ബന്ദിപ്പൂരിൽ വീണ്ടും കാട്ടുതീ; 60 ഏക്കറോളം വനം കത്തിനശിച്ചു




ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ വീട്ടും കാട്ടുതീ. കുന്ദേര മേഖലയിലാണ് തീ പടർന്നത്. പ്രാഥമിക കണക്ക് പ്രകാരം ഏകദേശം 60 ഏക്കറോളം വനഭൂമി കത്തി നശിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് തീപടർന്നത്.  പ്രദേശത്തെ പുൽത്തകിടിയിലാണ് ആദ്യം തീപിടിച്ചത്.


തീ പിന്നീട് മറ്റ് സ്ഥലത്തേക്ക് വളരെ വേഗത്തിൽ പടർന്ന് പിടിച്ചു. തീപിടുത്തത്തിൽ നിരവധി മരങ്ങളും ചെടികളും സസ്യങ്ങളും ജീവികൾക്കും നാശമുണ്ടായതായി കണക്കാക്കുന്നു. എന്നാൽ ഇവയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉണങ്ങിയ പുല്ലുകളും കാലാവസ്ഥാ വ്യതിയാനവുമാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.


വൈകീട്ട് ഏകദേശം ആറുമണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. അഗ്നിശമന സേനയും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തീ അണച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലാണ് കൂടുതൽ വനനാശം ഉണ്ടാക്കതെ കാത്തത്. അതേസമയം, ആരോ മനഃപൂർവം തീയിട്ടതായി സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


കഴിഞ്ഞ മാസവും ബന്ദിപ്പൂരിൽ വലിയ തോതിലുള്ള തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഏകദേശം 15,000 ഏക്കറോളം വനം കത്തി നശിച്ചിരുന്നു. ഗോപാൽസാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി  ഭാഗത്തേക്കും മേൽക്കമ്മനഹള്ളിയിലേക്കും പടരുകയായിരുന്നു.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment