പാഴായി പോകുന്ന ഖനന നിയന്ത്രണ നിയമങ്ങൾ






ഇന്ത്യൻ മൈൻസ് ആക്ട് 1957


സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഭൂമിക്ക് മേലുള്ള മേജർ മൈനർ ഖനനങ്ങളെ നിയന്ത്രിക്കുന്നതിന് ഭരണഘടനയിൽ എഴുതി ചേർത്ത് നിയമമാക്കിയതാണു് ഇന്ത്യൻ മൈൻസ് ആക്ട് 1957.
ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും ബീഹാർ, ആസാം, ഉത്തർപ്രദേശ് (ഇന്നത്തെ ഛത്തീസ് ഘട്ട്, ഉത്തരാഞ്ചൽ) മേഖലകളിലും കർണാകയുലുമടക്കം ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടത്തിൽ വ്യാപകമായും നടന്നു വന്ന കൽക്കരി, വജ്രം, ഗ്രാനൈറ്റ് ഖനനങ്ങളുമാണ് കേന്ദ്ര സർക്കാരിനെ ഈ നിയമത്തിന് നിർബന്ധിച്ചത്. ഇത് ഗോവ, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്നു വന്ന ചെറിയ ഖനനങ്ങൾക്കു് ബാധകമാക്കാൻ കഴിയാത്തതിനാൽ ഓരോ സംസ്ഥാനങ്ങൾക്കും ആവശ്യമായ ഇളവുകളും നിയന്ത്രണങ്ങളും സ്വീകരിച്ച് നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്രം നിർദ്ദേശിച്ചതനുസരിച്ച് കേരളത്തിൽ നിയമമാക്കിയതാണ് കെ.എം എം സി ആർ 1969.


ഈ ഇളവുകളുടെ പരിധി ലംഘിക്കുന്ന എല്ലാ നിയമങ്ങളിലും ഇന്ത്യൻ മൈൻസ് ആക്ട് ബാധകമാകുന്നതുമാണ്. കെ എം എം സി ആർ 1969 പ്രകാരം കേരളത്തിലെ പാറ, വെട്ടുകൽ, മണ്ണ്, മണൽ ഖനനത്തിനും അനുമതി നൽകുന്നത് ജില്ലാ മൈനിങ്ങ് & ജിയോളജി ഓഫീസറാണ്. അനുമതി നൽകുന്നതിനു വിവിധ വകുപ്പുകളുടെ എൻ ഓ സി യും ഹാജരാക്കണം. ഖനനം നടത്തുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെങ്കിൽ അവരുടെ, പുറം പോക്കു ഭൂമിയെങ്കിൽ ഡെ.തഹസീൽ, വനഭൂമിയെങ്കിൽ ജില്ലാ ഫോറസ്റ്റ് അധികാരി ഇവർ അനുമതി നൽകണം. 


പ്രസ്തുത ഭൂമിയുടെ വിസ്തൃതിയും അതിർത്തിയും അളന്നു തിട്ടപ്പെടുത്തി ഖനനം മൂലം സംഭവിക്കാവുന്ന പരിസ്ഥിതി ആഘാതങ്ങൾ - റോഡുകൾ,  ,വിദ്യാലയങ്ങൾ, ആശുപത്രി, വീടുകൾ എന്നിവയുടെ ദൂരപരിധി 100 മീറ്റർ, പാലങ്ങൾ, കുടിവെള്ള സ്റോതസുകൾ എന്നിവയ്ക്ക് 500 മീറ്റർ വനമേഖലയിൽ നിന്ന് 300 മീറ്റർ എന്നിവയെല്ലാം പാലിക്കുമെന്ന് ഉറപ്പാക്കി പൊസഷൻ സർട്ടിഫിക്കേറ്റും സൈറ്റ് പ്ലാനും സഹിതമുളളതാവണം എൻ ഓ സി.


കൂടാതെ എക്സ്പ്ലോസീവ് ഉപയോഗിച്ചുള്ള ഖനനങ്ങൾക്ക് ബ്ലാസ്റ്റിങ്ങ് ലൈസൻസ്, ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന എൻ ഒ സി 
ഇതെല്ലാം നൽകിയിരിക്കണം. രേഖകളെല്ലാം ലഭിച്ചാൽ അല്ലെങ്കിൽ ലഭിക്കുമെന്നുറപ്പായാൽ ജില്ലാ ജിയോളജിസ്റ്റ് സ്ഥലം സന്ദർശിച്ച് സമീപവാസികളായ ജനങ്ങൾക്ക് പരാതി ഒന്നും ഇല്ലെന്നു് ബോധ്യപ്പെടണം (പബ്ലിക്ക് ഹിയറിങ്ങ് ) സർവെ നമ്പരും സൈറ്റ് പ്ലാനും അനുസരിച്ചു  ഭൂമിയുടെ ചരിവും സമുദ്രനിരപ്പിൽ നിന്നുള്ള  ഉയരവും ദുർബലാവസ്ഥയും നിശ്ചയിക്കണം. ഖനന ദ്രവ്യങ്ങളും പൊടിപടലവും വ്യാപിക്കാൻ സാധ്യതയുളള ഏരിയയും ബോധ്യപ്പെടണം. സ്ഥലത്ത് നിന്ന് ഖനനം ചെയ്യാവുന്ന ദ്രവ്യത്തിന്റെ അളവു നിശ്ചയിച്ച് അതിനുള്ള റോയൽറ്റിയും വാടകയും അടച്ചതിനു ശേഷം എല്ലാ രേഖയും ഉൾപ്പെടുത്തി അന്തിമ ഖനന സർട്ടിഫിക്കറ്റ് നൽകണം.


പാറയുടെ മുകളിലെ മേൽമണ്ണിന്റെ അളവു് നിശ്ചയിച്ച് അത് ഖനന ശേഷം അവിടെ തന്നെ നിക്ഷേപിക്കാൻ കരുതി വക്കണമെന്നും 6 മീറ്റർ താഴേയ്ക്കു ഖനനം ബഞ്ച് മാർക്ക് ഇട്ടു മാത്രമേ പാടുള്ളൂ എന്നും ഓരോ ഘട്ടത്തിലും ജിയോളജിന്റെ പരിശോധനയും അനുമതിയും വാങ്ങിയിരിക്കണമെന്നും നിയമം പറയുന്നു.ഖനനം ഏതെങ്കിലും തരത്തിൽ ഭൂഗർഭ ജല സ്റോതസിനെ ബാധിക്കുമെങ്കിൽ ജില്ലാ ഹൈഡ്റോളജി ഓഫീസറുടെ സർട്ടിഫിക്കറ്റും ജില്ലാ ജിയോളജിസ്റ്റ്   പരിശോധിക്കണം.


റോയൽറ്റി ഇനത്തിൽ നൽകിയ തുകയിൽ കവിഞ്ഞു ഖനനത്തിന്റെ അളവിനും കാലാവധി കഴിഞ്ഞുള്ള ഖനനത്തിനും പരിശോധനക്ക് സഹായകരമല്ലാത്ത വിധം പ്രതിമാസ സ്റ്റേറ്റ് മെന്റ് നൽകാതെ ഖനനം തുടരുന്നതിനും അധിക ഫീസ് ഈടാക്കുന്നതിനും വേണ്ടി വന്നാൽ ഖനനം നിർത്തി വയ്പ്പിക്കുന്നതിനും കെ എം എം സി ആർ ജിയോളജിസ്റ്റിന് അധികാരം നൽകുന്നു. കെ എം എം സി ആറിനു സമാനമായി തെക്കേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും നിയമം പാസാക്കിയിട്ടുണ്ട്.


ക്വാറികളുടെ ദൂരപരിധി തമിഴ്നാട്ടിൽ 300 മീറ്ററും കർണാടകയിൽ 200 മീറ്ററും ഗോവയിൽ 500 മീറ്ററും (ഇപ്പോൾ അവിടെയും ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട് .) നിശ്ചയിച്ചപ്പോഴാണു് കേരളത്തിൽ 100 മീറ്റർ എന്ന് നിശ്ചയിക്കുന്നത്. ഇത് 2010ൽ 50 മീറ്ററായും വീണ്ടും കോടതി ഇടപെട്ട് 100 മീറ്ററായി പുനർനിശ്ചയിക്കുകയും ചെയ്തു. കൂടാതെ 2008 ൽ പൊട്ടിക്കാവുന്ന പാറയുടെ അളവു നിശ്ചയിച്ച് റോയൽറ്റി എന്നത് മാറ്റി ഏരിയ കണക്കാക്കി കൺസോളിഡേറ്റഡ് റോയൽറ്റി ആക്കുന്ന നിയമവും വന്നു.ഇതെല്ലാം എൽ ഡി എഫ് ഗവൺമെന്റിന്റെ കാലത്താണ് എന്നതും ഓർക്കുമല്ലോ. 69 ലെ ഖനന നിയമത്തിൽ സമൂലം വെള്ളം ചേർത്താണു് കെ എം എം സി ആർ 2015 നിയമമാകുന്നത്.


അതേപ്പറ്റി അടുത്ത ഭാഗത്ത് വിശദമാക്കാം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment