അതിരപ്പിള്ളി പദ്ധതി: എതിർത്തും അനുകൂലിച്ചും രാഷ്‌ട്രീയ നേതൃത്വം




തൃശൂർ: സംസ്ഥാനത്തെ ജനങ്ങളുടെ പൊതു താൽപര്യം അവഗണിച്ച്, പരിസ്ഥിതിയെ മുച്ചൂട് മുടിക്കുന്ന അതിരപ്പിള്ളി പദ്ധതിയെ എതിർത്തും അനുകൂലിച്ചും രാഷ്‌ട്രീയ നേതൃത്വങ്ങൾ. സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിലെ പ്രബല കക്ഷിയായ സിപിഎം പദ്ധതിക്ക് കുടപിടിക്കുമ്പോൾ പദ്ധതിക്കെതിരെ പരസ്യ നിലപാടുമായി സി.പി.ഐ. രംഗത്തെത്തി. പദ്ധതിയെ എതിർക്കുന്നതായി പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയും കോൺഗ്രസും പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവും മുൻവൈദ്യത മന്ത്രിയുമായിരുന്ന കെ മുരളീധരൻ പദ്ധതിയെ അനുകൂലിച്ച് രംഗത്ത് വന്നു.

അതിരപ്പിള്ളി പദ്ധതി മുന്നണിയുടെ അജണ്ടയിലും പ്രകടന പത്രികയിലും ഇല്ലാത്ത കാര്യമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും കാനം വ്യക്തമാക്കി. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലെന്നായിരുന്നു മന്ത്രി എം.എം മണിക്ക് കാനം മറുപടി നല്‍കിയത്.


അതിരപ്പിള്ളി പദ്ധതി വേണം എന്നാണ് തന്‍റെ നിലപാടെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. കോണ്‍ഗ്രസില്‍ മുന്‍പ് വ്യത്യസ്ത നിലപാട് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സമവായത്തിലൂടെ നിലപാട് വേണമെന്ന് പറഞ്ഞത്. പദ്ധതിക്ക് തുടക്കം കുറിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു. പദ്ധതിക്കെതിരെ യു.ഡി.എഫ് രംഗത്ത് വന്നതിന് പിന്നാലെയാണ് മുരളീധരന്‍റെ പ്രതികരണം.


ഈ മാസം നാലിന് ഇറക്കിയ ഉത്തരവിലൂടെ ഊര്‍ജ്ജ വകുപ്പാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയത്. ഏഴു വര്‍ഷത്തേക്കാണ് എന്‍.ഒ.സി.അതിരപ്പള്ളി പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക അനുമതിക്കായി കേന്ദ്ര വൈദ്യുത അതോറിറ്റിയെ സമീപിക്കേണ്ടതുണ്ടെന്ന് കാണിച്ച്‌ കെ എസ് ഇ ബി ചെയര്‍മാന്‍ ഊര്‍ജവകുപ്പിന് കത്തയക്കുന്ന ജൂണ്‍ 1 നാണ്. 


ജൂണ്‍ 4 ന് തന്നെ എന്‍.ഒ.സി നല്‍കി ഊര്‍ജവകുപ്പ് ഉത്തരവിറക്കി. അനുമതികള്‍ റദ്ദായ ജല വൈദ്യുതി പദ്ധതികള‍് പുനപരിശോധിക്കാന്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റി 2019 ല്‍ തീരുമാനമെടുത്തിരുന്നു. ഇതിന്‍റ ഭാഗമായി അതിരപ്പള്ളി പദ്ധതി കൂടി സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു.163 മെഗാവാട്ട് ശേഷിയുള്ള പദ്ധതി ചാലക്കുടി പുഴയിലാണ് നടപ്പാക്കുക. 7 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക് കൂട്ടല്‍. 


അതേസമയം, പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്ത് വിലകൊടുത്തും പദ്ധതി നടത്തിപ്പ് തടയുമെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും വിവിധ സംഘടനകളും നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment