സപ്ലൈകോ ഓണച്ചന്തകൾ വഴി വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കാൻസറിന് കാരണമാകുന്ന റോഡമിൻ : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്




സപ്ലൈകോ ഓണചന്തകൾ വഴി വില്‍പന നടത്തിയ ഭക്ഷ്യവസ്തുക്കളിൽ മാരക രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായി ഭക്ഷ്യ സുരക്ഷവകുപ്പിന്റെ കണ്ടെത്തല്‍. മല്ലി, തുവര പരിപ്പ് തുടങ്ങിയവയിലാണ് കാന്‍സറിന് കാരണമാകുന്ന റോഡമിന്‍ ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ചേര്‍ത്തതായി തെളിഞ്ഞത്. ഇവ വിതരണം ചെയ്ത കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ഇവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭക്ഷ്യ സുരക്ഷകമ്മീഷണര്‍ സപ്ലൈകോയ്ക്ക് കത്തയച്ചു.സപ്ലൈകോയിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ വിഭാഗം സാംപിളുകളെടുത്ത് പരിശോധനയ്ക്ക് അയച്ചത്.

 


തുവര, മല്ലി എന്നിവയുടെ പരിശോധനയിൽ മാരകമായ അളവിൽ റോഡമിൻ ബി എന്ന രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച തുവരപരിപ്പില്‍ കണ്ടെത്തിയത് കാന്‍സറിന് കാരണമാകുന്ന റോഡമിന്‍ ബി എന്ന രാസവസ്തുവായിരുന്നു. ഗുണനിലവാരമില്ലാത്ത തുവരപരിപ്പിന്റ നിറം കൂട്ടാനായാണ് നിരോധിച്ച റോഡമിന്‍ ചേര്‍ക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തന്നെ ശേഖരിച്ച മല്ലിയിലും ആരോഗ്യത്തിന് ഹാനികരമായ സള്‍ഫര്‍ ഡയോക്‌സൈഡിന്റ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോട്ടയം ജില്ലയിലെ ഒരു ഓണചന്തയില്‍ നിന്ന് ശേഖരിച്ച മല്ലിയിൽ  600 ഗ്രാം മല്ലിയില്‍ മാത്രം തിളക്കം കൂട്ടാനായി  732.37 മില്ലിഗ്രാം സള്‍ഫര്‍ ഡയോക്‌സൈഡ് ആണ്  ചേര്‍ത്തിരുന്നത്. പത്തനംതിട്ടയില്‍ നിന്ന് ശേഖരിച്ച മല്ലിയില്‍ 511.61, കൊല്ലത്ത് 166.09 മില്ലിഗ്രാം വീതവും സള്‍ഫര്‍ ഡയോക്‌സൈഡ് കണ്ടെത്തിയിട്ടുണ്ട്.

 

മായം കലര്‍ത്തിയതായി കണ്ടെത്തിയ മുഴുവന്‍ സാധനങ്ങളും തിരിച്ചെടുത്ത് നശിപ്പിക്കണമെന്നാണ്  ഭക്ഷ്യസുരക്ഷവിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ വിതരണം ചെയ്തവരെ കരിമ്പട്ടിയില്‍പെടുത്തണമെന്നും കമ്പനികളുടെ വിവരങ്ങള്‍ എത്രയും വേഗം കൈമാറണമെന്നും ഭക്ഷ്യസുരക്ഷവിഭാഗം സപ്ലൈകോ എം.ഡിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment