കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത് മൗലികാവകാശ ലംഘനം ; സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ബോംബെ ഹൈക്കോടതി




കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതിന് സമ്പൂർണ്ണമായ വിലക്കേർപ്പെടുത്തി ബോംബെ ഹൈക്കോടതി. അത്യാവശ്യമെന്ന് കോടതി കണ്ടെത്താത്ത ഒരു പദ്ധതിക്ക് വേണ്ടിയും സംസ്ഥാനത്തെ കണ്ടൽക്കാടുകൾ നശിപ്പിക്കാൻ അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത് പൗരന്റെ മൗലികാവകാശത്തിന്റെ ലംഘനവും, ഭരണഘടനയുടെ ആർട്ടിക്കിൾ 21ന് എതിരുമാണെന്ന് 2005 ലെ ഇടക്കാല ഉത്തരവ് ശരിവെച്ച് കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കണ്ടൽക്കാടുകൾ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു. 2005 ലെ ഇടക്കാല ഉത്തരവിൽ കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതും, കണ്ടൽ ചതുപ്പുകളിൽ മാലിന്യം തള്ളുന്നതും തടഞ്ഞു കൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. 

 

കണ്ടൽക്കാടുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബോംബെ എൻവിറോണ്മെന്റൽ ആക്ഷൻ ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എ.എസ് ഓക, ആർ.ഐ ഛഗ്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ്. എല്ലാ കണ്ടൽനിലങ്ങൾക്കും ചുറ്റും 50 മീറ്റർ ചുറ്റളവിൽ ബഫർ സോൺ പാലിക്കണമെന്നും, അവിടെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും, മാലിന്യനിക്ഷേപവും നടത്താൻ പാടില്ലെന്നും കോടതി വിധിയിൽ പറയുന്നു. സർക്കാർ ഭൂമിയിലുള്ള കണ്ടൽക്കാടുകൾ സംരക്ഷിത വനമോ, റിസർവ്വ് വനമോ ആയി പ്രഖ്യാപിക്കണമെന്നും നശിപ്പിക്കപ്പെട്ട കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു. 

 

കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി ഒരു കമ്മിറ്റിയെ നിയോഗിക്കാനും, എല്ലാ കണ്ടൽക്കാടുകളെയും സംസ്ഥാന വനംവകുപ്പിന്റെ അധികാര പരിധിയിൽ കൊണ്ട വരാനും കോടതി നിർദ്ദേശിച്ചു. കണ്ടൽക്കാടുകളുടെ സംരക്ഷണം ഉറപ്പ് വരുത്താനും, കണ്ടൽ പ്രദേശങ്ങൾ നശിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും, കോടതി വിധി നടപ്പിലാക്കാനുമുള്ള ഉത്തരവാദിത്വം ഈ കമ്മിറ്റിക്ക് നൽകണം.  സ്വകാര്യ ഭൂമിയിലെ കണ്ടൽക്കാടുകളെയും 1927 ലെ വനനിയമത്തിന്റെ അടിസ്ഥാനത്തിൽ റിസർവ്വ് വനമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി വിധിയിൽ പറയുന്നു. 18 മാസത്തിനുള്ളിൽ എല്ലാ സ്വകാര്യ കണ്ടൽചതുപ്പുകളെയും വനഭൂമിയായി നോട്ടിഫൈ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

 

ഈ വിധിയുടെ അടിസ്ഥാനത്തിൽ വേണം ഭാവിയിലെ എല്ലാ വികസന പദ്ധതികളൂം ആലോചിക്കേണ്ടത്. എത്ര വിസ്തീർണ്ണം കുറഞ്ഞ കണ്ടൽക്കാടായാലും അത് തീരദേശ പരിപാലന നിയമത്തിലെ സി.ആർ.ഇസഡ് വണ്ണിൽ പെടും. കണ്ടൽക്കാടുകൾക്ക് സമീപത്ത് ഇനി മുതൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതി നല്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment