ഭാരതപ്പുഴയിൽ സാമൂഹ്യവിരുദ്ധർ ചങ്ങണക്കാടുകൾക്ക് തീയിടുന്നു; ജീവികൾ വെന്തുരുകുന്നു




ഭാരതപ്പുഴയിലെ ചങ്ങണക്കാടുകളിൽ സാമൂഹ്യ വിരുദ്ധർ തീയിടുന്നതോടെ വെന്തൊടുങ്ങുന്നത് നിരവധി ജീവജാലങ്ങൾ. പുഴയ്ക്ക് നടുവിലുള്ള ചങ്ങണക്കാടുകളാണ് തീയിടുന്നത്. ഇതോടെ ഈ കാടുകളിൽ കൂടുവെച്ച കിളികളും ഇവയുടെ കുഞ്ഞുങ്ങളും മറ്റു ജീവജാലങ്ങളും തീയിൽപ്പെട്ട് വെന്ത് ഇല്ലാതാവുകയാണ്. തീയിടുന്നത് മിണ്ടാപ്രാണികൾക്കൊപ്പം പുഴയ്ക്ക് സമീപമുള്ള വീടുകൾക്കും ഭീഷണിയാകുന്നുണ്ട് .


മണലൂറ്റി ഇല്ലാതാക്കിയ ഭാരതപ്പുഴയുടെ മിക്ക ഭാഗങ്ങളിലും വലിയ തോതിൽ ചങ്ങണ കാടുകൾ വളർന്ന് പന്തലിച്ചിട്ടുണ്ട്. നിരവധി മരങ്ങളും പലയിടങ്ങളിൽ വളർന്ന് വലുതായിട്ടുണ്ട്. പരിധിയില്ലാതെ മണലൂറ്റിയ ഇടങ്ങളിൽ ചളി അടിഞ്ഞും മറ്റും രൂപപ്പെട്ട ഇടങ്ങളിലാണ് കാടുകൾ വളരുന്നത്. കാടുകൾ പോലെ ആയതോടെ ഇവിടെ നിരവധി ജീവികളുടെ വാസസ്ഥലം കൂടിയായി മാറിയിട്ടുണ്ട്. നിരവധി ദേശാടനപക്ഷികളും പ്രദേശങ്ങളിൽ എത്തുന്നുണ്ട്.


ഇവയെല്ലാം അധിവസിക്കുന്നിടത്താണ് സാമൂഹ്യവിരുദ്ധർ തീയിടുന്നത്. ഇതോടെ ഭാരതപ്പുഴയെ ആശ്രയിച്ച് രൂപപ്പെട്ടിട്ടുള്ള ജൈവ സമ്പത്ത് തന്നെ ഇല്ലാതാവുകയാണ്. അതേസമയം, പുഴയിൽ തീയിടുന്നതോടെ വലിയ തോതിലുള്ള പുകയും ഉയരുന്നുണ്ട്. ഇത് പുഴയ്ക്ക് സമീപമുള്ള റോഡുകളിലേക്ക് കൂടി പരക്കുന്നതോടെ വാഹനങ്ങളിൽ പോകുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 


അവധി ദിനങ്ങളിലാണ് പുഴയിലെ കാടുകൾക്ക് തീയിടുന്നത് കൂടുതൽ.  അവധി ദിനങ്ങളിൽ പുഴയിൽ കുളിക്കാനും കളിക്കാനായി നിരവധിപേർ ഭാരതപുഴയുടെ കുറ്റിപ്പുറം - ചെമ്പിക്കൽ മേഖലയിൽ എത്തുന്നുണ്ട്. പലരും ഭക്ഷണം കഴിക്കാനും മദ്യപിക്കാനും എത്തുന്നത്. ചിലർ പുഴയിൽ വെച്ച് ഭക്ഷണം പാകം ചെയ്‌ത് കഴിക്കുന്നുണ്ട്. ഇവർ പുഴയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വേസ്റ്റ് ഇട്ടുപോകുന്നതും പുഴയ്ക്ക് പ്രശനങ്ങൾ സൃഷ്ടിക്കുന്നുണ്ട്‌.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment