കേരളത്തിലെ പ്രമുഖ പരിസ്ഥിതി സമരങ്ങൾ - നമ്മെ പഠിപ്പിക്കുന്നത്




ലോകം തന്നെ ശ്രദ്ധിക്കുകയും ഭാഗികമായെങ്കിലും അന്താരാഷ്ടസമൂഹം ഇടപെടുകയും ചെയ്ത സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രകൃതിസംരക്ഷണ പ്രക്ഷോഭമാണ് കേരളത്തിൽ നടന്ന സയലന്റ് വാലി സമരം. പാലക്കാട് ജില്ലയിൽ കുന്തിപ്പുഴക്ക് കുറുകെ നിർമ്മിക്കാനിരുന്ന അണക്കെട്ട് മൂലം പശ്ചിമ ഘട്ടത്തിലും കേരളമാകെയും സംഭവിക്കാവുന്ന ഇക്കോളജീയ ആഘാതങ്ങൾ ഉയർത്തിയായിരുന്നു ആ സമരം. കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിച്ച് അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി ആ മേഖലയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച് അവിടം സൈലൻറ് വാലിയായി സംരക്ഷിക്കുകയായിരുന്നു. ഒരു ജലവൈദ്യുതി പദ്ധതി എന്ന നിലയിൽ ആ ഡാം വരുമ്പോഴുണ്ടാകുന്ന സ്വപ്ന വികസനത്തെ പാടി പുകഴ്ത്തിയും എതിർക്കുന്നവരെ സാമ്രാജ്യത്വ ദാസൻമാരെന്നും സിംഹവാലൻ കുരങ്ങനു വേണ്ടി വികസനത്തിന് പാര വക്കുന്നവരെന്നും ആക്ഷേപിച്ച് ഇടത് പക്ഷത്തെ ശക്തരെല്ലാം (സഖാക്കൾ ഈ എം എസ്, ഇ.ബാലാനന്ദൻ ,ഈ കെ.നയനാർ ) അണിനിരന്നെങ്കിലും ശാസത്രജ്ഞർ, കവികൾ, എഴുത്തുകാർ ഒക്കെയായി വിവിധ തുറകളിലെ ആയിരങ്ങൾ ജീവൻറ്റേയും പ്രകൃതിയുടേയും ശാസ്ത്രീയമായ ആധാരങ്ങൾ മുൻനിർത്തി ഉയർത്തിയ പ്രതിരോധം അങ്ങിനെ വിജയം കാണുകയായിരുന്നു.( വർഷങ്ങൾക്കു് ശേഷം പ്രൊഫ.എം.കെ.പ്രസാദ് സാർ ഓറ സാംസ്കാരിക മാസികയുമായി നടത്തിയ അഭിമുഖത്തിൽ സമരത്തിന് കനേഡിയൻ ഡവലപ്പ്മെൻറ് കോർപ്പറേഷനിൽ നിന്ന് 5000 രൂപാ സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്ന് ഏറ്റു പറയുന്നുണ്ട്. സമരത്തിൽ ഇടത് നേതാക്കൾ ഉയർത്തിയ ആക്ഷേപത്തിനു ഇതൊക്കെയാവാം കാരണവും)  അതിനു ശേഷം കേരളം എത്ര ബ്രഹത്തും സുദീർഘവുമായ പരിസ്ഥിതി സമരങ്ങൾക്ക് സാക്ഷിയായി. മാവൂർ ഗ്വാളിയാർ റയോൺസിനെതിരെ നടന്ന ചാലിയാർ സംരക്ഷണ സമരവും പ്ലാച്ചിമട കൊക്കോ കോളക്കെതിരെ നടന്ന സമരവും വിളപ്പിൽശാല സമരവും വലിയൊരു അളവു വിജയിച്ചെങ്കിലും തുടർന്നു് നടന്ന സമരങ്ങൾ മിക്കവാറും എല്ലാം തന്നെ  അത്തരമൊരു വിജയ സമാപ്തിയിലെത്തിയില്ല എന്നതാണ് വാസ്തവം.


കഴിഞ്ഞ 4 ദശാബ്ദക്കാലയളവിൽ പ്രകൃതി - പരിസ്ഥിതി രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്.കേരളത്തെ കേരളമായി നിലനിർത്തിയ പശ്ചിമഘട്ടം  അനധികൃത കയ്യേറ്റങ്ങൾ, തോട്ട വ്യവസായത്തിന്റെ വ്യാപനം, വൻതോതിൽ വനനശീകരണം, ഖനനങ്ങൾ, നിരവധിയായ വികസന -നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാമായി തകർത്ത് തരിപ്പണമാക്കി.കാലാവസ്ഥയിൽ മുമ്പില്ലാത്ത മാറ്റങ്ങൾ, മഴയുടെ വലിയ കുറവ്, പുഴകളൂം നദികളും മറ്റു ജലാശയങ്ങളും വറ്റിവരളുന്നു ,ജൈവ വൈവിധ്യത്തിലെ നഷ്ടങ്ങൾ ഇങ്ങിനെ വരും തലമുറക്കായി കാത്തുവക്കാൻ ബാക്കിയില്ലാത്ത വിധം കേരളം മാറിമറിഞ്ഞു.
ജീവിതം വഴിമുട്ടിയ സാധാരണ ജനങ്ങൾ ചെറുതും വലുതുമായി ആയിരക്കണക്കിന് പ്രതിരോധ സമരങ്ങൾ ഏറ്റെടുത്തു.


എന്നാൽ  വികസനത്തിന്റെയും പുരോഗതിയുടേയും പുതുനിയമങ്ങളിലൂടെ സർക്കാരും അവരുടെ രാഷ്ട്രീയ ഉദ്യോഗസ്ഥമാഫിയകളും അവയെയെല്ലാം അവഗണിച്ച് സമ്മർദ്ദത്തിലാക്കി സ്വന്തം വഴിക്ക് നീങ്ങുന്നു . ഏറ്റവും അവസാനം പ്രളയാനന്തര നിർമ്മാണ പ്രവർത്തനങ്ങൾ പോലും ജനവിരുദ്ധ പരിസ്ഥിതി വിരുദ്ധ തലങ്ങളിലേക്കും തലതിരിഞ്ഞ വികസന മൗഢ്യത്തിലേക്കും വളരെ വേഗം മാറുകയുമാണ്.

എന്തുകൊണ്ട് ഇങ്ങിന വീണ്ടും വീണ്ടും നമ്മൾ നമ്മളോട് ചോദിക്കാതെ മുന്നോട്ടു പോവാനാവില്ല. രണ്ടര വർഷം  മുമ്പ്,2016ൽ  മാധ്യമങ്ങൾ (മാതൃഭൂമി)ഒരു വാർത്ത പ്രസിദ്ധീകരിച്ചു. പരിസ്ഥിതി അനുമതി ഇല്ലാത്ത മുഴുവൻ ക്വാറികളും അടച്ചു പൂട്ടുവാൻ ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിട്ടതിനെ തുടർന്ന് ക്വാറി മുതലാളിമാർ സമരത്തിലായി.അവർക്ക് വേണ്ടി സുപ്രീം കോടതിയിൽ സർക്കാർ അപ്പീൽ പോകുമെന്ന് ഉപ്പു നൽകിയതിനെ തുsർന്ന് അവർ സമരം പിൻവലിച്ചു.പക്ഷേ അന്ന് ഉമ്മൻചാണ്ടി സർക്കാരിന് ഒരു സംശയം. അങ്ങിനെ ക്വാറികൾക്കു വേണ്ടി നിലകൊണ്ടാൽ പരിസ്ഥിതി പ്രവർത്തകരുടെ വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തുമോ എന്ന്. ഇതറിയാൻ നിയമവകുപ്പ് ഇന്റലിജെൻസിനെ ചുമതലപ്പെടുത്തി. 

കേരളത്തിൽ പരിസ്ഥിതി സംഘടനകളും വ്യക്തികളും പല തട്ടുകളിലായി ചിതറിക്കിടക്കുകയാണെന്നും അവർ ഒരു തരത്തിലും ഒന്നിച്ചു ചേരില്ല എന്നും അതിനാൽ അത്തരമൊരു പ്രതിഷേധ സമരം ഉണ്ടാവില്ല എന്നും സർക്കാരിന് ധൈര്യമായി കേസുമായി മുന്നോട്ടു പോകാമെന്നും ഇന്റലിജെൻസ് റിപ്പോർട്ട് നൽകി.ഇതായിരുന്നു ആ വാർത്ത.


എന്തുകൊണ്ട് ഇങ്ങിനെ?
1. പരിസ്ഥിതി രംഗത്ത് നിലപാടുകളുടേയും ആശയത്തിന്റെയും പിൻബലത്തിൽ രൂപപ്പെട്ട ഭദ്രമായ ചട്ടക്കുടുള്ള ഒരു സംഘടനയില്ല.സംഘം എന്നതിലുപരി വ്യക്തികൾക്കാണു് ഇവിടെ പ്രാമുഖ്യം.ഇതെങ്ങിനെ സംഭവിക്കുന്നു? പ്രാദേശികമായി രൂപപ്പെടുന്ന ഒട്ടനവധി പരിസ്ഥിതി സമരങ്ങൾ നമ്മുടെ മുൻപിലുണ്ട്.പൊതുവേ പ്രാദേശിക രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങൾ അവഗണിക്കുന്ന, ജനങ്ങൾക്കു് കാര്യമായ പരിജ്ഞാനമില്ലാത്ത ഇത്തരം സമരങ്ങളിൽ ലഭ്യമായ അറിവും പിന്നെ കുറച്ചു തന്റേടവും ആത്മവിശ്വാസവും, ജനനൻമയിൽ അർപ്പിതമായ മനസ്സും ഉളള ആരെങ്കിലും വന്നു പെട്ടാൽ പെട്ടന്നാണ് അവർ സമരത്തിന്റെ നേതാവാകുന്നത്. മാറി നിന്നാണെങ്കിലും തങ്ങളുടെ മൗലികമായ കുടിവെള്ളം, നല്ല വായു, നല്ല ജീവിതം എന്നിവക്കായി നിലകൊള്ളുന്ന സമര സാരഥികളെ ജനം മനസ്സിൽ സ്വീകരിക്കും. ഈ അംഗീകാരം തന്റെ ശരിക്കുള്ള അംഗീകരമാകയാൽ പലപ്പോഴും താൻ മാത്രമാണു് ശരി എന്ന തെറ്റിലേക്കു് അവർ എത്തിപ്പെടാൻ ഇടയാകുന്നു .ഇത് വലിയ വ്യക്തി സ്പർദ്ധയിലേയ്ക്കു വരെ വളരാൻ സാധ്യതയുള്ളതായി തീരുകയും ചെയ്യുന്നു.


മുൻ പറഞ്ഞ പല സംഘടനകളിൽ പോലും ഈ അപചയം കടന്നുകൂടിയിട്ടുള്ളതായി കാണാം.വർഷങ്ങളുടെ സുദീർഘമായ അനുഭവവും പരിസ്ഥിതി പ്രശ്നങ്ങളിൽ ആഴത്തിലുള്ള അറിവും അവബോധവും, ജനകീയ പ്രശ്നങ്ങളൽ സമർപ്പിത നിലപാടും ഉണ്ടായിരുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിലും ഈ പ്രവണത വന്നു പെട്ടു എന്നതാണു് വാസ്തവം.മറിച്ചു  പരിഷത്തിനെങ്കിലും വരാൻ പോകുന്ന അപകടങ്ങളെ മുൻകൂട്ടി കാണാനും വിശാലവും വിപുലവുമായ ജനകീയ സമര ശക്തിയെ കെട്ടിപ്പടുക്കാനുള്ള നേതൃത്വം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സ്ഥിതി തീർച്ചയായും മറിച്ചാകുമായിരുന്നുവെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.


2.ചുരുങ്ങിയ കാലം കൊണ്ട് പരിസ്ഥിതി സമരങ്ങളുടെ മുൻനിരയിലെത്തുന്ന സംഘടനകൾ (എൻജിഒ) ഫണ്ടിങ്ങ് ഏജൻസികളുടെ കെണിയിൽ പെട്ടു പോകുന്നു.
വിവിധ പ്രോജക്ടുകളും അവയിൽ കുടിയുള്ള ഫണ്ടുകളും ഇന്നു വ്യാപകമാണ്. സമരങ്ങളുടെ നേതൃത്വത്തിലുള്ള പല നേതാക്കളും ഈ ഫണ്ടിങ്ങ് എൻ ജി ഓകളുടെ ഭാഗമാകുന്നതോടെ, ഏറ്റെടുത്ത സമരങ്ങളുടെ കുന്തമുന നഷ്ടമാകുകയും എതിർകക്ഷികളുമായി സന്ധിയാവുകയും ചെയ്യുന്നു.ഇത് സമരം ജയിക്കുക എന്ന ലക്ഷ്യം ഉപേക്ഷിച്ച് മുഖം രക്ഷിക്കാൻ സമരചടങ്ങുകൾ ദീർഘമായി തുടരാൻ നിർബന്ധിതമാകുകയും ചെയ്യുന്നു.സർക്കാർ, അർത്ഥസർക്കാർ, സ്വകാര്യ, വൻ മൂലധന ശക്തികൾ അsക്കം ഫണ്ടിങ്ങ് ഏജൻസി ലേബലിൽ ഇന്ന് കേരളത്തിൽ വ്യാപകമാണ്. പരിസ്ഥിതി സമരങ്ങളെ ദുർബലമാക്കുക എന്നത് അവരൂടെയൊക്കെ ലക്ഷ്യമെന്നു് അറിയാതെയല്ല നമ്മുടെ എൻജിഒ കൾ അവരുടെ കക്ഷത്തിൽ തലവച്ചു കൊടുക്കുന്നത് എന്നതും കാണാതിരുന്നു കുടാ.
ഇത് കൂടാതെ വിവിധ എൻജിഒകൾ പരിസ്ഥിതി രംഗത്തെ വിവിധ പoനങ്ങൾക്കായി ഫണ്ടിങ്ങ് ഏജൻസിയുടെ സഹായം സ്വീകരിക്കാറുണ്ട്. ഇതിൽ ധാരാളം യുവതകളും വിദ്യാർത്ഥികളും പങ്കു ചേരുന്നുമുണ്ട്. എന്നാൽ വളരെ ഗൗരവമായ സമരങ്ങളിൽ നിന്ന് ഇവർ പിന്തിരിഞ്ഞു നിൽക്കുകയും ചെയ്യും.


3. രാഷ്ട്രീയമായ പക്ഷം പിടിക്കൽ സാർവത്രികമായി കാണാം.
നമുക്കറിയാം നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ പോലും ഏത് വിഷയത്തിലാണെങ്കിലും ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിൽ ചേരിതിരിഞ്ഞു നിൽക്കുന്നുണ്ട്. മിക്കവാറും പരിസ്ഥിതി സമരങ്ങൾ അനധികൃത ഖനനങ്ങൾക്കും മറ്റു നിർമാണങ്ങൾക്കും എതിരാവുമ്പോൾ വികസനത്തിന്റെ പേരിൽ അല്ലെങ്കിൽ അധികാരത്തിലുള്ള പഞ്ചായത്തിലെ രാഷ്ട്രീയം നോക്കി ഇടതു പക്ഷ പാർട്ടികൾ സമരങ്ങൾക്ക് എതിരാവുന്നു.വലത് പക്ഷപാർട്ടികളും തങ്ങൾക്ക് ആ പ്രദേശത്തുള്ള സ്വാധീനവും ലഭിക്കാൻ സാധ്യതയുള്ള ലാഭവും നോക്കി സമരങ്ങൾക്ക് എതിര് നിൽക്കാറുണ്ട്.ഇത് സമര നേതൃത്വത്തിലെത്തുന്ന പുതുതലമുറക്ക് ആത്മവിശ്വാസം കുറയുന്നതിന് കാരണമാകുന്നു.


4.സമരങ്ങളെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യുന്ന ഭരണകൂടനയങ്ങളിലെ അപകടം തിരിച്ചറിയുന്നതിനും അതിനെതിരെ ശക്തി സമാർജിക്കുന്നതിനും ഒരു ചലഞ്ചബിൾ/ വിലപേശൽ ശക്തിയായി വളരുന്നതിനും കഴിയുന്നില്ല.


ഇങ്ങിനെ പ്രതിസന്ധികൾ വിമർശനാത്മകമായി വിലയിരുത്തുമ്പോൾ തന്നെ കേരളത്തിൽ പരിസ്ഥിതി രംഗത്ത് സമർപ്പിതമായി, വെല്ലുവിളികളിൽ തളരാതെ നിരന്തരം സമരത്തിന്റെ മുന്നണിയിൽ ഉള്ള സമര പോരാളികളെയും ,സംഘsനകളെയും അഭിമാനപൂർവം ഓർക്കാം.


എങ്കിലും ഇന്നത്തെ അതിജീവന പ്രശ്നങ്ങളെ കൂട്ടിച്ചേർത്ത് ഒരു അവകാശപത്രികയുടെ പിൻബലത്തിൽ അതിശക്തമായ, നിരന്തരമായ ഒരു സമരത്തിലേക്ക്, ആയിരങ്ങളെ പങ്കു ചേർത്ത് ഭരണ കേന്ദ്രത്തിലേക്ക്, പുശ്ചിക്കുകയോ തള്ളുകയോ ചെയ്യാതെ ഗൗരവമായ ഒരു ചർച്ചക്കെങ്കിലും ഭരണക്കാരെ നിർബന്ധിക്കുന്നതിലേക്ക് 
എത്തിച്ചേരാൻ ഇനിയും കാത്തിരിക്കാം, പക്ഷേ എത്ര നാൾ??

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment