ശക്തി ക്ഷയിച്ച് ബുറേവി ഇന്ന് കേരള തീരത്തേക്ക് 




തിരുവനന്തപുരം: ബുറേവി ചുഴലികാറ്റ് ശക്തിക്ഷയിച്ച്‌ ദുര്‍ബലമായെങ്കിലും കേരള തീരത്ത് ജാഗ്രത തുടരുന്നു. ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അഞ്ചു ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഈ ജില്ലകൾ ഉൾപ്പെടെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കുമെന്നാണ് അറിയിപ്പ്. എവിടെയും ഓറഞ്ച് അലർട്ട് ഇല്ല.


അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന് രാത്രി തന്നെ ശക്തി കുറഞ്ഞിരുന്നു. ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറില്‍ ഏകദേശം 30-40 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment