മാഫിയക്ക് വേണ്ടി കേരള സർക്കാർ മാറ്റി എഴുതിയ പരിസ്ഥിതി നിയമങ്ങൾ 




കെ എം എം സി ആർ 2015 

 

1967 ലെ കേരള മൈനർ മിനറൽ കൺസഷൻ റൂൾ നിയമമായതിന് ശേഷം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അംഗീകരിച്ച ഭേദഗതികളും വിവിധ കോടതി നിർദ്ദേശങ്ങളും വിധികളും സമഗ്രമാക്കി ഉൾക്കൊള്ളിച്ച് സംസ്ഥാനത്ത് നടപ്പിലായ നിയമമാണ് കെ എം എം സി ആർ 2015.2015 ഫെബ്രൂവരി 7 ന് കേരളാ മൈനർ മിനറൽ കൺസഷൻ റുൾ, കേരളാ മിനറൽസ് (പ്രൊവിഷൻ ഓഫ് ഇല്ലീഗൽ മൈനിങ്ങ്, സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ) എന്നിവയാണ് നിയമമായത്. നിർഭാഗ്യവശാൽ കേരളാ ഗവൺമെന്റും അന്നത്തെ ഏ ജി ദണ്ഡപാണിയും കൂട്ടിച്ചേർന്ന് ഖനന മാഫിയകൾക്ക് എല്ലാ അനധികൃത സൗകര്യങ്ങളും ലഭ്യമാകത്തക്കവിധം തയ്യാറാക്കിയതായി പ്രസ്തുത നിയമങ്ങൾ. ഒരു വശത്ത് ഖനനങ്ങൾ സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2006ൽ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനും (എൻ വയോൺമെൻറ് ഇംപാക്ട് അസസ്മെന്റ് നോട്ടിഫിക്കേഷൻ dated 14.9.2006) അതിന്റെ കൂടി അടിസ്ഥാനത്തിൽ  ഖനനങ്ങൾക്ക് പരിസ്ഥിതി ആഘാതപഠനം നിർബന്ധമാക്കി സുപ്രീം കോടതിയുടെ 27.3 .2012 ലെ വിധിയും 18 .5 2012 ലെ കേന്ദ്ര ഗവൺമെന്റ് ഉത്തരവും നിൽക്കുമ്പോഴും യഥേഷ്ടം ഖനനങ്ങൾക്ക് വേണ്ടത്ര പഴുതുകൾ നൽകി അവയെ സർവഥാ അംഗീകരിച്ചും അവരുടെ സമ്മർദ്ദങ്ങൾക്കു് കീഴsങ്ങിയുമാണു് കേരളം നിയമമുണ്ടാക്കുന്നത്.


കെ എം എം സി ആർ 2015 ലേക്ക് വരുന്നതിനു മുമ്പു കേന്ദ്ര ഗവൺമെന്റ് നോട്ടിഫിക്കേഷനും സുപ്രീം കോടതി വിധിയും ഒന്ന് പരിശോധിക്കാം.
1986 ൽ കേന്ദ്ര ഗവൺമെന്റ് നിയമമാക്കിയ പരിസ്ഥിതി നിയമം 1986 ഖനനങ്ങൾക്ക് കർശനനിയന്ത്രണം കൊണ്ടുവന്നു. 5 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള ഏത് വിധ ഖനനങ്ങൾക്കും ( മലകൾ പൊട്ടിച്ചുള്ള പാറ, ഗ്രാനൈറ്റ് ഖനനം മുതൽ പുഴകളിലെ മണൽ വാരൽ വരെയുള്ള മൈനർ ഖനനങ്ങളും, സ്വർണ്ണം, ഇരുമ്പ്, കൽക്കരി തുടങ്ങി മേജർ ഖനനങ്ങളും) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയുക്ത വിദഗ്ധ സമിതിയുടെ പരിസ്ഥിതി ആഘാതപoനത്തിനു ശേഷം ലഭിക്കുന്ന പരിസ്ഥിതി അനുമതിയും മൈനിങ്ങ് പ്ലാനും പ്രസ്തുത നിയമം നിർബന്ധമാക്കി. എന്നാൽ ഖനന മാഫിയകൾ പരിസ്ഥിതി ആഘാതപഠനത്തിൽ നിന്നു് ഒഴിവാക്കാൻ 5 ഹെക്ടറിൽ താഴെ നിരവധി ചെറുവിസ്തൃതിയിൽ ഭൂമി തിരിച്ച് കേവലം ഖനന അനുമതി അനധികൃതമായി സമ്പാദിച്ച് ഖനനം വ്യാപകമാക്കി.


ഇത് വലിയ തോതിൽ ഇന്ത്യയിൽ വിവിധയിടങ്ങളിൽ ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. 2005 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ഈ വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രാലയത്തിനു് നിർദ്ദേശം നൽകി. അങ്ങിനെ 5 ഹെക്ടറിൽ താഴെയുള്ള ഖനനങ്ങൾക്കും പരിസ്ഥിതി അനുമതി നിർബന്ധമാക്കി നോട്ടിഫിക്കേഷൻ ഇറക്കി. ഇതിനു ചടങ്ങു രീതിയിൽ കവിഞ്ഞ് ഒരു പ്രാധാന്യവും കേരള സംസ്ഥാനമടക്കം പലരും കൊടുത്തില്ല.(ഇതിനിടയിലാണ് ക്വാറി മാഫിയകൾക്ക് അനുകൂലമായി നിലനിന്ന നിയമം പോലും കേരളം അട്ടിമറിച്ചതെന്ന് കഴിഞ്ഞ കുറിപ്പിൽ പറഞ്ഞത് ഓർക്കു മല്ലോ)


ഇതേ സമയം ഖനനങ്ങളൂടെ കടുത്ത ആഘാതങ്ങൾ ഏറ്റുവാങ്ങിയ സാധാരണ ജനങ്ങളും സംസ്ഥാന ഗവൺമെന്റുകളും തമ്മിൽ നിയമ പോരാട്ടം അടക്കം ശക്തമായ സമരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഹരിയാനയിൽ നദിയിലെ മണൽഖനനത്തിനെതിരെ സർക്കാരിനെ പ്രതിയാക്കി സുപ്രീം കോടതിയിലെത്തിയ കേസ് വളരെ നിർണായകമായി.( Deepak Kumar vs State of Haryana). ഇന്ത്യയിലാകെയുള്ള പരിസ്ഥിതി പ്രശ്നങ്ങൾ സമഗ്രമായി വിലയിരുത്തിയ കോടതി 2006 ലെ കേന്ദ്ര ഗവൺമെന്റ് നോട്ടിഫിക്കേഷനിലെ നിർദ്ദേശങ്ങളെ പൂർണമായി അംഗീകരിച്ചു കൊണ്ട് എല്ലാ ഖനനങ്ങൾക്കും പരിസ്ഥിതി അനുമതിയും മൈനിങ്ങ് പ്ലാനും നിർബന്ധമാക്കി വിധി പുറപെടുവിച്ചു.


ഇത് തീർത്തും അപ്രതീക്ഷിതമായ ഒരാഘാതമാണ് കേരളത്തിലെ ക്വാറി മേഖലയിലും അവരുടെ കൂട്ടിരിപ്പുകാരായ ഉദ്യോഗസ്ഥ, രാഷ്ട്രീയ, അധികാര കേന്ദ്രങ്ങളിലും സൃഷ്ടിച്ചത്.അവർ പൂർവാധികം ശക്തമായി ഒത്തുചേർന്നു.സുപ്രീം കോടതി വിധിയെ വക്രീകരിച്ചും തെറ്റായി വ്യാഖ്യാനിച്ചും ക്വാറികൾ നിലനിർത്താൻ കിണഞ്ഞു പരി ശ്രമിച്ചു. ലീസിൽ പുതിയതായി അനുവദിക്കുന്ന ക്വാറികൾക്കും പുതുക്കുന്ന സമയത്ത് അവക്കും മാത്രമേ വിധി ബാധകമാകുകയുള്ളൂവെന്നും, 12 മാസത്തേക്ക് ഷോർട്ട് ടേം പെർമിറ്റുള്ള ക്വാറികൾക്ക് ബാധകമാകില്ലെന്നും. തങ്ങൾക്ക് ശല്യമാകുന്ന ക്വാറികൾക്കെതിരെ, (അനധികൃതവും പരിസ്ഥിതി അനുമതി ഇല്ലാത്തവയും) കോടതികളിൽ പരാതികൾ എത്തി.കേരള ഹൈക്കോടതിയും നാഷണൽ ഗ്രീൻ ട്രിബ്യൂണലും പരിസ്ഥിതി അനുമതിക്ക് അനുകൂലമായ വിധികൾ വന്നു. 


പരിസ്ഥിതി അനുമതി ഇല്ലാത്ത എല്ലാ ക്വാറികളും നിർത്തിവക്കാനുള്ള ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിനെതിരെ 0ക്വാറി മാഫിയകൾ സമരമാരംഭിച്ചു. സർക്കാർ അവർക്ക് എല്ലാ സഹായവും നൽകി എന്ന് മാത്രമല്ല, അവർക്ക് വേണ്ടി സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ വരെ തയ്യാറായി. ഇതിൽ നിന്നെല്ലാം അത്ര എളുപ്പത്തിൽ രക്ഷപ്പെടാനാവില്ലെന്നു ബോധ്യമായ സർക്കാർ അവർക്കനുകൂലമായ പരമാവധി പഴുതുകൾ ചേർത്ത് നിയമം പാസാക്കുകയായിരുന്നു. അതാണു് കെ.എം എം .സി .ആർ 2015.

 

(തിരുത്ത്: മുൻ ഭാഗത്ത് കെ എം എം സി ആർ 1967 എന്നത് തെറ്റായി 1969 എന്ന് എഴുതിയിരുന്നു. തെറ്റുപറ്റിയതിൽ ഖേദം അറിയിക്കുന്നു.)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment