തൊഴിലാളി പ്രശ്‌നം ഉയർത്തി തകർത്ത് കളയേണ്ടതാണോ ചെങ്ങോട് മല




കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട് മല ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരായ ജനങ്ങളുടെ സമരം ഒരു സവിശേഷ ഘട്ടത്തിലേക്ക് പ്രവേശിക്കേണ്ട സന്ദർഭമാണിത്. കോട്ടൂർ പഞ്ചായത്തിലെയും തൊട്ടടുത്ത പഞ്ചായത്തുകളിലെയും നിരവധി സ്പെഷൽ ഗ്രാമസഭകളിൽ ഏറെക്കുറെ ഏകകണ്ഠമായി ജനങ്ങൾ ഖനന നീക്കത്തിനെതിരെ പ്രമേയം പാസ്സാക്കിയെടുത്തിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർടികൾക്കും പഞ്ചായത്ത് ഭരണ സമിതിക്കും നിർവാഹമില്ലാതെ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സ്ഥിതി ഉടലെടുത്തു. എന്നിട്ടും "തൊഴിലാളി പ്രശ്നം" എന്നൊക്കെ പറഞ്ഞ് കൊടി കെട്ടിയ " തൊഴിലാളി വർഗ്ഗ നേതാക്കൾ " ക്വാറി മുതലാളിക്കു വേണ്ടി വീറോടെ വാദിച്ചുകൊണ്ടിരുന്നു.


ഇപ്പോൾ, മെയ് 7ന് പഞ്ചായത്ത് സെക്രട്ടറിയെ ചീഫ് സെക്രട്ടറി തലസ്ഥാനത്തേക്ക് ഹിയറിങ്ങിന് വേണ്ടി വിളിപ്പിച്ചിരിക്കുന്നു!! നേരത്തെ ഡൽറ്റ കമ്പനി ക്വാറിക്ക് വേണ്ടി D & O ( Dangerous and offensive) ലൈസൻസിന് വേണ്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അപേക്ഷയിലെ അപര്യാപ്തതകൾ ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് തിരിച്ചയച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ ക്വാറി ഉടമകൾ റിട്ട് സമർപ്പിച്ചു. ഈ കേസിൽ പഞ്ചായത്ത് കക്ഷി ചേർന്നപ്പോൾ 2019-20 കാലയളവിലേക്ക് ഏകജാലകം വഴി അപേക്ഷിക്കാമെന്ന് പറഞ്ഞ് റിട്ട് പിൻവലിച്ചു. എന്നാൽ പഴയ അപേക്ഷയെ മുൻനിർത്തി തന്നെ സംസ്ഥാന സർക്കാറിൽ സ്വാധീനം ചെലുത്തി D & O ലൈസൻസ് നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഹിയറിംഗ്. (ഇവിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച ഒരു പ്രശ്നം ഉയരുന്നുണ്ട്, അതവിടെ നിൽക്കട്ടെ) ഒരു നാട്ടിലെ ജനങ്ങളുടെ ഇഛയ്ക്കും തീരുമാനത്തിനും വില കൽപ്പിക്കാതെയാണ് മാഫിയ സ്വഭാവം നിരവധി ഘട്ടങ്ങളിൽ വെളിവാക്കിയ ഡൽറ്റയ്ക്ക് വേണ്ടി ഈ നീക്കം എന്നത് ഗൗരവമുള്ളതാണ്.


മെയ് 8 ന് യൂറോപ്പ് സന്ദർശിക്കാൻ പോവുന്ന മുഖ്യമന്ത്രിയെ അനുഗമിക്കുന്ന ചീഫ് സെക്രട്ടറി ധൃതി പിടിച്ച് തൊട്ടുതലേ ദിവസം തന്നെ ഈ ഹിയറിങ്ങിന് സമയം കണ്ടെത്തിയിരിക്കുന്നു (20 ന് ശേഷം മാത്രമേ സംഘം തിരിച്ചെത്തുകയുള്ളൂ) !!! നമ്മുടെ ഭരണ സംവിധാനം എത്ര കാര്യക്ഷമമാണ്!!! എല്ലാം ശരിയാവുന്നുണ്ട് !!!!


2-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ നരയംകുളത്തെ ജനങ്ങൾക്ക് നൽകിയ ചില ഉറപ്പുകളുണ്ട്. സർക്കാരും തന്റെ പാർടിയും ക്വാറിക്കെതിരെ ഉണ്ടാവുമെന്നായിരുന്നു അത്. ഈ ഹിയറിങ്ങിന്റെ കാര്യത്തിൽ മോഹനന്റെ അഭിപ്രായമറിയാൻ താല്പര്യമുണ്ട്. പിണറായി വിജയൻ സർക്കർ അധികാരമേറ്റടുത്തപ്പോൾ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് ക്വാറിയുടെ ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറയ്ക്കുക എന്നതായിരുന്നു. പി.വി.അൻവറിനെ പോലുള്ളവരാണല്ലോ നിയമസഭാ പരിസ്ഥിതി കമ്മറ്റി നയിക്കുന്നത് !!!  


പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണം മലകൾ തുരന്നെടുത്തും വയലുകൾ നികത്തിയും തന്നെയാകണം. നേരിട്ട ദുരന്തങ്ങളിൽ നിന്ന് ഒരു പാഠവും പഠിക്കില്ലെന്ന് എത്ര ഭംഗിയായാണ് ഭരിക്കുന്നവർ കാട്ടിത്തരുന്നത്? 


ഏത് നെറികെട്ട മാർഗവും ഡൽറ്റ പയറ്റുമെന്ന് നമുക്കറിയാം. എന്നാൽ രാഷ്ട്രീയ അടിമത്തം കൊണ്ട് വഞ്ചിതരാവാൻ നിന്നു തരില്ലെന്ന് മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തെ പഠിപ്പിക്കാൻ കഴിയുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു ജനത 'രാഷ്ട്രീയം' ഉൾക്കൊള്ളുന്നത്.


എഴുത്ത്: എ. പ്രകാശൻ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment