ബാവുപ്പാറ കരിങ്കൽ ക്വാറി പ്രവർത്തിച്ചത് നിയമ വിരുദ്ധമായെന്ന് ഹൈക്കോടതി; നടപടിക്ക് നിർദേശം




വടകര: ആയഞ്ചേരി പഞ്ചായത്തിലെ ബാവുപ്പാറ കിഴക്കേ മലയിൽ കരിങ്കൽ ക്വാറി പ്രവർത്തിച്ചത് നിരവധി നിയമ ലംഘനങ്ങളിലൂടെയെന്ന് ഹൈക്കോടതി. നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയ കോടതി ക്വാറി ഉടമക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ മൈനിങ് ആൻഡ് ജിയോളജി ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിർദേശം നൽകി. ചെറുകിട ക്വാറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം കെ ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി.


2019 ജനുവരി മുതലാണ് ഈ ക്വാറിയുടെ പ്രവർത്തനം കാരണം അപകട ഭീഷണി നേരിടുന്ന നാട്ടുകാർ സമരത്തിനും നിയമ പോരാട്ടത്തിനും ഇറങ്ങിയത്. പോരാട്ടം തുടരുന്നതിനിടെ കഴിഞ്ഞ ജൂലൈ മാസത്തിൽ ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ കളക്ടർ ക്വാറി സന്ദർശിക്കുകയും പ്രദേശത്തുകാരുടെ റോഡ് ഗതാഗത യോഗ്യമല്ലാതെ തകർന്നതും പാരിസ്ഥിതിക അനുമതിയിൽ അനുശാസിക്കുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഗുരുതര ലംഘനങ്ങളും ഉൾപ്പെട്ട കാര്യങ്ങളും കളക്ടർ കണ്ടെത്തിയിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ കളക്ടർ ജിയോളജി വകുപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മഴക്കാലത്ത് ക്വാറിയിൽ നിന്ന് മണ്ണും കല്ലും ഒഴുകി വന്ന് അപകടം ഉണ്ടായിരുന്നു. ഇതേതുടർന്ന് ഇവിടെ നിന്നും പല കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കേണ്ടി വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വടകര തഹസിൽദാരും ക്വാറി ഉടമയ്ക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. 


നിയമലംഘനങ്ങൾ കാരണം നിലവിൽ ക്വാറി പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്. ക്വാറി പ്രവർത്തനം നിർത്തിയതിന് പിന്നാലെയാണ് നാട്ടുകാർക്ക് അനുകൂലമായ കോടതി വിധിയും ഉണ്ടായത്. ഇതോടെ ഒരു വർഷമായി തങ്ങളുടെ ജീവിതം തന്നെ ആശങ്കയിലാക്കിയിരുന്ന ക്വാറി എന്നെന്നേക്കുമായി അടക്കുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് നാട്ടുകാർ. ഈ വിധി ഏറെ ആശ്വാസം പകരുന്നതായി നാട്ടുകാർ പറഞ്ഞു. 


അതേസമയം, നിയമ ലംഘനങ്ങൾ നടത്തുകയും നാട്ടുകാർക്ക് ജീവൻ ഭീഷണി ആവുന്ന അപകടാവസ്ഥയിൽ ക്വാറി പ്രവർത്തിച്ചതിനും ക്വാറി ഉടമ എം കെ ബാബുവിനും മറ്റും എതിരെ ശക്തമായ നിയമ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ എടുക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment