ചെങ്ങോട്ട് മലയെ പൊട്ടിച്ച് കൊണ്ട് പോകാൻ ക്വാറി മാഫിയയെ അനുവദിക്കില്ല ; ഖനന വിരുദ്ധ പ്രമേയം ഗ്രാമസഭ പാസാക്കി




കോഴിക്കോട് ചെങ്ങോട്ടുമലയില്‍ ഖനനം നടത്തരുത് എന്നാവശ്യപ്പെട്ടുള്ള പ്രമേയം ഗ്രാമസഭ പാസാക്കി. കോട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭയിലാണ് പ്രമേയം പാസായത്. ഒന്നിനെതിരെ 331 വോട്ടുകള്‍ക്കായിരുന്നു പ്രമേയം പാസായത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചെങ്ങോട്ടുമലയില്‍ ഖനനമനുവദിക്കരുത് എന്നാവശ്യപ്പെട്ട് ചേര്‍ന്ന പ്രത്യേക ഗ്രാമസഭ നേരത്തെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഖനനാനുകൂലികള്‍ അലങ്കോലപ്പെടുത്തിയ ഗ്രാമസഭക്ക് പകരം ഇന്ന് വന്‍ പൊലീസ് സാന്നിധ്യത്തില്‍ ചേര്‍ന്ന ഗ്രാമസഭയിലാണ് ഖനനവിരുദ്ധ പ്രമേയം പാസായത്. കരിങ്കല്‍ ഖനനത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രദേശവാസികളില്‍ നിന്നുണ്ടായത്.


മഞ്ഞള്‍ കൃഷിക്ക് എന്ന പേരില്‍ ഡെല്‍റ്റാ ഗ്രൂപ്പ് കൈവശപ്പെടുത്തിയ ഭൂമിയില്‍ വന്‍തോതില്‍ കരിങ്കല്‍ ഖനനത്തിന് പദ്ധതിയിടുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സമര രംഗത്തിറങ്ങിയത്.  ചെങ്ങോടുമലക്ക് ചുറ്റും കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 4, 16, 15 വാർഡുകളിൽ ഉൾപ്പെടുന്ന നരയംകുളം, ചെടിക്കുളം, കൂട്ടാലിട, ആവറാട്ട്മുക്ക്, മൂലാട് പ്രദേശങ്ങളും കായണ്ണ പഞ്ചായത്തിലെ പാറച്ചുവട്, പുതിയോട്ടും കുഴി പ്രദേശവും നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പുളിയോട്ട് മുക്ക്, തിരുവോട്ടു കണ്ടി പ്രദേശവും സ്ഥിതി ചെയ്യുന്നു. ഏകദ്ദേശം രണ്ടായിരം കുടുംബങ്ങളോളം ചെങ്ങോടുമലക്ക് ചുറ്റിലും താമസിക്കുന്നുണ്ട്.

 


ഇവരുടെ വീട്ടുവളപ്പിലെ കിണറുകളിലെ ഉറവ ചെങ്ങോടു മലയിൽ നിന്ന് ഉദ്ഭവിക്കുന്നതാണ്. മരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഈ മല നശിച്ചാൽ പ്രദേശത്ത് കുടിനീര് കിട്ടാക്കനിയാവും ക്രഷർ ഉൾപ്പെടെ വന്നാലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ വേറെയും ഉണ്ടാവും. ഇവിടെ ക്വാറി മാഫിയ പിടിമുറുക്കിയാൽ ജനച്ച നാടും ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടിവരുമെന്നാണ് ഇവിടുത്തെ ഗ്രാമവാസികൾ ഭയക്കുന്നത്. അതുകൊണ്ടാണ് നാട് മുഴുവൻ സമരത്തിൽ അണിനിരക്കുന്നതെന്ന് സമരസമിതി പറയുന്നു. 

 


 ഒരു വർഷം മുമ്പ് വരെ റോഡ് സൗകര്യമില്ലാത്ത അവികസിത പ്രദേശമായിരുന്ന ചെങ്ങോട്ട് മലയിൽ ആറു മാസം മുമ്പ് ഒരു സെന്റിന് പരമാവധി 10000 രൂപ ലഭിക്കുന്ന സ്ഥലത്തിന് ഉടമയെ അങ്ങോട്ടു സമീപിച്ച് 40000 മുതൽ 55000 രൂപ വരെ കൊടുത്ത് ക്വാറി കമ്പനി സ്ഥലം സ്വന്തമാക്കുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ കുപ്രസിദ്ധ ക്വാറി ഗ്രൂപ്പായ ഡെൽറ്റ ഗ്രൂപ്പാണ് ഇങ്ങനെ സ്ഥലം വാങ്ങിക്കൂട്ടിയത്. 100 ഏക്കറോളം സ്ഥലമാണ് ഡെൽറ്റ കമ്പനി ഇവിടെ സ്വന്തമാക്കിയിരിക്കുന്നത്. ദുരൂഹത തേടി നാട്ടുകാരിൽ ചിലർ ഇറങ്ങിയപ്പോൾ പ്രദേശത്ത് മഞ്ഞൾ കൃഷി നടത്തുകയാണെന്നാണ് കമ്പനി ആദ്യം അറിയിച്ചത്.

 


കമ്പനി പാരിസ്ഥിതികാനുമതിക്ക് വേണ്ടി ജിയോളജിയിൽ സമർപ്പിച്ച പ്രോജക്ടിന്റെ പകർപ്പ് നാട്ടുകാർ സംഘടിപ്പിച്ചപ്പോഴും മഞ്ഞൾ കൃഷി മാത്രമാണെന്ന് പറഞ്ഞ് കമ്പനി നോട്ടീസിറക്കി പത്രത്തിന്റെ കൂടെ നാട്ടിൽ മുഴുവൻ വിതരണം നടത്തി. പ്രദേശവാസികളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നൽകുമെന്നും നാട്ടിൽ തൊഴിലവസരമുണ്ടാക്കുന്നത് വികസന വിരോധികളായ ചിലർ തടസ്സപ്പെടുത്തുകയാണെന്നുമാണ് നോട്ടീസിൽ കമ്പനി പറഞ്ഞത്. ക്വാറിക്കെതിരെയുള്ള എതിർപ്പ് ഇല്ലാതാക്കാൻ സ്ത്രീകൾ ഉൾപ്പെടെ 200 ഓളം  പേർക്ക് കമ്പനി ചെങ്ങോടുമലയിൽ കാർഷിക മേഖലയിൽ തൊഴിൽ നൽകുകയും ചെയ്തു. ക്വാറി നടത്താൻ പാരിസ്ഥിതികാനുമതി ലഭിച്ചതോടെ നാട്ടുകാർ നരയംകുളം മംഗൾപാണ്ഡെ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരം ശക്തമാക്കുകയായിരുന്നു. 

 

 

ചെങ്ങോടുമല പരിസ്ഥിതി ദുർബല പ്രദേശമാണെന്നും അവിടെ ഖനനം നടത്തണമെങ്കിൽ വിദഗ്ദ്ധപഠനം നടത്തണമെന്നും പറയുന്ന അഞ്ച് റിപ്പോർട്ടുകളാണ് പുറത്തുവന്നത്. കോട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി: കലക്ടർ, കോട്ടൂർ വില്ലേജോഫീസർ, പഞ്ചായത്ത് ജൈവ വൈവിധ്യ മോണിറ്ററിംഗ് കമ്മിറ്റി, എന്നിവർ മേലധികാരികൾക്ക് നൽകിയ റിപ്പോർട്ടിലാണ് ചെങ്ങോടു മലയുടെ പ്രാധാന്യം എടുത്ത് പറയുന്നത്. കൂടാതെ  ചെങ്ങോടുമലയിൽ ക്വാറി തുടങ്ങാൻ ജില്ലാ പാരിസ്ഥിതികാഘാത നിർണയ സമിതി (DEIAA) നൽകിയ അനുമതി പുന:പരിശോധിക്കണമെന്ന് ഡിവിഷൽ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ ജില്ലാകലക്ടർക്ക് നൽകിയ കത്തിലും പറയുന്നു. ഖനനത്തിനെതിരെ ചെങ്ങോടു മല സംരക്ഷണ വേദി നൽകിയ നിവേദനത്തിൽ പ്രാഥമികാന്വേഷണം നടത്തിയപ്പോൾ ഈ പ്രദേശത്ത് ഖനനം പാരിസ്ഥിതികാഘാത മുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതായി ഡി. എഫ്. ഒ കത്തിൽ പറയുന്നു. 

 


ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താൻ ഡെൽറ്റ ഗ്രൂപ്പിന് പാരിസ്ഥിതികാനുമതി നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്നും ജില്ലാ പരിസ്ഥിതി ആഘാത നിർണ്ണയ വിലയിരുത്തൽ സമിതി (DEIAA)യിലെ വിദഗ്ധനില്ലാതെയാണ് അനുമതി നൽകിയതെന്നും സമിതി ആരോപിക്കുന്നു.  ഈ പ്രദേശത്തെ ഖനനത്തിനായുള്ള അപേക്ഷ ജില്ല പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി  പരിഗണിച്ചപ്പോൾ  കമ്മിറ്റിയിലെ അംഗങ്ങളായ സി. ഡബ്ല്യു. ആർ. ഡി. എ, ഇസെഡ്. എസ്. ഐ എന്നീ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരൊ ജലസംരക്ഷണം, വന സംരക്ഷണം, തുടങ്ങിയ മേഖലകളിൽ പ്രാവിണ്യമുള്ളവരോ  ഇല്ലാതെയാണ് പ്രദേശത്ത് പരിശോധന നടത്തിയത് എന്നും സമരസമിതി ആരോപിക്കുന്നു. 

 


നാട്ടുകാരുടെ ശക്തമായ സമരത്തോടൊപ്പം കട്ടിപ്പാറയിലെ ഉരുൾപൊട്ടലും വന്നതോടെ ചെങ്ങോടുമല ഖനനത്തിന് നൽകിയ പാരിസ്ഥിതികാനുമതി പുന: പരിശോധിക്കാൻ ജില്ലാ കലക്ടർ തയ്യാറായിരിക്കുകയാണ്. കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപന ശേഷം ഡെൽറ്റ കമ്പനി ക്വാറി അനുമതിക്ക് വേണ്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഇതു കൊണ്ടു തന്നെ കലക്ടറുടെ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണന്ന് നാട്ടുകാർ ആരോപിക്കുന്നു. അനുമതി പുന:പരിശോധനക്ക് പറഞ്ഞ സാഹചര്യത്തിൽ ആദ്യത്തെ അനുമതി വെച്ചു കൊണ്ട് പഞ്ചായത്തിന്റെ ലൈസൻസിന് സമീപിക്കാൻ പാടില്ലെന്നിരിക്കെ കമ്പനി ലൈസൻസിന് അപേക്ഷിച്ചത് ദുരൂഹമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.  സി. ഡബ്ല്യു. ആർ. ഡി. എം, സുവോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിൽ നിന്ന് വിദഗ്ധർ വന്ന് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

 

 

ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭയും ചെങ്ങോടുമല കരിമ്പാല സമുദായ ഊരുകൂട്ടവും കരിങ്കൽ ഖനനത്തിനെതിരെ നേരത്തെ പ്രമേയം പാസാക്കിയിരിന്നു. പ്രമേയമവതരിപ്പിക്കുന്ന സ്പെഷ്യൽ ഗ്രാമസഭയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ചെങ്ങോടുമലയിലും പരിസര പ്രദേശങ്ങളിലും 50 ഓളം ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളും കാവുകളും മലയിലുണ്ട്. ക്വാറി വന്നാൽ ഇതെല്ലാം നശിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഇവർക്ക് കുടിവെള്ളം ലഭിക്കുന്ന ജലനിധി പദ്ധതിക്കും ക്വാറി ഭീഷണിയാണ് എന്ന് സമരസമിതി ചൂണ്ടിക്കാണിക്കുന്നു. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment