ചേക്കുട്ടി ; ചേറിനെ അതിജീവിച്ച കേരളത്തിന്റെ സ്വന്തം കുട്ടി




ചേക്കുട്ടി എന്ന ചേറിനെ അതിജീവിച്ച കുട്ടി കേരളത്തിൽ തരംഗമാവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ഒറ്റ മനസോടെ നേരിട്ട കേരളത്തിന്റെ അതിജീവനത്തിന്റെ മറ്റൊരു മുഖമായി മാറുകയാണ് ചേക്കുട്ടി. ചേന്ദമംഗലത്തെ കൈത്തറി ഗ്രാമങ്ങളിൽ വെള്ളം കയറിയപ്പോൾ നഷ്ടപെട്ടത് ലക്ഷകണക്കിന് രൂപയുടെ സ്വപ്ങ്ങൾ ആണ്, അധ്വാവും പ്രതീക്ഷയുമാണ് .  വെള്ളം കയറി ഉപയോഗശൂന്യമായ കൈത്തറി തുണിത്തരങ്ങള്‍ അണുവിമുക്തമാക്കി കൊച്ചിയിലെ സൗഹൃദകൂട്ടായ്മ ഒരുക്കുന്ന പാവക്കുട്ടികൾ ആണ് ചേക്കുട്ടി. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായങ്ങൾക്ക് പരിധിയുണ്ടെന്നും ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളെ സ്വന്തം കാലിൽ അന്തസ്സോടെ നില്ക്കാൻ സഹായിക്കണമെന്നുമുള്ള ചിന്തയിൽ നിന്നാണ് ചേക്കുട്ടിയുടെ പിറവി. കൊച്ചി സ്വദേശികളായ ദ് ബ്ലൂ യോണ്ടര്‍ എന്ന ട്രാവല്‍ കമ്പനി ഉടമ ഗോപിനാഥ് പാറയിലും ഫാഷന്‍ ഡിസൈനറായ ലക്ഷ്മി മേനോനും ചേര്‍ന്നാണ് ‘ചേക്കുട്ടി’ എന്ന ആശയം നെയ്ത്തുകാരുടെ മുന്നില്‍ എത്തിച്ചത്.

 


ഈ ആശയത്തെ കേരളം ഹൃദയത്തിൽ ഏറ്റു വാങ്ങിയിരിക്കുകയാണ് ഇപ്പോൾ. 25 രൂപയാണ് ഓരോ ചേക്കുട്ടിയുടെയും വില. 1500 രൂപ വില വരുന്ന ഒരു ചേന്ദമംഗലം കൈത്തറി സാരിയിൽ നിന്ന് 360 ചേക്കുട്ടിപ്പാവകളെയാണ് ഉണ്ടാക്കാൻ പറ്റുന്നത്. 9000 രൂപ ഒരു സാരിയിൽ നിന്ന് സമ്പാദിക്കാനാകുന്നു. ഈ തുക, പ്രളയത്തിൽ മുങ്ങിയ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന്റെ പുനർജീവനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. കേടായ തുണിത്തരങ്ങൾ മാലിന്യക്കൂമ്പാരത്തിലേക്ക് വരുന്നുമില്ല, കിട്ടുമായിരുന്ന തുകയുടെ ആറിരട്ടി സമ്പാദിക്കാനുമാകുന്നു. ഇങ്ങനെയാണ് ചേക്കുട്ടി എന്ന ആശയം മഹത്തരമാകുന്നത്. 

 

ഓരോ മലയാളിയും ഒരു ചേക്കുട്ടിയെ എങ്കിലും സ്വന്തമാക്കണം. ഒരുപക്ഷേ, നമ്മുടെ ആയുസ്സിൽ ഇനിയൊരിക്കലും നേരിടേണ്ടി വരാൻ സാദ്ധ്യതയില്ലാത്ത ഒരു ചരിത്രസംഭവത്തിന്റെ അടയാളവും ഓർമ്മയും കൂടെയാണ് ചേക്കുട്ടി. നമുക്കത് വാഹനങ്ങളിൽ തൂക്കാം, ബാഗുകളിൽ തൂക്കാം, ഷോകേസുകളുടെ ഭാഗമാക്കാം.ചേക്കുട്ടിയുടെ ഭംഗി മുറിപ്പാടുകൾ ആണ്.ചേക്കുട്ടിയുടെ ഭംഗി അതിൽ പറ്റിപ്പിടിച്ചിരുന്നേക്കാവുന്ന കറകൾ ആണ് കാരണം,ചേക്കുട്ടി വെള്ളപ്പൊക്കത്തിനെ അതിജീവിച്ച നമ്മൾ തന്നെയാണ്.ചേക്കുട്ടി മുന്നോട്ടു പോകാനുള്ള നമ്മുടെ സ്വപ്ങ്ങൾക്ക് ഊർജ്ജം പകരുന്ന ഓർമ്മപ്പെടുത്തൽ ആണ്. ചേക്കുട്ടി സ്നേഹമാണ്, സന്തോഷമാണ്, കരുതലാണ്. ചേക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിൽ പറയുന്നു. 

 

ചേക്കുട്ടി പാവകൾ ഓൺലൈനിലും വാങ്ങാൻ അവസരമൊരുക്കിയിട്ടുണ്ട്. 20 എണ്ണം ഒരുമിച്ചാണ് ഓൺലൈനിൽ വാങ്ങേണ്ടത്. ആശയം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മലയാള സൈബർ ലോകവും കേരളവും  ചേക്കുട്ടിയെ ഏറ്റെടുത്ത് കഴിഞ്ഞു. അസാധാരണമായ പ്രതികരണമാണ് ചേക്കുട്ടി എന്ന ആശയത്തിന് ലഭിച്ചത്. പൂർണ്ണ സമയം നിർമ്മാണത്തിന്റെ തിരക്കുകളിൽ ആയതിനാൽ അത് കൊണ്ട് തന്നെ ഇനി സെപ്റ്റംബർ 28 ന് ശേഷം മാത്രമേ ചേക്കുട്ടി വില്പനയ്ക്ക് എത്തിക്കാൻ കഴിയൂ എന്ന അവസ്ഥയാണ്. 

 

പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി മാറുകയാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു.  വിവിധ മേഖലകളിൽ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകും. സ്റ്റാർട് അപ് മിഷനുകളുമായി ചേർന്ന് ഇത്തരം പദ്ധതികൾ കണ്ടെത്താൻ ഐടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പ്രളയത്തിൽ മുങ്ങിയ, ചേറിനെ അതിജീവിച്ച കേരളത്തിന്റെ സ്വന്തം കുട്ടിയായി മാറുകയാണ് ചേക്കുട്ടി. അതിജീവനത്തിന്റെ മറ്റൊരു കേരള മാതൃകയായി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment