എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ ബയോ ഡീസല്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചു




എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ ബയോ ഡീസല്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചു. പാചകത്തിനുപയോഗിച്ച ഭക്ഷ്യ എണ്ണ ശേഖരിച്ച് ശുദ്ധീകരിച്ച് ബയോ ഇന്ധനമാക്കി ഡീസലില്‍ കലര്‍ത്തുന്ന പരിപാടി, ആരോഗ്യ-സാമ്പത്തിക രംഗത്തും ഗുണപരമാണ്. 2030 ഓടെ രാജ്യത്ത് വില്‍ക്കുന്ന ഡീസലില്‍ ബയോ ഡീസലിന്റെ സാന്നിധ്യം അഞ്ച് ശതമാനം വരെയാക്കി ഉയര്‍ത്താനാണ് പദ്ധതി. 


ഭക്ഷ്യവസ്തുക്കളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന എഥനോളിന്‍റെ(Ethanol) സാന്നിധ്യം 20% ഉയര്‍ത്തും. എണ്ണ ഇറക്കുമതി ചെലവ്  കുറയ്ക്കാമെന്നതിനൊപ്പം പാഴായിപ്പോകുന്ന പാചക എണ്ണയും ഭക്ഷ്യ വസ്തുക്കളും പ്രയോജനപ്പെടുത്താനും പദ്ധതി കൊണ്ട് സാധിക്കും. രാജ്യത്ത് നിലവില്‍ 2,700 കോടി ലിറ്റര്‍ ഭക്ഷ്യ എണ്ണയാണ് പ്രതി വര്‍ഷം ഉപയോഗിക്കുന്നത്. ഇതില്‍ നിന്ന് 140 കോടി ലിറ്റര്‍ ഉപയോഗിച്ച എണ്ണ സംഭരിക്കാമെന്നും 110 കോടി ലിറ്റര്‍ ബയോ ഡീസല്‍ തയാറാക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.


കേന്ദ്ര പെട്രോളിയം മന്ത്രാലയവും പൊതുമേഖലാ എണ്ണക്കമ്പനികളും കൈകോര്‍ത്താണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. 100 നഗരങ്ങളിലാണ് ആദ്യ ഘട്ടം ഇത് നടപ്പാക്കുക. സ്വകാര്യ കമ്പനികള്‍ക്കാണ് പാചകത്തിനു ശേഷം ഉപയോഗ ശൂന്യമായ എണ്ണ ശേഖരിക്കാനും ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ച് ബയോ ഡീസല്‍ ഉല്‍പ്പാദിപ്പിക്കാനും കരാര്‍ വഴി അവസരം നല്‍കുക. ഹോട്ടലുകളില്‍ നിന്നും മറ്റുമാവും വലിയ തോതില്‍ ഉപയോഗിച്ച എണ്ണയും. വീടുകളിലെ ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണയും ഭാവിയില്‍ സ്വീകരിക്കുവാന്‍ നടപടിയുണ്ടാവും. ആദ്യ വര്‍ഷത്തില്‍ ലിറ്ററിന് 51 രൂപ നല്‍കി കമ്പനികള്‍ എണ്ണ വാങ്ങും. രണ്ടാം വര്‍ഷം 52.7 രൂപയായും മൂന്നാം വര്‍ഷം 54.5 രൂപയായും ഉപയോഗിച്ച ഭക്ഷ്യഎണ്ണയുടെ വില ഉയര്‍ത്തും.


ഉപയോഗിച്ച ഭക്ഷ്യ എണ്ണയുടെ ശേഖരണത്തിന് വേണ്ടി യുസിഒ (യൂകോ, യൂസ്ഡ് കുക്കിംഗ് ഓയില്‍) എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. ഉപയോഗിച്ച ഭക്ഷ്യ എണ്ണ ബയോഡീസല്‍ നിര്‍മാണത്തിനായി നല്‍കുന്നുണ്ടെന്ന് കാണിക്കാന്‍ ആര്‍യുസിഒ (റൂകോ, റീപര്‍പ്പസ് യൂസ്ഡ് കുക്കിഗ് ഓയില്‍) സ്റ്റിക്കര്‍ ഹോട്ടലുകളും റെസ്റ്ററെന്റുകളും പതിപ്പിക്കണം. നിലവില്‍ രാജ്യത്ത് 850 കോടി ലിറ്റര്‍ ഡീസലാണ് പ്രതിവര്‍ഷ ഉപഭോഗം. 2030 എത്തുമ്പോഴേക്കും ഡീസലില്‍ 5% ബയോഡീസല്‍ ചേര്‍ക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 500 കോടി ലിറ്റര്‍ ബയോഡീസല്‍ ആവശ്യമായി വരും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment