സാംസ്‌കാരിക - പരിസ്ഥിതി സംഘത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് അമ്പതോളം സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു




പി വി അൻവർ എംഎൽഎയുടെ അനധികൃത നിർമ്മാണങ്ങൾ കാണാനെത്തിയ സംഘത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെണ്ടേക്കുംപൊയിലിൽ അമ്പതോളം സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിട്ടു. കക്കാടം പൊയിൽ വെണ്ടേക്കുംപൊയിൽ മേഖലയിൽ പാർട്ടി നേതാക്കൾ പി വി അൻവറിന്റെ വാടക ഗുണ്ടകളും ക്വട്ടേഷൻ സംഘവുമായി പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചാണ് കൂട്ട രാജി പ്രഖ്യാപിച്ചത്. 


 കോടതി പൊളിക്കാൻ ഉത്തരവിട്ട തടയണയും  പാർക്കും ക്വാറികളും റിസോർട്ടുകളുമടക്കം കാണാൻ സാംസ്കാരിക - പരിസ്ഥിതി പ്രവർത്തകരെ  ഇവർ കക്കാടം പൊയിലിലേക്ക് ക്ഷണിക്കുകയും ചെയ്തു.


വെണ്ടേക്കുംപൊയിൽ കരിമ്പ് ആദിവാസുകളുടെ കുടിവെള്ളം പോലും മുട്ടിച്ചാണ് അൻവർ പ്രദേശത്ത് തടയണ നിർമിച്ചിട്ടുള്ളത്.അതുപോലെ പരിസ്ഥിതിക്ക് ദോഷകരമാകുന്ന രീതിയിൽ പി വി അൻവർ നിർമിച്ചിട്ടുള്ള വാട്ടർ തീം പാർക്ക്, റിസോർട്ടുകൾ, ഫാമുകൾ എന്നിവക്കെതിരെ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും നേതൃത്വം നടപടി എടുത്തില്ല. പകരം, അൻവർ പാർട്ടിയുടെ വരുമാന സ്രോതസ്സാണെന്ന് ചൂണ്ടിക്കാട്ടി അൻവറിനെതിരെയുള്ള പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന താക്കീതാണ് നേതൃത്വം നൽകിയത്.


ഏതാനും ദിവസം മുൻപാണ് കക്കാടം പൊയിലിലെ കയ്യേറ്റങ്ങൾ സന്ദർശിക്കാനെത്തിയ എം എൻ കാരശ്ശേരി മാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ അൻവറിന്റെ വാടക ഗുണ്ടകളും കൂലിക്കാരും ചേർന്ന് ആക്രമിച്ചത്. പരിസ്ഥിതി പ്രവർത്തകർക്കെതിരെ ജനങ്ങളെ അണിനിരത്തിയത് ഇവരെ ഈ സംഘം പറഞ്ഞ് തെറ്റിധരിപ്പിച്ചായിരുന്നു. ഇവരോടൊപ്പം സ്ഥലത്തെ മറ്റു അനധികൃത നിര്മാണക്കാരും കൂടി ചേർന്നാണ് അക്രമം നടത്തിയത്.


സ്ഥലം സന്ദർശിക്കാനെത്തിയ സംഘത്തെ അക്രമിക്കുന്നതിനായി പ്രദേശത്തെ റിസോർട്ടിൽ പ്രാദേശിക നേതാക്കളുടെയും പഞ്ചായത്തംഗത്തിന്റെയും നേതൃത്വത്തിൽ രഹസ്യ യോഗം നടത്തിയിരുന്നു. ഇരുപതോളം ഗുണ്ടകളെ റിസോർട്ടിൽ എത്തിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കരുതിക്കൂട്ടിയാണ് സാംസ്‌കാരിക - പരിസ്ഥിതി പ്രവർത്തകർക്ക് നേരെ അക്രമം നടന്നത്.


കക്കാടംപൊയിലിൽ പ്രതികരിക്കുന്നവർക്കെതിരെയുള്ള ഗുണ്ടാ - മാഫിയ അക്രമം തുടർക്കഥയാവുകയാണ്. നേരത്തെ, സ്ഥലം സന്ദർശിച്ച മാധ്യപ്രവർത്തകയെയും മറ്റു ചെറുപ്പക്കാരെയും ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ഗുണ്ടാ - മാഫിയ സംഘങ്ങൾക്ക് തണലായാണ് ഇവിടുത്തെ സിപിഎം നേതൃത്വം നിലകൊള്ളുന്നത്. ഇതിനുള്ള പ്രതിഷേധം കൂടിയാണ് പ്രവർത്തകരുടെ രാജി. രാജിക്കാര്യം പത്ര സാമ്മേളനം വിളിച്ചാണ് പ്രവർത്തകർ അറിയിച്ചത്. സ്ഥലം സന്ദർശിച്ച സാംസ്കാരിക പ്രവർത്തകർക്ക് ഭക്ഷണം നൽകിയതിന് പ്രദേശത്ത് ഗദ്ദിക വായനശാലയിലെ പ്രവർത്തകർക്ക് നേരെ ഭീഷണി മുഴക്കിയതായും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത എ ടി സക്കറിയ, കെ സി അനീഷ്, എൻ സി പ്രിജേഷ്, ശാരദ, ബാബു പാറത്താഴത്ത്, എൻ ജി സിനോജ് എന്നിവർ അറിയിച്ചു. രാജിവെച്ചവർ സിപിഐ പാർട്ടിയിൽ ചേർന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment