ഒറ്റയാൻ കരിതപ്പി




കരിതപ്പി - Marsh Harrier (Circus aeruginosus)

ചക്കിപ്പരുന്തിനോളം വലുപ്പമുള്ള ഒരു പക്ഷിയാണ് കരിതപ്പി. ചെളിയോ ,വെള്ളമോ ധാരാളമുള്ള പ്രദേശത്താണ് സാധാരണ  കാണുക .കറുത്തിരണ്ട തവിട്ടു നിറമാണ് ദേഹമാസകലം. തലയുടെ മുകൾ ഭാഗവും, താടിയും മാത്രം മങ്ങിയ വെള്ള നിറമാണ് .ചിറകുകൾക്ക് ചക്കിപ്പരുന്തിനേക്കാൾ നീളം കൂടും . വാലിൽ ചക്കിപ്പരുന്തിനുള്ളതുപോലെ വെട്ടില്ല . 


മഴക്കാലത്തിന്റെ അവസാനം മുതൽ മാർച്ച് - ഏപ്രിൽ മാസങ്ങൾ വരെ മാത്രമേ നമ്മുടെ രാജ്യത്ത് കരിതപ്പിയെ കാണുകയുള്ളു. അഞ്ചാറു മാസക്കാലത്തെയ്ക്കു കേരളം വെടിഞ്ഞ് കൂടു കൂട്ടുവാനായി ഇവ വടക്കോട്ടു പോകുന്നു .സെപ്തംബർ മാസം തുടങ്ങിയാൽ ആരുമറിയാതേ  തിരകെയെത്തുന്നു .


കരിതപ്പിയെ സാധാരണയായി ഒറ്റയ്ക്കാണ് കാണാറുള്ളത്. മിക്ക സമയങ്ങളിലും വെള്ളവും, ചെളിയുമുള്ള സ്ഥലങ്ങൾക്കു മീതേ അങ്ങൊട്ടുമിങ്ങോട്ടും സ്വൽപ്പം അലസതയോടെ പറന്നു നടക്കുന്നതാണ് കാണുക. കണ്ണുകൾ എപ്പൊഴും താഴെയുള്ള പുല്ലിലും, ചെടിപ്പടർപ്പിലും , ചെളിയിലും ഇര തേടുകയാണ് .ഇങ്ങനെ പറക്കുന്നതിനിടയിൽ വല്ലതവളയോ , എലിയോ, ചെറിയ പാമ്പുകളോ കണ്ണിൽ പെട്ടാൽ ഉടനെ ചിറകുകൾ പൊക്കിപ്പിടിച്ച് താഴെ വീഴും. മിക്കവാറും അവിടെ തന്നെ ഇരുന്ന് ഇരയെ തിന്ന ശേഷമാണ് വീണ്ടും വേട്ട തുടങ്ങുക .ഇടയ്ക്കു പറന്നു മടുത്താൽ വരമ്പിൻ മേലോ വല്ല മരക്കുറ്റിയിലോ അനങ്ങാതേ നിവർന്നിരുന്ന് വിശ്രമിക്കും . അനാവശ്യമായി പറന്നു ക്ഷീണിക്കാതെ ഈ ഇരുപ്പിടത്തിന്മേൽ തന്നെ പകൽ മുഴുവനും കഴിച്ചു കൂടും .അവിടെ നിന്നും കാണുന്ന ചെറു ജീവികളേയും , നീർപ്പറവുകളുടെ കുഞ്ഞുങ്ങളെയും തട്ടിയെടുത്ത് ആവശ്യത്തിലെറേ ഭക്ഷണം സമ്പാദിക്കും .


തുറന്ന പ്രദേശത്താണ് കരിതപ്പിയുടെ അടവുകൾ ആഹാര സമ്പാദത്തിനുതകുന്നത് . അതിനാൽ അതിനെ കാടുകളിലും വളപ്പുകളിലും കാണുകയില്ല . മരങ്ങളോടു പക്ഷിക്കു സ്വഭാവികമായി ഒരു വെറുപ്പു തന്നെ ഉണ്ടെന്നു  തോന്നുന്നു .പാടത്തും മറ്റും വേട്ടയാടി കഴിഞ്ഞാൽ വിശ്രമിക്കുന്നതിനു പോലും മരകൊമ്പുകളെ ആശ്രയിക്കാറില്ല .രാത്രി ഉറങ്ങുന്നത് നിലത്തിരുന്നാണ് .


കരിതപ്പി കൂടു കൂട്ടുന്നത് ഹിമാലയത്തിന് വടക്കാണ് .തറയിലും , പുൽപ്പരുപ്പുകളിലുമാണ് കൂടു കൂട്ടി കുഞ്ഞുങ്ങളെ വളർത്തുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment