ആസ്‌ത്രേലിയയെ വിഴുങ്ങി കാട്ടുതീ




സിഡ്‌നി: ആസ്‌ത്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് തീ വ്യാപിക്കാന്‍ കാരണമാകുന്നത്. ശനിയാഴ്ച കാട്ടുതീ അതിന്‍റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാട്ടുതീ മേഖലകളില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


ആകെ 48 കോടിയോളം ജീവികള്‍ നശിച്ചതാ‍യാണ് സിഡ്നി സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന സസ്തനിവര്‍ഗമായ കൊവാലകള്‍ ആയിരക്കണക്കിന് അഗ്നിക്കിരയായിട്ടുണ്ട്. ആസ്‌ത്രേലിയയുടെ ഐക്കൺ ആയ കംഗാരുക്കളും നിരവധി അഗ്നിക്കിരയായിട്ടുണ്ട്. ആസ്‌ത്രേലിയയുടെ കിഴക്കന്‍, തെക്കുകിഴക്കന്‍ നഗരങ്ങള്‍ മിക്കവയും കാട്ടുതീയാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. 


തീ പടർന്ന് പിടിക്കുന്നതിനിടെ 20 പേര്‍ മരിച്ചതായാണ് അധികൃതര്‍ കണക്കാക്കുന്നത്. 1300 വീടുകള്‍ നശിച്ചിട്ടുണ്ട്. സാധിക്കുന്നവരോടെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പലരും ഇത് അവഗണിക്കുന്നത് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. നിര്‍ദേശം ലഭിച്ചിട്ടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാത്തവര്‍ സഹായം പ്രതീക്ഷിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.


റിസര്‍വ് സൈന്യത്തിലെ 3000 പേരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. മലാകൂറ്റയിലെ ബീച്ചില്‍ കുടുങ്ങിയ നൂറുകണക്കിനാളുകളെ ശനിയാഴ്ച രാവിലെ നാവികസേന രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment