ഈ വർഷം ലോകത്ത് വീശിയടിച്ച 97-ാമത്തെയും ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ബുറെവി




ബുറെവിയുടെ പ്രഭാവം കൊണ്ട് തമിഴ്നാടിന്‍റെ തീര പ്രദേശങ്ങളിൽ കനത്ത മഴ അനുഭവപ്പെടുകയാണ്. ചുഴലിക്കാറ്റിന്റെ ശക്തിയാൽ തമിഴ്നാട്ടില്‍ തുടര്‍ച്ചായി പെയ്യുന്ന മഴയില്‍ ഒമ്പത് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. തഞ്ചാവൂരില്‍ കെട്ടിടം തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. ശാരദാംബാളത്തും കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നാമത്തെ മരണം സംഭവിച്ചു. തഞ്ചാവൂരിലും പ്രദേശത്തും ബുധനാഴ്ച മുതല്‍ കനത്ത് മഴയാണ് പെയ്യുന്നത്. 24 മണിക്കൂറിനിടയില്‍ 122 മില്ലി മീറ്റര്‍ മഴ പ്രദേശത്ത് ലഭിച്ചു. 202 മില്ലിമീറ്റര്‍  റെക്കോര്‍ഡ് മഴയാണ് പാട്ടുക്കോട്ട താലൂക്കില്‍. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വെള്ളം കയറി വ്യാപക കൃഷി നാശവും ഉണ്ടായ തായി അധികൃതര്‍ അറിയിച്ചു. ക്യാമ്പുകളിലേക്ക് നിരവധിയാളുകളെയാണ് മാറ്റിയിരിക്കുന്നത്. തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലും മഴ ശക്തമാണ്. ചിദംബരി ക്ഷേത്രത്തിലും വെള്ളം കയറി.


ഡിസംബർ 5 വരെ  കേരളത്തിൽ പലയിടത്തും അതി ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് വെള്ളിയാഴ്ച്ച വൈകിട്ടു മുതൽ  മഴ ശക്തമായി.


ഈ വർഷം ലോകത്ത് വീശിയടിച്ച 97-ാമത്തെയും ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ബുറെവി. 2020ൽ ഇന്ത്യയിൽ വീശിയടിക്കുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റ് കൂടിയാണ് ഇത്. അംഫൻ, നിസർഗ, ഗതി, നിവാർ എന്നിവയാണ് ഈ വർഷം ഇതിനു മുമ്പ് ഇന്ത്യൻ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റുകൾ. കേരളത്തിന് ആശങ്കയുണ്ടാക്കിയ ഓഖിക്കു ശേഷമുള്ള  ആദ്യ ചുഴലിക്കാറ്റാണ് ബുറെവി.


മാലി ദ്വീപാണ് ബുറെവിയുടെ പേര് നിർദേശിച്ചത്. ലോക കാലാവസ്ഥാ ഓർഗ നൈസേഷന്റെ (WMO) മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമാണ് ബുറെവി എന്ന പേര്. ഓരോ പ്രദേശങ്ങളിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾക്ക് അതാതിടങ്ങളിലെ രാജ്യങ്ങളാണ് പേരിടേണ്ടത്. ഇന്ത്യൻ മഹാസമുദ്ര മേഖല 13 രാജ്യങ്ങളെ ഉൾക്കൊള്ളുന്നു, ബംഗാൾ ഉൾക്കടലിനും അറബിക്കടലിനുമിടയിൽ രൂപംകൊള്ളുന്ന ചുഴലി ക്കാറ്റുകൾക്കു പേരിടുന്നത് ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്ലൻഡ്, ഇറാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യെമൻ എന്നീ 13 രാജ്യങ്ങളാണ്. നവംബർ 28ന് മാലി ദ്വീപിന് സമീപമാണ് ബുറെവി രൂപം കൊണ്ടത്. 


ബംഗാൾ ഉൾക്കടലിൽ ഉഷ്ണ മേഖല ചുഴലിക്കാറ്റുകളുടെ (Tropical cyclones) രൂപീകരണം കൂടുതലാണ്. മെയ്- ജൂൺ, ഒക്ടോബർ - നവംബർ മാസങ്ങളിൽ ഉണ്ടാകുന്ന രണ്ടു കാലാവസ്ഥ കാറ്റുകൾ (bi-modal wet climate) രണ്ടു സമയങ്ങളിലും ചുഴലികാറ്റിൻ്റെ സാധ്യത വർധിപ്പിക്കാറുണ്ട്. മെയ്, നവംബർ മാസങ്ങളിൽ അവയുടെ എണ്ണം കൂടുതലാണ്. രാജ്യത്തെ 8 സംസ്ഥാനങ്ങളെ  ചുഴലികാറ്റുകൾ ബാധിക്കുന്നു. Modeling and Data Assimilation for Tropical Cyclone Predictions by Indo-US Science & Technology Forum കണക്കുപ്രകാരം, കഴിഞ്ഞ 120 വർഷത്തിനിടയിൽ 606 ചുഴലികാറ്റുകൾ ഉണ്ടായിട്ടുണ്ട്. 


അതിൽ 325 (54%) എണ്ണം ഇന്ത്യയിലൂടെ കടന്നു പോയി. 100 എണ്ണം(17%)കടലിൽ തന്നെ കെട്ടടങ്ങി.ശക്തമായി വീശിയ 197 ചുഴലി കാറ്റിൽ 109 കാറ്റുകൾ  ഇന്ത്യൻ തീരത്തെത്തിയിരുന്നു. 47എണ്ണം ബംഗ്ലാദേശിലും 23 എണ്ണം മ്യാൻമാർ, 9 എണ്ണം ശ്രീലങ്കയിലും വീശിയടിച്ചു. അറബിക്കടലിൽ ഇതേ കാലത്ത് 58 ചുഴലിക്കാറ്റുകൾ ഉണ്ടായി. 53% ഇന്ത്യൻ തീരത്തും 9% പാകിസ്ഥാനിലും 35 % ഇറാൻ, യമൻ, ഒമാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ എത്തി. 3% കടലിൽ തന്നെ അവസാനിച്ചു. 


1999ൽ ഒഡിഷ തീരത്തു വീശിയ The Super cyclone of the century (OSC99) ചുഴലി കാറ്റിൻ്റെ വേഗത 300 km /hr ആയിരുന്നു. 7 മീറ്റർ വരെ തിര മാലകൾ ഉയർന്നു.11 തീരദേശ ജില്ലകളെ അതുബാധിച്ചു. 10000ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1737 ൽ കൽക്കത്തയിൽ വീശിയ ചുഴലി 3 ലക്ഷം ആളുകളുടെ ജീവനെടുത്തതായി ചരിത്രത്തിൽ നിന്നു വായിക്കാം.


ലോകത്തുണ്ടാകുന്ന ചുഴലികാറ്റിൽ 10% ഇന്ത്യൻ തീരത്ത് രൂപപ്പെടുമ്പോൾ അവയിൽ തീവ്രസ്വഭാവമുള്ളവയുടെ എണ്ണം കൂടുന്നത് കാലാവസ്ഥ വ്യതിയാനത്തിലൂടെയാണ്. പ്രതി വർഷം 6 മുതൽ 10 വരെ ചുഴലിക്കാറ്റിൽ രണ്ടു മൂന്നെണ്ണം വിപത്തുകൾ ഉണ്ടാക്കുവാൻ കഴിവുള്ളതാകുന്നു.


അറബിക്കടലിൻ്റെ ഘടന പൊതുവേ കൊടും കാറ്റുകൾ രൂപപ്പെടുവാൻ സഹായകരമായിരുന്നില്ല. ഉപ്പു രസത്തിൻ്റെ തോതിലെ വർധിച്ച സ്വാധീനം, കടലും കരയും തമ്മിലുള്ള ചൂടിലെ കുറഞ്ഞ അന്തരമൊക്കെ ഇതിനുള്ള കാരണമാണ്. എന്നാൽ അറബിക്കടലിൻ്റെ ചൂട് അമിതമായി വർധിച്ചത് പുതിയ പ്രശ്നങ്ങൾക്കു കാരണമായി. അതിൽ ഏറ്റവും അപകടകരമായ സംഭവമായിരുന്നു ഓഖി (2017). 


ഓഖിയിൽ 900ത്തിനടുത്ത് മരണങ്ങൾ ശ്രീലങ്കയിലും കേരളത്തിലും ഉണ്ടാക്കി. അത് 1925 നു ശേഷം സംഭവിച്ച ഏറ്റവും ശക്തമായ ചുഴലിയായിരുന്നു. ന്യൂന മർദ്ദം (Depression) ചുഴലിക്കാറ്റാകാൻ 9 മണിക്കൂർ മാത്രമേ എടുത്തുള്ളു. സാധാരണ യായി 24 മണിക്കൂർ സമയമെടുക്കേണ്ടിടത്താണ് ഇതു സംഭവിച്ചത്. തൊട്ടടുത്ത 24 മണിക്കൂറിൽ അത് അതി ശക്തമായ കൊടും കാറ്റായി മാറിയിരുന്നു. 2020 ജൂണിൽ മുംബൈ തീരത്തു വീശിയ  നൈസർഗാ ഓഖിയോളമില്ലെങ്കിലും ഉഗ്രൻ പ്രഹര ശേഷി കാണിച്ചു.


Madden–Julian Oscillation(MJO) എന്ന പ്രതിഭാസം ഓഖിക്കു കാരണമായി.1500 km അക്ഷാംശത്തിനുള്ളിലും (Latitude) 4500 km രേഖാംശത്തിലും (Longitude) ഇടയിൽ ഉണ്ടാകുന്ന മഴയും കാറ്റും ഇന്ത്യൻ ഉൾക്കടലിൽ നിന്നു തുടങ്ങി കിഴക്കോട്ട് പസഫിക്ക് സമുദ്രത്തിലേക്ക് നീങ്ങുന്നു. ഇത്തരം പ്രതിഭാസത്തെ MJO എന്നു പറയും. ഈ പ്രവർത്തനം കാലാവസ്ഥയെ നിയന്ത്രിക്കുന്നു.


ബംഗാൾ ഉൾക്കടലിൽ നിന്നും ആഞ്ഞു വീശിയ അംഫൻ കാറ്റ് അതി ശക്തമായത് കടലിൻ്റെ ഉപരിതലത്തിലെ ചൂട് 32 ഡിഗ്രി കടന്നതിനാലായിരുന്നു.സാധാരണ ഗതിയിൽ ഇത്തരം ചുഴലിക്കാറ്റുകൾ Category 2, 3 വിഭാഗത്തിൽ പെടുമ്പോൾ അംഫൻ കാറ്റ് അതിശക്തമായ  Category 5 ൽ പെട്ടിരുന്നു. 


അന്തരീക്ഷ ഊഷ്മാവിലെ വർധനവ് കടലിലുണ്ടാക്കുന്ന മാറ്റങ്ങൾ പലപ്പോഴും ന്യൂന മർദ്ധങ്ങളുടെ എണ്ണം വർധിപ്പിച്ചു.അവ വൻ പ്രഹര ശേഷിയുള്ള ചുഴലിക്കാറ്റും പേമാരിയുമൊക്കെയായി മാറുന്നത് അറബിക്കടലിലും പതിവാകുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അത് കേരളത്തെ പ്രതികൂലമായി ബാധിക്കുകയാണ് .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment