ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിക്കുന്ന ചെമ്പന്മുടി ക്വാറി അടച്ച് പൂട്ടണം




പത്തനംതിട്ട ജില്ലയിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ദീർഘകാലമായി അടഞ്ഞ് കിടന്നിരുന്ന റാന്നി താലൂക്കിലെ നാറാണംമൂഴി പഞ്ചായത്തിൽ കാവുങ്കൽ ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിൽ ഉള്ള ചെമ്പന്മുടി ക്വാറി വീണ്ടും പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട കളക്ടർ ഇടപെട്ട് നിർത്തിവെപ്പിച്ച ഖനനം കോവിഡ് കാലത്ത് അതി തീവൃമായി തുടരുമ്പോൾ, ചെമ്പനോലി മലയും സമീപ പ്രദേശവും ഭീതിയിലാണ്ടുകൊണ്ടിരിക്കുകയാണ് .


വലിയ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ദീർഘ കാലം അടഞ്ഞു കിടക്കുകയായിരുന്നു ക്വാറി. ഈ മടയുടെ തൊട്ടടുത്ത് 300 അടിയെങ്കിലും താഴ്ചയിൽ കോളനി സ്ഥിതി ചെയ്യുന്നു. സമീപ പ്രദേശത്തെെ ഏതാണ്ട് 9 ഓളം കുട്ടികൾ കാൻസർ ബാധിതരാവുകയും ഒരു കുട്ടി കാൻസർ ബാധമൂലം മരിക്കുകയും ചെയ്തതിന്റെ ഭാഗമായി നടന്ന പ്രക്ഷോഭത്തെ തുടർന്ന് അന്നത്തെ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചശേഷം ക്വാറിക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകുകയുണ്ടായി. 


തുടർന്ന് ആ പ്രദേശത്തു തന്നെ നടന്ന മെഡിക്കൽ ക്യാമ്പിൽ പ്രദേശത്ത് കാൻസർ ലക്ഷണങ്ങൾ കാണിക്കുന്ന150 പേരെ കൂടി കണ്ടെത്തി. ദീർഘനാൾ അടഞ്ഞു കിടന്ന ക്വാറിയിൽ നിന്ന്  പൊട്ടിച്ചു കിടന്ന കല്ലുകൾ നീക്കം ചെയ്യാനുള്ള അനുമതി കോടതിയിൽ നിന്ന് വാങ്ങിയെടുത്തു കൊണ്ട് ക്രമേണ ഉദ്യോഗസ്ഥ സഹായത്തോടെ പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ് കാലത്ത് ഖനനത്തിൻ്റെ തീവൃത വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.


ഈ ക്വാറിയോട് ചേർന്ന് വലിയ കിഴുക്കാം തൂക്കായ കൊക്കപോലെ ഉള്ള സ്ഥലത്ത് ഏതാണ്ട് 300 ഓളം അടി താഴ്ചയിൽ ഒരു പട്ടികജാതി കോളനിയും തുടർന്ന് 100 കണക്കിന് വീടുകളും സ്ഥിതി ചെയ്യുന്നു.വരാൻ പോകുന്ന മഴ കാലങ്ങളിൽ  വലിയ അപകട സാധ്യത ഉള്ള ഇടമായി പ്രദേശം മാറിക്കഴിഞ്ഞു. ജില്ലയിലെ ദുരന്ത നിവാരണത്തിന്റെ ഭാഗമായി അതീവ ശ്രദ്ധ ഉണ്ടാവേണ്ട മലയാണ് ചെമ്പനോലി മല.


അത്തിക്കയം - നാറാണംമൂഴി ഭാഗത്തെ പമ്പാ നദിയിലേക്ക് ഒഴുകി എത്തുന്ന നീരുറവകൾക്ക് ഖനനം ഭീഷണിയായി മാറിക്കഴിഞ്ഞു. പെരുനാട് ,നാറാണംമൂഴി പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ വർദ്ധിക്കുവാൻ ഇടയാക്കുന്ന ഖനനം പരിസ്ഥിതി പ്രധാനമായ പെരിയാർ കടുവാ- ആന സങ്കേതത്തിൻ്റെ  ബഫർ സോണിൽ ശക്തി പകരുന്ന പ്രദേശമാണ്.


നാടിനപകടകരമായ ഫലങ്ങൾ വരുത്തിവെക്കുന്നു എന്നു മനസ്സിലാക്കി,  പത്തനംതിട്ട കളക്ടർ ഇടപെട്ട് നിർത്തിവെപ്പിച്ച ഖനനം ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുകയാണ്. ഈ പ്രവർത്തി നിർത്തിവെപ്പിക്കാൻ റവന്യൂ, വ്യവസായ, അഭ്യന്തര വകുപ്പുകൾ നടപടികൾ വേണ്ട നടപടികൾ എടുക്കുകയും ഇതുസംബന്ധിച്ച് പത്തനംതിട്ട കളക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്യണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിക്ക് വേണ്ടി ബിജു.വി.ജേക്കബ് ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment