ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു




ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ. കാട്ടുതീയെ തുടര്‍ന്ന് തലസ്ഥാനനഗരിയായ കാന്‍ബെറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാല്‍പതിനായിരത്തിലധികം ഏക്കര്‍ പ്രദേശത്ത് കാട്ടുതീ വ്യാപിക്കുകയാണ്. തലസ്ഥാന നഗരിയായ കാന്‍ബെറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി ആന്‍ഡ്രൂ ബാറാണ് അറിയിച്ചു.


40 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും പോലുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ച്‌ അഗ്‌നിശമനസേനാംഗങ്ങള്‍ ആഴ്ചകളായി കാട്ടുതീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയായിരുന്നുവെന്ന് ആന്‍ഡ്രൂ ബാര്‍ പറഞ്ഞു. എന്നാല്‍ അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കാട്ടുതീ വ്യാപിച്ചുകൊണ്ടിരിക്കുന്നതായും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.


കാന്‍ബെറയുടെ സമീപപ്രദേശമായ തുഗെരനോംഗിലേക്ക് കൂടി കാട്ടുതീ വ്യാപിച്ച്‌ തുടങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാന്‍ബെറയില്‍ വ്യാപിക്കുന്ന കാട്ടുതീയെത്തുടര്‍ന്ന് കത്തിനശിക്കുന്നത് പതിനായിരക്കണക്കിന് ഏക്കര്‍ പ്രദേശമാണ്. രണ്ട് പതിറ്റാണ്ടിനിടെ കാന്‍ബെറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ കാട്ടുതീയെന്ന് അധികൃതര്‍ പറയുന്നു. 


സിഡ്നിക്കും മെല്‍ബണിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കാന്‍ബെറയില്‍ താമസക്കാരായുള്ള ഏകദേശം 4 ലക്ഷത്തോളം ആളുകള്‍ കാട്ടുതീയെത്തുടര്‍ന്ന് വീടുകളൊഴിയേണ്ട സാഹചര്യമാണുള്ളത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment