അനധികൃതഖനനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കി ദുരിതാശ്വാസത്തിനുപയോഗിക്കണം; മാധവ് ഗാഡ്ഗില്‍




അനധികൃത ഖനനം നടത്തിയവരില്‍ നിന്ന് പിഴ ഈടാക്കിദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫസർ മാധവ് ഗാഡ്ഗില്‍. ഗോവയില്‍ അനധികൃത പാറഖനനം നടത്തിയവരിൽ നിന്ന് 35,000 കോടി രൂപ പിഴയായി ഈടാക്കണമെന്ന് ജസ്റ്റിസ് ഷാ കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്രം തയ്യാറാകണം. കേരളത്തിന്റെ പ്രളയ ദുരന്തം ഇരുപതിനായിരം കോടിയുടേതാണ്. ഇങ്ങനെ ദുരന്തങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ പിഴത്തുക നല്‍കണം.മാനവസംസ്‌കൃതിയും വൈഎംസിഎയും ചേര്‍ന്ന് സംഘടിപ്പിച്ച 'പരിസ്ഥിതി സൗഹൃദ കേരള വികസനം' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

കേരളത്തിലെ ജലവിഭവ വിനിയോഗത്തെക്കുറിച്ച് ജനകീയ പങ്കാളിത്തത്തോടെയുള്ള പഠനം ആവശ്യമാണെന്നും ഗാഡ്ഗില്‍ പറഞ്ഞു. ആഭ്യന്തര വളര്‍ച്ചാനിരക്ക് പതിവ് മാനദണ്ഡങ്ങളില്‍ ഒതുങ്ങരുത്. പാരിസ്ഥിതികവും സാമൂഹികവുമായ പുനര്‍നിര്‍മ്മാണത്തില്‍ കൂടി ശ്രദ്ധയൂന്നണം. പ്രളയം മൂലമുണ്ടായ നഷ്ടത്തെ വസ്തുവകകളുടെ മാത്രം നഷ്ടമായി കണക്കാക്കാനാകില്ല. ശാസ്ത്രീയമായ അടിത്തറയോടെയാകണം മുന്നോട്ടുള്ള ഓരോ ചുവടുവയ്പും. വികസനത്തില്‍ പ്രാദേശികമായ അഭിപ്രായങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്നും ഗാഡ്ഗിൽ പറഞ്ഞു. 

 


ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ച് രംഗത്ത് വന്നതിലൂടെ കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നതിനെ കുറിച്ച് ചടങ്ങിൽ സംബന്ധിച്ച പി.ടി തോമസ് എം.എൽ.എ പറഞ്ഞു. തന്നെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയതായും, പ്രതീകാത്മക ശവസംസ്കാരം വരെ നടത്തിയതായും മുൻ ഇടുക്കി എം.പി വ്യകതമാക്കി. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ പ്രാധാന്യം പിണറായി വിജയനും രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും കോടിയേരിക്കുമെല്ലാം മനസിലാവുന്ന കാലം വരുമെന്നും പി.ടി തോമസ് പറഞ്ഞു. 

 

കേരളം പുനർനിർമ്മിക്കുമ്പോൾ ജനാധിപത്യപരവും സുതാര്യവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കണെമെന്ന് ഗാഡ്ഗിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ശാസ്ത്രീയമായ പഠനങ്ങൾ നടത്തുമ്പോൾ അത് ഉദ്യോഗസ്ഥ കസർത്തായി മാറരുതെന്നും, ഗ്രാസ്‌റൂട്ട് തലത്തിൽ നിന്ന് മുകളിലേക്കുള്ള ഒരു രീതി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനം പറയുന്ന ശാസ്ത്രീയ ഉപദേശം പലപ്പോഴും തട്ടിപ്പായി മാറുകയാണെന്നും, കേന്ദ്രീകൃതമായ ഒരു ഉദ്യോഗസ്ഥ സംവിധാനം തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന് പകരം പ്രാദേശികമായ സവിശേഷതകൾ കൂടി കണക്കിലെടുത്ത്  നടപ്പിലാക്കണമെന്നും ഗാഡ്ഗിൽ ആവശ്യപ്പെട്ടിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment