 430 ദിവസത്തെ സമരത്തിന് ശേഷമാണ് പോലീസ് സേതുവിൻറെ ഭാര്യയിൽ നിന്ന് മൊഴിയെടുത്തത്. പട്ടികജാതി പീഡനനിരോധന നിയമപ്രകാരമുള്ള നടപടികൾ പോലീസ് സ്വീകരിക്കാത്തതാണ് കമ്മീഷന്റെ വിമർശനത്തിന് ഇടയാക്കിയത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment