ഇരുട്ടിന്റെ മറവിൽ മലയിടിച്ച് പൂമലച്ചാൽ നികത്താൻ മാഫിയാ ശ്രമം




ഇരുട്ടിന്റെ മറവിൽ ചെങ്ങന്നൂരിലെ മല ഇടിച്ച് പൂമലചാൽ നികത്താൻ വീണ്ടും  മാഫിയാ ശ്രമം. നേരത്തെ മണ്ണിട്ട് നികത്താൻ ശ്രമം നടന്നതിന് പിന്നാലെ ഇവിടെ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇത് നിലനിൽക്കെയാണ് പോലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥന്മാരുടെയും കണ്ണ് വെട്ടിച്ച് തണ്ണീർത്തടം നികത്താൻ ശ്രമം നടന്ന് വന്നിരുന്നത്. വീണ്ടും ശ്രമം നടക്കുന്നതിനിടെ ഒരു സംഘം കഴിഞ്ഞ ദിവസം റവന്യൂ സംഘത്തിന്റെ പിടിയിലായി.


ചെങ്ങന്നൂർ ആല, വെണ്മണി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മല ഇടിച്ച് മണ്ണെടുക്കുകയും തണ്ണീർത്തടങ്ങൾ നികത്താൻ ശ്രമിക്കുകയും ചെയ്‌ത മണ്ണ് മാന്തിയന്ത്രവും ലോറികളുമാണ് റവന്യൂ സംഘം പിടികൂടിയത്. കോടുകുളഞ്ഞി പാറച്ചന്തയ്ക്ക് സമീപത്ത് നിന്നും ഒരു ലോറിയും മണ്ണ് മാന്തിയന്ത്രവും പൂമാലചാൽ നികത്തുന്നതിനിടെ രണ്ട് ലോറികളുമാണ് പിടികൂടിയത്. 


പ്രദേശത്തെ ആറ് സെന്റോളം തണ്ണീർത്തടം ഇതിനോടകം നികത്തി കഴിഞ്ഞു. മല ഇടിക്കൽ മൂലം പ്രദേശത്ത് വലിയ രീതിയിൽ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നുണ്ട്. മുൻപ് ബോക്സൈറ്റ് കലർന്ന ഇവിടുത്തെ മണ്ണ് മാഫിയ വൻതോതിൽ തമിഴ്‌നാട്ടിലേക്ക് കടത്തിയിരുന്നു. മാഫിയയുടെ പിടിയിലമർന്നതോടെ ധാതു നിക്ഷേപമുള്ള ഇത്തരം  മലകളും അപ്രത്യക്ഷമായി.


താലൂക്കിൽ അനധികൃത മണ്ണെടുപ്പും മണൽ വാരലും രൂക്ഷമായതോടെ ഇവരെ കണ്ട് പിടിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ലോറികളും മണ്ണ് മാന്തിയന്ത്രവും പിടികൂടിയത്. ആർ ഡി ഒയുടെ നിർദേശ പ്രകാരം തഹസിൽദാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment