കുപ്പിവെള്ളം: പരിസ്ഥിതി വിരുദ്ധവും പകൽ കൊള്ളയും




പ്രതിവർഷം സംസ്ഥാനത്തിനു ലഭിക്കുന്ന മഴവെള്ളത്തിന്, 3 മീറ്റർ ഉയരത്തിൽ കേരള ഭൂ വിസ്തൃതിയെ മുക്കി നിർത്തുവാൻ കഴിവുണ്ട്. ലോകത്ത് ഏറ്റവും അധികം കിണറുകളുള്ള നാട്ടിൽ ,അവയുടെ ആകെ എണ്ണം 70 ലക്ഷം കടക്കും. കുളങ്ങളും അരുവികളും പുഴയും നദിയും അവയുടെ അവസാന കണ്ണികളായി പ്രവർത്തിക്കുന്ന കായലും ഒക്കെ ചേരുന്ന നാട്  ജലക്ഷാമത്താൽ ബുദ്ധിമുട്ടുന്നു. സംസ്ഥാനത്തെ 154 ബ്ലോക്കുകളിൽ  50 എണ്ണത്തിൽ വെള്ളത്തിൻ്റെ ലഭ്യത കുറവാണ്.അതിൽ പ്ലാച്ചിമട ഉൾപ്പെടുന്ന ചിറ്റൂർ താലൂക്കിൻ്റെ അവസ്ഥ വളരെ ദയനീയമായിക്കഴിഞ്ഞു. പാലക്കാട് ജില്ലയിൽ അത്തരത്തിലുള്ള സ്ഥലങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.പ്രശ്ന ബാധിതമായി മാറിയ രണ്ടു ഡസനില ധികം താലൂക്കുകൾ നിലവിലുണ്ട്.(പ്രത്യേകിച്ചും)ഭൂഗർഭ ജലം കുറയുന്നതും അതിലേക്ക് മഴവെള്ളം ഒഴുകി എത്താത്തതും Acquafier നെ അശക്തമാക്കി മാറ്റിയതായി കാണാം.
 

(Severe drought:2.5% 
Moderate drought:63.8%
Slight drought: 23%
No drought: 10.7%.)


മാലിന്യ നിർമ്മാർജ്ജനത്തിൻ്റെ പാളീച്ചകൾ, പ്ലാസ്റ്റിക്കുകളും കക്കൂസ് മാലിന്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാത്തതും കിണറുകളെയും കുളങ്ങളെയും പുഴകളെയും അപകടകരമായി ബാധിക്കുന്ന കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യവും സംസ്ഥാനത്തെ ജല ക്ഷാമത്തിനൊപ്പം ലഭ്യമായ വെള്ളത്തിൻ്റെ ഗുണനിലവാരത്തിനു ഭീഷണിയാണ്. കക്കൂസ് മാലിന്യങ്ങൾ ഒഴുകി കിണറുകളിൽ എത്താത്ത വിധം സെപ്റ്റിക്ക് ടാങ്കുകൾ വ്യാപകമായി ഉപയോഗിക്കുവാൻ നിയമം അനുശാസിക്കുമ്പോൾ പഴയ കാലത്തെ പിറ്റുകളുള്ള ശൗച്ചാലയങ്ങൾ വിസർജ്യ ത്തെ മണ്ണിൽ കലരുവാൻ അവസരമൊരുക്കുന്നു . 

 


കിണർ വെള്ളം ഉപയോഗ ശൂന്യമാകും വിധം മലിന വസ്തുക്കൾ കലരുന്ന സാഹചര്യങ്ങളുടെ മറവിൽ ഏതാനും വർഷങ്ങൾക്കു മുൻപ് തഴച്ചു വളർന്ന കുപ്പി വെള്ള ശീലം മലയാളികളുടെ ഇടയിൽ വ്യാപകമായി. ഒരു കാലത്ത് യൂറോപ്പിൽ സജ്ജീവമായിരുന്ന Mineral water സംസ്ക്കാരത്തിൻ്റെ പരിസ്ഥിതി ആഘാതം മനസ്സിലാക്കി അവർ അതിൽ നിന്നും പിൻ വാങ്ങുവാൻ പടിപടിയായി വിജയിക്കുന്നുണ്ട്.അവരുടെ നാട്ടുകാരായ ലോക ബഹു രാഷ്ട്ര കുത്തക വെള്ള കമ്പനിക്കാർ കുപ്പി വെള്ള രംഗത്ത് മാത്രമല്ല ജലവിതരണ മേഖലയിലും മൂന്നാം ലോക രാജ്യങ്ങളിൽ പിടിമുറുക്കുകയുണ്ടായി. ബക്റ്റൽ, എൻറോൺ, കൊക്കാകോള, പെപ്സി മുതലായ ഭീമന്മാരുടെ കച്ചവട തന്ത്രങ്ങൾ കേരളത്തിൽ വിജയിച്ചതിൻ്റെ ഭാഗമായിട്ടാണ് പ്രതി ദിനം 75 ലക്ഷം ലിറ്റർ കുപ്പിവെള്ളം വിൽക്കുന്ന മാർക്കറ്റായി നാടു മാറിയത്.ദിനം പ്രതി 7 കോടി രൂപ വെച്ച് 2550 കോടി രൂപ  പ്രതി വർഷം ചെലവാക്കുന്നതിനെ വികസനമായി പരിഗണിക്കുവാൻ കഴിയില്ല.


കുപ്പി വെള്ളത്തെ നിരുത്സാഹപ്പെടുത്തണം എന്ന വാദത്തിനു പിന്നിൽ, കുടി വെള്ളത്തിനായി പണം ചെലവാക്കുന്നതിനപ്പുറം അതുണ്ടാക്കുന്ന പരിസ്ഥിതിക പ്രശ്നങ്ങൾ വളരെ വലുതാണ്. കൊക്കാകോള കമ്പനിയുടെ പ്ലാച്ചിമടയിലെ യൂണിറ്റ് പെരുമാട്ടി പഞ്ചായത്തിൽ വരുത്തിവെച്ച സാമ്പത്തിക നഷ്ടം 266.60  കോടി രൂപ വരും എന്ന് സർക്കാർ നിയമിച്ച സമിതി കണ്ടെത്തുകയുണ്ടായി.(10 വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സർക്കാർ കൈ കൊണ്ടിട്ടില്ല.) 

 


ഒരു ലിറ്റർ കുപ്പിവെള്ളം മാർക്കറ്റിലെത്തിക്കുവാൻ വിവിധ ഘട്ടങ്ങളിലായി  മൊത്തം 4 ലിറ്റർ വെള്ളം വേണ്ടി വരുന്നു. കുപ്പിക്കാവശ്യമായ അസംസ്കൃത വസ്ത്തുക്കൾ, ജല ശുദ്ധീകരണത്തിനു ശേഷം പുറത്തു വിടുന്ന മാലിന്യങ്ങൾ, അതിനാവശ്യമായ ഊർജ്ജം ഒക്കെ കണക്കു കൂട്ടിയാൽ കുപ്പിവെള്ള വ്യവസായം പരിസ്ഥിതിക്ക് യോജിച്ചതല്ല.


പ്ലാസ്റ്റിക്കിലെ രാസവസ്തുക്കള്‍ക്കു പുറമെ ഫ്ലുറോയിഡ്‌, ആര്‍സെനിക്, അലുമിനിയം തുടങ്ങിയ വസ്തുക്കള്‍ മനുഷ്യ ശരീരത്തിന് ദോഷകരമാണ്. 


പ്ലാസ്റ്റിക്ക് കുപ്പി , ചൂട് അന്തരീക്ഷത്തിൽ ഡയോക്സിന്‍ എന്ന വിഷ വസ്തു (Dioxine)  ഉണ്ടാക്കും. അര്‍ബുദത്തിന് സാധ്യത വർധിപ്പിക്കുന്ന വസ്തുവാണ്  ഡയോക്സിന്‍.BPA (bisphenol A,bisphenol.S, bisphenol F) ഈസ്ട്രജനെ ഉത്തേജിപ്പിക്കുന്ന രാസ വസ്തുക്കള്‍ ഉണ്ടാകുകയും ആരോഗ്യപ്രശ്‌നങ്ങളായ പ്രമേഹം, അമിത വണ്ണം, വന്ധ്യതാ പ്രശനങ്ങള്‍, സ്വഭാവ പ്രശനങ്ങള്‍ എന്നിവ പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്നു.കരള്‍ രോഗത്തിനും ബീജങ്ങളുടെ ഉത്പാദനത്തെയും ബാധിക്കുന്നു.പ്ലാസ്റ്റിക്കില്‍ പതാലേറ്റ് എന്ന രാസവസ്തുക്കള്‍ കരള്‍ ക്യാന്‍സറിനും ബീജങ്ങളുടെ എണ്ണം കുറയാനും കാരണമാകുന്നു.

 


സംസ്ഥാനത്ത് 220 ശുദ്ധജല പ്ലാന്റുകളാണ് നിലവിൽ സജ്ജീവമാണ്.200 അനധികൃത കമ്പനികളും ഈ മേഖലയിലുണ്ട് എന്നാണ് കണക്ക്.സോഡ നിര്‍മ്മാണത്തിനുള്ള ലൈസന്‍സ് നേടിയ ശേഷമാണ് അവ കുപ്പി വെള്ള പ്ലാൻറായി പ്രവർത്തിക്കുന്നത്.


ഒരു ലിറ്റർ കുപ്പിവെള്ളം ഉൽപ്പാദിപ്പിക്കുവാൻ വേണ്ടി വരുന്ന മൊത്തം ചെലവ് 3.75 രൂപയാണ് .അതിൽ കുപ്പി വില 2.90 രൂപയും ഒരു ലിറ്റർ വെള്ളത്തിൻ്റെ വില 16 പൈസയുമാണ്.ഉൽപ്പാദകർ കുപ്പി ഒന്നിന് 1.75 രൂപ ലാഭമെടുത്ത് 5.50 രൂപക്ക് വിതരണക്കാർക്കു നൽകും.അതേ വെള്ളമാണ് 20 രൂപ വിലക്ക് കേരളത്തിൽ വിൽപ്പന നടത്തുന്നത്.ഈ പകൽ കൊള്ളയെ നിയന്ത്രിക്കുവാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്.നഷ്ടത്തിൽ പ്രവർത്തിക്കുന്ന Kerala Water Authority കുപ്പിവെള്ള ഉൽപ്പാദനവും വിതരണവും നടത്തും എന്ന് ആവർത്തിക്കുന്നു എങ്കിലും ഉദ്ദേശിച്ച പോലെ മാർക്കറ്റിൽ അവ ലഭ്യമായിട്ടില്ല .

 


കുപ്പി വെള്ളത്തിൻ്റെ വില 13 രൂപയായി നിജപ്പെടുത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുമ്പോൾ അതിൻ്റെ ലക്ഷ്യം കുപ്പിവെള്ള വ്യവസായത്തിലെ അമിത ലാഭം നിയന്ത്രിക്കുക എന്ന വില നിയന്ത്രണ അവകാശം ഉപയോഗപ്പെടുത്തലാണ്. അത്തരം നീക്കങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിനെ വെല്ലുവിളിക്കുവാൻ കച്ചവടക്കാർ മുന്നാേട്ടു വരുന്നതിനെ പൊതു സമൂഹം ചെറുത്തു തോൽപ്പിക്കുവാൻ തയ്യാറാകണം. 


കേരളം രൂക്ഷമായ വരൾച്ചയിലേക്ക് എത്തുമ്പോൾ കേരളത്തിൻ്റെ പരിസ്ഥിത രംഗത്തെ തിരിച്ചടികളെ  ലാഹവത്തോടെ സർക്കാർ നോക്കി കാണുകയാണ്. ജല ശ്രോതസ്സുകൾ സംരക്ഷിക്കുന്നതിനൊപ്പം, കുപ്പി വെള്ള സംസ്ക്കാരത്തെ തള്ളിപ്പറയുവാൻ സർക്കാരും ജനങ്ങളും ഇനി എങ്കിലും  മുന്നോട്ടു വരുമോ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment