ക്വാറികൾ വളരുന്നത് നിയമങ്ങൾ കാറ്റിൽ പറത്തി 




ക്വാറികൾ നിയമങ്ങൾ ലംഘിച്ച് പെരുകുന്നതിന്റെ രസകരമായ ചില അനുഭവങ്ങൾ കോഴിക്കോട് മുക്കത്തെ പ്രവർത്തകർ വിവരിച്ചത് കൂടി സൂചിപ്പിക്കാം. മുക്കം പഞ്ചായത്തിൽ ഒരു ക്വാറിക്ക് അനുമതി ലഭിക്കണമെങ്കിൽ കയ്യിൽ കാശുണ്ടെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാ അനുമതിപത്രവും ലഭിക്കും. റെവന്യൂ, ജിയോളജി തുടങ്ങിയ ഓഫീസുകളുടെ സീലു പതിപ്പിച്ച അനുമതിപത്രം! എല്ലാം കൂടി 9 അനുമതിപത്രങ്ങൾ.


1. മൈനിങ് ആൻഡ് ജിയോളജി ജില്ലാ ഓഫീസിൽ നിന്നു് മൈനിങ്ങ് പെർമിറ്റ്
2. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ ഒ സി
3. ചീഫ് കൺട്രോളർ എക്സ്പ്ലോസീവ് ലൈസൻസ്
4. പരിസ്ഥിതി അനുമതി
5. ഭൂമിയുടെ സൈറ്റ് പ്ലാൻ, ലൊക്കേഷൻ മാപ്പ്
6. ഭൂമി സ്വകാര്യ വ്യക്തിയുടേതെങ്കിൽ പൊസഷൻ സർട്ടിഫിക്കറ്റും, അനുമതിരേഖയും, സർക്കാർ പുറം പോക്കെങ്കിൽ തഹസീൽദാർ, വനഭൂമിയാണെങ്കിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇവർ നൽകുന്ന എൻ ഒ സി.
7. ഫയർ ആൻഡ് സെഫ്റ്റി അതോറിറ്റി സർട്ടിഫിക്കറ്റ്
8.ഡി എം ഓ യുടെ എൻ ഓ സി
9. ഉപയോഗിക്കുന്ന മെഷിനറിയുടെ എച് പി നിർണയിക്കുന്ന രേഖ


5 ലക്ഷം മുടക്കിയാൽ ഒരു ഓഫീസിൽ നിന്ന് ഇതെല്ലാം ഒറ്റയടിക്ക് ലഭിക്കുന്ന ഒരു രഹസ്യ ഓഫീസ്, അത് മുക്കത്ത് റെഡിയത്രെ.
മൈസൂർ മല ഏതാണ്ട് പൂർണ്ണമായും ഇപ്പോൾ ഈ മാഫിയകളുടെ കൈവശമാണെന്ന് മുക്കത്ത് കൂടി പാറയുമായി അതിവേഗം നിരനിരയായി രാവന്തി വരെ നീങ്ങുന്ന ടിപ്പർ, ടോറസ്കൾ കാണുന്നവർക്ക് ബോധ്യപ്പെടും.


കഴിഞ്ഞ ആഴ്ച സി പി എം നിയന്ത്രിക്കുന്ന  ഊരാളുങ്കൽ സൊസൈറ്റിയെ പറഞ്ഞല്ലോ. മൈസൂർ മല ഇങ്ങിനെ വീതിച്ചെടുത്തവരിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കളോ, ബിനാമികളോ ഉണ്ടെന്നതാണു് യാഥാർത്ഥ്യം. അന്തരിച്ച കോൺ|ഗ്രസ് എം പി ആയിരുന്ന എം.ഐ.ഷാനവാസിന്റെ ഭാര്യ പിതാവിന്റെ പേരിൽ ഇത്തരം ക്വാറികൾ നിരവധി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്വാറിയുടെ വിവരം വിവരാവകാശ പ്രകാരം ചോദിച്ചതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വിവരം നൽകാൻ നിവൃത്തിയില്ലെന്ന് മറുപടി നൽകിയ രസകരമായ കഥയും അവിടെത്തെ ജനങ്ങൾ പങ്കുവക്കുന്നു. ആ വില്ലേജ് ഓഫീസർ ഇപ്പോഴും സുരക്ഷിതനായി സർവീസിൽ ഉണ്ടാവണം.


നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു ക്വാറിക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും അന്തിമ അനുമതി ലഭിക്കണമെങ്കിൽ വ്യത്യസ്ഥ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമായി 9 തരം രേഖകൾ ലഭിക്കേണ്ടതുണ്ടു്. ചെറുതും വലുതുമായ ഏത് തരം ഖനനവും പ്രകൃതി വിഭവങ്ങളുടെ മേൽ വിനാശകരമായ തോതിൽ ആക്രമണങ്ങൾ നടക്കുമ്പോൾ അതിനെതിരെ ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് മേൽ കണ്ണടച്ചിരിക്കുവാൻ കഴിയാതെ വരുമ്പോൾ ഖനനങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരാൻ കേന്ദ്ര- സംസ്ഥാനസർക്കാരുകളും കോടതിയും കാലാകാലങ്ങളിൽ വിവിധ നിയമങ്ങളും വിധികളും നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമങ്ങൾ  മുൻപറഞ്ഞ 9 രേഖകൾ ലഭ്യമാക്കാൻ ഖനനങ്ങളെ നിർബന്ധിക്കുന്നു. ജനകീയ സമ്മർദ്ദം കുറയുമ്പോഴും സർക്കാരുകൾ മാഫിയകളുടെ കുഴലൂത്ത്കാരാവുമ്പോഴും നിയമങ്ങൾ കാറ്റിൽ പറക്കുന്നു.


1957 ലെ ഇന്ത്യൻ മൈൻസ് ആക്ട്, അതിൽ ആവശ്യമായ ഇളവുകളോടെ നിയമമായ കെ എം എം സി ആർ (കേരള മൈനർമിനൽ കൺസഷൻ റൂൾസ്)1969, അത് പരിഷ്കരിച്ച് നടപ്പിലാക്കിയ കെ എം എം സി ആർ 2015, അവയുടെ ഭേദഗതികൾ, കേരള ഭൂവിനിയോഗ നിയമം, 86 ലെ പരിസ്ഥിതി നിയമം തുടങ്ങി ഒട്ടേറെ നിയമങ്ങൾ. 2006 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച ഖനന നിർദ്ദേശകതത്വങ്ങൾ, 2012 ലെ പരിസ്ഥിതി നിയമം നിർബന്ധമാക്കി പുറപ്പെടുവിച്ച സുപ്രീം കോടതി വിധിയും അനുബന്ധ വിധികളും, ഇങ്ങിനെ പരിസ്ഥിതി സംരക്ഷണത്തിനു പ്രാബല്യത്തിലായ നിയമങ്ങളിൽ ചെലെതെങ്കിലും ആത്മാർത്ഥമായി നടപ്പിലാക്കിയിരുന്നുവെങ്കിൽ നാം അനുഭവിച്ച മഹാപ്രളയം അടക്കം പ്രകൃതി ദുരന്തങ്ങളും, കാലാവസ്ഥാമാറ്റവും ഉണ്ടാകുമായിരുന്നില്ല.


പരിസ്ഥിതി നിയമങ്ങൾ എങ്ങിനെയൊക്കെ ക്വാറികളെ നിയന്ത്രിക്കാമെന്ന് അടുത്ത ഭാഗം മുതൽ നമുക്കു് വിശദമായി പരിശോധിക്കാം.


(തുടരും)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment