ചാലിയാര്‍ പുഴയുടെ ദുരിതങ്ങളില്‍ വില്ലനായി സ്വര്‍ണ്ണ ഖനനവും




ചാലിയാര്‍ പുഴയുടെ ദുരിതങ്ങളില്‍ സ്വര്‍ണ്ണ ഖനനവും പ്രധാന വില്ലനായി പ്രവര്‍ത്തിക്കുന്നു എന്ന് നമ്മുടെ സര്‍ക്കാര്‍ അറിയുന്നില്ല. മാവൂര്‍ മലിനീകരണം, നാണ്യ വിളയിലെ വര്‍ദ്ധിച്ച കീടനാശിനി പ്രയോഗം, മണല്‍ വാരല്‍, കൈയേറ്റം, അനധികൃത നിര്‍മ്മാണങ്ങള്‍ എല്ലാത്തിനും ഒപ്പം നദിയുടെ അടിതട്ടുകള്‍ ഇളക്കിയുള്ള സ്വര്‍ണ്ണ മണല്‍ വാരല്‍ നദിയെ വീര്‍പ്പു മുട്ടിക്കുന്നു. മരുത, പോത്തുകല്ല്, മമ്പാട്, ഒടായിക്കല്‍ മുതലായ ഇടങ്ങളില്‍ പരസ്യമായി മണ്ണ് വാരലും അരിക്കലും തുടരുകയാണ്. 20 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന ചാലിയാര്‍ നദിയിലെ സ്വര്‍ണ്ണ തരികള്‍ക്കായുള്ള മണ്ണ് വാരല്‍ ഉടനടി അവസാനിപ്പിക്കണമെന്ന് അഡ്വ. പൗരന്റെ നേതൃത്തിലുള്ള ചാലിയാര്‍  സംരക്ഷ സമിതി ബന്ധപെട്ടവരോട് ആവശ്യപെട്ടു.


രാജ്യത്തെ സ്വര്‍ണ്ണ ഖനന സാധ്യതയുള്ള കോളാര്‍ എന്നപോലെ അട്ടപ്പാടി, നിലമ്പൂര്‍ മങ്കട മുതലായ  auriferous load zone കളില്‍ സ്വര്‍ണ്ണത്തിന്‍റെ സാന്നിധ്യം മെച്ചപെട്ട രീതിയില്‍ ഉണ്ട് ബ്രിട്ടിഷ് ഭരണ കാലത്ത് തന്നെ അതു മനസ്സിലാക്കി ഖനനം നടത്തിയിരുന്നു. അട്ടപാടിയില്‍ 250 മുതല്‍ 500 മീറ്റര്‍ നീളത്തിലും 1.5മീറ്ററിന് മുകളില്‍ വീതിയിലും സ്വര്‍ണ്ണ സാനിധ്യം ഏറെ അധികമാണ്. നിലമ്പൂരിലും മങ്കടയില്‍ രണ്ടു വീതം സ്വര്‍ണ്ണ സോണുകള്‍ ഉണ്ട് എന്ന്‍  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിട്ടുള്ളതാണ്. ഇവിടങ്ങളില്‍ ഒരു ടണ്ണില്‍ അടങ്ങിയിരിക്കുന്ന സ്വര്‍ണ്ണ സാനിധ്യം 13.8 ഗ്രാമാണ്.  


രാജ്യത്തെ ഖനനവുമായി ബന്ധപെട്ട വ്യക്തമായ നിയന്ത്രങ്ങള്‍ പരാമര്‍ശിക്കുന്ന 7 ഉം  15 ഉം വകുപ്പുകള്‍ , ഖനിജങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുന്ന  ഭരണ ഘടനയുടെ 297 തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിനു ഖനന അവകാശം നല്‍കുന്ന കേന്ദ്ര നിയമം The Mines and Mineral Act 1957 തുടങ്ങിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ പുഴയുടെ നിലനില്‍പ്പിന് മറ്റൊരു ഭീഷണിയാണ് സ്വര്‍ണ്ണ തരികള്‍ അന്വേഷിച്ചുള്ള മണല്‍ അരിക്കല്‍.


നദിയില്‍ നിന്നും നിയന്ത്രണമില്ലാതെ വാരുന്ന മണ്ണില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കുവാന്‍ Mercury ഉപയോഗിക്കുമ്പോള്‍ അത് സര്‍വ്വ ജീവ ജാലങ്ങള്‍ക്കും ഭീഷണിയായി മാറുന്നു. മെര്‍ക്കുറി വിഷം വെളളത്തില്‍ കലരുന്നത് മീനുകള്‍ക്കും വെളളത്തിലെ വിവിധ സസ്യങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും വലിയ ആപത്തുകള്‍ വരുത്തി വെക്കും. രസം എന്ന് മലയാളത്തില്‍ വിളിക്കുന്ന Mercury രക്തത്തില്‍ എത്തിയാല്‍ മരണം നിമിഷങ്ങള്‍ക്കകം സംഭവിക്കും. വളരെ ചെറിയ അളവില്‍ ശരീരത്തില്‍ എത്തുന്ന രസം മനുഷ്യരില്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ വേഗത്തില്‍ തകര്‍ക്കും. Heavey metal poisoning എന്ന സാഹചര്യം ശരീരത്തിന് പ്രതികൂലമാണ്. മനുഷ്യരുടെയും മൃഗങ്ങളുടേയും മറ്റും ശരീരത്തില്‍ എത്തുന്ന രസം ശരീരത്തില്‍ നിന്നും പുറത്തു പോകുവാന്‍ മടിക്കുനതിനാല്‍ അവ ശരീരത്തില്‍ ഏറെ നാള്‍ നിന്ന് ജൈവ പ്രവര്‍ത്തനത്തിന്‍റെ  താളം തെറ്റിക്കും. രസത്തിന്‍റെ സാനിധ്യത്തില്‍  സസ്യങ്ങള്‍  കരിഞ്ഞു വീഴുവാന്‍ കൂടുതല്‍ സമയം എടുക്കുന്നില്ല.(മലബാർ സ്വർണ്ണ ഗോഡൗൺ അടച്ചുപൂട്ടാനുള്ള സമരത്തിന്റെ പ്രസക്തി എത്ര ഗൗരവതരമാണ് എന്ന് ഇവിടെ ഓർക്കുക)


മണ്ണില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കുവാന്‍ ഉപയോഗിക്കുന്ന Sodium Cyanide ഉം അപകടകാരി തന്നെ . അവക്കൊപ്പം Zinc ഉം ഉപയോഗിക്കാറുണ്ട്.  സ്വര്‍ണ്ണ ഖനനത്തില്‍ രസ ഉപയോഗം വിവിധ രാജ്യങ്ങള്‍ ഒഴിവാക്കി കഴിഞ്ഞു.


കേരളത്തിലെ നദികളില്‍ വെച്ച് ഏറ്റവും അധികം സമരങ്ങള്‍ക്ക് സാക്ഷിയായ ചാലിയാര്‍ പുഴയെ പ്രതികൂലമായി ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ഒന്നായി സ്വര്‍ണ്ണഖനനം മാറുമ്പോള്‍ വിഷയത്തോട് അനങ്ങാ പാറ സമീപനം തുടരുന്ന ബന്ധപെട്ടവര്‍ എത്രയും വേഗം മണല്‍ അരിക്കല്‍ അവനിപ്പിക്കുവാന്‍ ഉതകുന്ന നടപടികൾ കൈകൊള്ളുവാൻ ഇനി  എങ്കിലും വൈകരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment