കെ എം എം സി ആർ 2015 ആർക്കു വേണ്ടി?




ഇനി കെ എം എം സി ആർ 2015 അല്പം വിശദമായി പരിശോധിക്കാം. മുൻ ഭാഗങ്ങളിൽ സൂചിപ്പിച്ചത് പോലെ കെ എം എം സി ആർ 1967 ലെ പല ചട്ടങ്ങളും അങ്ങിനെ തന്നെ പകർത്തിയും എന്നാൽ പരിസ്ഥിതി അനുമതിയും മൈനിങ്ങ് പ്ലാനും സംബന്ധിച്ച് കോടതിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനേയും ബോധ്യപ്പെടുത്താനും ക്വാറി മുതലാളിമാർക്ക് യഥേഷ്ടം വിഹരിക്കാൻ സൗകര്യമൊരുക്കിയും ആണ് ഈ ഖനന നിയമം അംഗീകരിച്ചിട്ടുള്ളത് .


1. പരിസ്ഥിതി അനുമതി (എൻ വയോൺമെൻറൽ ക്ലിയറൻസ് )
പരിസ്ഥിതി നിയമം 1986 ൽ ആണു് പരിസ്ഥിതി അനുമതി സംബന്ധിച്ച് വിശദമായി പ്രദിപാദിച്ചിട്ടുള്ളത്.2 വർഷമെങ്കിലും നീണ്ടു നിൽക്കുന്ന സുദീർഘമായ പഠനം, അംഗീകൃത അക്രഡിറ്റഡ് ഏജൻസിയുടെ നേതൃത്വത്തിൽ .അപ്രകാരം കണ്ടെത്തുന്ന വിവരങ്ങൾ ഖനന പ്രദേശത്തെ ജനങ്ങളുമായി ചർച്ച ചെയ്ത് അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് (പബ്ലിക്ക് ഹിയറിങ്ങ്) തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട്  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിക്കുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് പരിസ്ഥിതി അനുമതി നൽകുന്നത്.5 ഹെക്ടറിൽ താഴെയുള്ള ഖനനത്തിനു സംസ്ഥാന പരിസ്ഥിതി ആഘാതപഠന അതോറിറ്റിയുടെ അനുമതി ലഭിക്കണമെങ്കിലും മാനദണ്ഡങ്ങളിൽ ഒരു മാറ്റവും നിർദ്ദേശിക്കപ്പെട്ടിട്ടില്ല.2017 വരെ ലഭ്യമായ വിവരങ്ങളിൽ കേരളത്തിൽ കേന്ദ്ര, സംസ്ഥാന അതോറിറ്റികൾ  നൽകിയ അനുമതി 67 മാത്രമാണെന്ന് ഓർക്കണം.പതിനായിരത്തിന് മേൽ അനധികൃത ക്വാറികൾ അടക്കം പ്രവർത്തിക്കുമ്പോഴാണ് നാമമാത്രമായി മാത്രം ലഭ്യമായ ഈ അനുമതി എന്നത് അതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.


2016 ഏപ്രിൽ 1ന് മുമ്പ് അനുമതി ലഭച്ചതും പുതുക്കിയതുമായ ക്വാറികൾക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നു് നിയമം പറയുന്നു.3 തവണ തുടർച്ചയായി 12 മാസത്തെ ഷോർട്ട് റ്റേം പെർമിറ്റ് നൽകുന്ന ക്വാറികൾ മൂന്നാം പുതുക്കലിൽ ലീസ് പെർമിറ്റിൽ വരും .5 വർഷം മുതൽ 12 വർഷം വരെയാണ് ലീസ് പെർമിറ്റ് നൽകുന്നത്.2015ൽ നിയമം വന്ന് ഒരു വർഷത്തിനുള്ളിൽ ഇപ്രകാരമുള്ള ക്വാറികൾക്ക് ലീസ് പെർമിറ്റ് പുതുക്കി നൽകി അവയെ സംരക്ഷിക്കുകയായിരുന്നു, ഈ തീയതി നിശ്ചയിച്ചതിന്റെ പിന്നിൽ .എന്നാൽ സർക്കർ 2008ൽ നിശ്ചയിച്ച CRP (കൺസോളിഡേറ്റഡ് റോയൽറ്റി പെയ്മെന്റ് ) യിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
മാത്രമല്ല,2016 ഏപ്രിൽ മുതൽ പുതിയതും പുതുക്കുന്നതുമായ ക്വാറികൾക്ക് പരിസ്ഥിതി അനുമതി അതിവേഗം ലഭിക്കാൻ ജില്ലാതലത്തിൽ പരിസ്ഥിത പഠന അതോറിറ്റിക്ക് രൂപം നൽകി ഈ പ്രക്രിയ തന്നെ പ്രഹസനമാക്കി.ജില്ലാ കളക്ടർ ചെയർമാനായ സമിതിയിൽ ജില്ലാ ജിയോളജിസ്റ്റും മറ്റു അഴിമതിയിലൂടെ ക്വാറി അനുമതി നൽകുന്ന കൂട്ടാളികളും അംഗങ്ങളാണ് .ഇതിനെതിരെ വലിയ പ്രതി ഷേധം വ്യാപകമായി രൂപപ്പെട്ടിട്ടുമുണ്ട്. ജില്ലാ അതോറിറ്റിയുടെ വൈദഗ്ധ്യം കോടതികളിൽ ചോദ്യം ചെയ്യപ്പെടുന്നു മുണ്ട്.


മൈനിങ്ങ് പ്ലാൻ

പരിസ്ഥിതി അനുമതി സംബന്ധിച്ച് ചെറിയ ഒരു സൂചന മാത്രം ഖനന നിയമത്തിൽ ചേർത്തപ്പോൾ മൈനിങ്ങ് പ്ലാൻ വളരെ വിശദമായി ചേർത്തിട്ടുണ്ട്.(സെക്ഷൻ 53 മുതൽ 77വരെ) എന്നാൽ ഖനനം പൂർത്തിയാക്കി ഉപേക്ഷിക്കുന്ന ക്വാറികളുടെ ശാസ്ത്രീയമായ റിക്ലമേഷനും റീഹാബിലിറ്റേഷനും നിയമത്തിൽ പൂർണമായും വിട്ടുകളഞ്ഞു.2003 ലെ ഹൈക്കോടതിയുടെ WP(C) 28521 ഉത്തരവിലെ പൊല്ലുട്ടർ പെയ്സ് പ്രിൻസിപ്പിൾ പൂർണമായും ഉപേക്ഷിച്ചിരിക്കുന്നു .റിക്ലമേഷൻ റിഹാബിലിറ്റേഷൻ നടപടികൾക്ക് വേണ്ടി ക്വാറി ഉടമകളിൽ നിന്ന് രൂപീകരിക്കുന്ന ക്വാറി സെഫ്റ്റി ഫണ്ട് സംബന്ധിച്ചും തികച്ചും അവ്യക്തതയാണ് നിയമത്തിൽ. മൈനിങ്ങ് പെർമിറ്റ്/ലീസ് വഴി സ്വരൂപിക്കുന്ന റോയൽറ്റിയിൽ നിന്നും 10% ഫണ്ട് മാറ്റി വയ്ക്കുന്നതല്ലാതെ ക്വാറി ഉടമകൾക്ക് ഒരു അധിക ബാധ്യതയും ഉണ്ടാകുന്നില്ല.ഈ ഫണ്ട് ബാക്കിയുണ്ടെങ്കിൽ !ക്വാറികൾ വേലി കെട്ടി സംരക്ഷിക്കാൻ കളക്ടർക്ക് അധികാരം നൽകുന്നു. ക്വാറികളിൽ വീണു മരിച്ച മനുഷ്യർക്കായി നിരന്തരമായ പരിദേവനങ്ങളിൽ ഉണ്ടായ കോടതി വിധികളെ പരിഹസിച്ചു കേരള സർക്കാർ നൽകിയ സൗജന്യം! പരിസ്ഥിതി നിയമത്തിൽ (1986) ഉപേക്ഷിക്കപ്പെട്ട ഖനന മേഖലകൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിബന്ധനകൾ ഉള്ളപ്പോൾ ഈ ഖനന നിയമത്തിൽ വെറും വെള്ളപൂശൽ മാത്രമാണ് ഉള്ളത്.


സെക്ഷൻ 77 ൽ സൈന്റിഫിക്ക് മൈനിങ്ങ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് എൻവയോൺമെന്റ് എന്ന ഭാഗത്ത് ക്വാറി ഖനനം മൂലം പരിസ്ഥിതിക്ക് സംഭവിക്കുന്ന ആഘാതങ്ങൾ - അന്തരീക്ഷത്തിൽ കൂടി പരക്കുന്ന വിഷാംശം,വെളളത്തിലുടെ വ്യാപിക്കുന്ന അഴുക്കും മാലിന്യങ്ങളും, കെമിക്കലുകളും, ശബ്ദമലിനീകരണം എന്നിവ അക്കമിട്ടു നിരത്തുന്നുണ്ട്. ക്വാറികൾ സൃഷ്ടിക്കുന്ന അപകടങ്ങൾക്കു് പരിഹാര നടപടികളൂം വേണമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ നിബന്ധനകൾ ഒന്നും കാണുന്നില്ല.മാത്രമല്ല, വിരുദ്ധമായ ചട്ടങ്ങൾ ചേർത്തിട്ടുമുണ്ട്. ഉദാ.ക്വാറികളിലെ പൊടി പടലങ്ങളും വിഷപ്പുകയും അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് ക്വാറികളുടെ ഉയരം, കാറ്റിന്റെ ഗതിയും വേഗതയും എന്നിവയെ ആശ്രയിച്ചാണ്.ഇത് 5-7 Km വരെയാകാമെന്നു് എയർ അതോറിറ്റി (മലിനീകരണ നിയന്ത്രണ ബോർഡിന്റെ വായു മലിനീകരണ വിഭാഗത്തിന്റെ അപ്പ ലറ്റ് അതോറിറ്റി ) മറ്റൊരു കേസിൽ ഹൈക്കോടതിയിൽ സത്യവാക് മൂലം നൽകിയിട്ടുള്ളതാണ്. ഇതിന് വിരുദ്ധമായാണു് ക്വാറികളുടെ ദൂരം 50,100 മീറ്റർ എന്ന നിയമം.കേരളത്തിൽ ക്വാറികൾ വലിയ ശതമാനവും 6 മീറ്ററിൽ താഴെക്ക് ഉള്ള ഖനനം, സ്ഫോsകവസ്തുക്കളുടെ ഉപയോഗം, 50 ൽ കൂടുതൽ തൊഴിലാളികൾ എന്നിവ ഉള്ളതാണ്. അതിനാൽ ഈ ക്വാറികൾ കെഎംഎം സി റൂൾസിന് പുറത്താണ്.ഇവിടെ കേന്ദ്ര മൈൻസ് ആക്ട് നിയമമാണു് ബാധകമാവുക. അതായത് ദൂരം 300 മീറ്ററിൽ കുറയാൻ പാടില്ലാ എന്നു്. അങ്ങിനെ നോക്കുമ്പോൾ ഈ ക്വാറികൾ എല്ലാം പൂട്ടേണ്ടതാണ് .


ഇങ്ങിനെ പഴുതുകളും വൈരുധ്യങ്ങളും നിറഞ്ഞ ഖനന നിയമത്തിൽ ശാസ്ത്രീയ ഖനന മെന്നൊക്കെ എഴുതി വക്കാനും ദണ്ഡപാണിയും കൂട്ടരും മറക്കുന്നില്ല .3.ഭൂമിക്ക് താഴെയുള്ള ഖനനം. നമുക്കറിയാം കേരളത്തിൽ വലിയ ശതമാനം (ഇങ്ങിനെ വീണ്ടും ഓളക്കണക്കിൽ പറയേണ്ടി വരുന്നത് ഇതിനൊന്നും കൃത്യമായ കണക്കില്ല എന്ന് മനസ്സിലാക്കുമല്ലോ.) ക്വാറികളും ഭൂമി തുരന്ന് നൂറും ഇരുനൂറും അടി താഴ്ചവരെയെത്തി വലിയ വെള്ളക്കെട്ടും ഗർത്തങ്ങളും സഷ്ടിച്ചിട്ടുള്ളതാണ്. ഇത് ജലസ്റോതസ്സുകളെ അപകടരമാം വിധം ബാധിച്ചിട്ടുള്ളതുമാണ്. ഇത്തരം ഖനന ങ്ങൾക്കു് ഹൈഡ് റോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ വിശദമായ പഠന റിപ്പോർട്ടും എൻ ഓ സി യും അനിവാര്യമാണെന്ന് കേന്ദ്ര മൈൻസ് ആക്ട് നിഷ്കർഷിക്കുന്നു‌.എന്നാൽ 2015ലെ ഖനന നിയമത്തിൽ ഇത് സൂചിപ്പിച്ചിട്ടു പോലുമില്ല.ഇത്തരം ഖനനങ്ങൾക്ക് കേന്ദ്ര മൈൻസ് ആക്ട് ആണ് ബാധകം.
ഇങ്ങിനെ കേന്ദ്ര, സംസ്ഥാന ഖനന നിയമങ്ങളും കോടതി വിധികളും സൂക്ഷ്മമായി പരിശോധിച്ചാൽ കേരളത്തിൽ ഇന്നുള്ള ക്വാറികളിൽ മഹാഭൂരിപക്ഷവും നിയമവിരുദ്ധവും അനധികൃതവുമാണെന്നു് കണ്ടെത്താൻ കഴിയും‌ .എന്നാൽ നിയമങ്ങളിലെ നമ്മുടെ അവബോധക്കുറവും, സർക്കാരും, രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും അവയുടെ സംരക്ഷകരാകുന്നതും അവ ഒരു കുലുക്കവുമില്ലാതെ നിലനിൽക്കാനും വളർന്നു പെരുകാനും വഴിയൊരുക്കുകയും ചെയ്യുന്നു.


അടുത്ത ഭാഗത്ത് പഞ്ചായത്തിരാജ് നിയമവും ക്വാറികളും സംബന്ധിച്ച് വായിക്കുമല്ലോ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment